Connect with us

Wayanad

വയനാട്ടില്‍ വീണ്ടും കടുവാ ആക്രമണം; രണ്ട് പേര്‍ക്ക് പരുക്ക്‌

Published

|

Last Updated

സുല്‍ത്താന്‍ബത്തേരി:വയനാട്ടില്‍ വീണ്ടും കടുവയിറങ്ങി. വാകേരി മൂടക്കൊല്ലിയില്‍ കടുവയുടെ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. പൂതാടി പഞ്ചായത്തിലെ വാകേരി മൂടക്കൊല്ലി ഭാഗത്താണ് കടുവയുടെ ആക്രമണത്തില്‍ വാകേരി താഴത്തങ്ങാടി പുളിമുട്ടീല്‍ ബിനു, സിസി സ്വദേശിയായ വാസു എന്നിവര്‍ക്ക് ഗുരുതരമായി പരുക്കേറ്റത്. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കടുവയെ ഇന്നലെ വൈകിട്ട് ആറരയോടെ മയക്ക് വെടിവെച്ച് പിടികൂടി. കടുവയെ കൂട്ടിലാക്കി സംഭവ സ്ഥലത്ത് നിന്ന് കൊണ്ടുവന്നെങ്കിലും നാട്ടുകാര്‍ വഴിയില്‍ രാത്രി വൈകിയും തടഞ്ഞിട്ടിരിക്കുകയാണ്. കടുവയുടെ ആക്രമണത്തില്‍ പരുക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചവരുടെ ചികിത്സ പൂര്‍ണമായും വനം വകുപ്പ് വഹിക്കണമെന്നാവശ്യപ്പെട്ടാണ് തടഞ്ഞത്. ഇതിനിടെ പോലീസെത്തി ലാത്തിവീശി ഇവരെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ശ്രമം പരാജയപ്പെടുകയായിരുന്നു. ഇതിനിടെ ചിലര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ക്ഷുഭിതരായ നാട്ടുകാര്‍ വനം വകുപ്പിന്റെ രണ്ട് വാഹനം തകര്‍ത്തു.മൂടക്കൊല്ലി പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടുവയുടെ ആക്രമണത്തില്‍ വളര്‍ത്തുമൃഗങ്ങള്‍ ചത്തിരുന്നു. കടുവയുടെ ആക്രമണത്താലാവാം വളര്‍ത്തുമൃഗങ്ങള്‍ ചാകുന്നതെന്ന പരിഭ്രാന്തി പടരുന്നതിനിടെയാണ് ഇന്നലെ രാവിലെ ജനങ്ങളെ ആശങ്കയിലാഴ്ത്തി പ്രദേശത്ത് കടുവയെത്തിയത്. മൂടക്കൊല്ലി മാവത്ത് ശിവന്റെ ഭൂമിയിലാണ് ഇന്നലെ കടുവയിറങ്ങിയത്. ജനവാസ കേന്ദ്രമായ പ്രദേശത്തെ ഒരു പന്നിയെയും വളര്‍ത്തുനായയെയും കടുവ പിടികൂടുകയും ചെയ്തു. ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ പി രഞ്ജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം രാവിലെ മുതല്‍ പ്രദേശത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികള്‍ വിലയിരുത്തി വരുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പൂതാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഐ ബി മൃണാളിനിയും വിവിധ രാഷ്ട്രീയ നേതാക്കളും പോലീസ് അധികൃതരും സ്ഥലത്തെത്തി. കഴിഞ്ഞ ഡിസംബറില്‍ ആഴ്ചകളോളം ബത്തേരി മേഖലയെ ഭീതിയിലാഴ്ത്തിയ കടുവയെ ഒടുവില്‍ വെടിവെച്ചുകൊന്നിരുന്നു. ഇതിനിടെ വീണ്ടും കടുവ പ്രത്യക്ഷപ്പെട്ടെങ്കിലും വനം വകുപ്പ് പെട്ടെന്ന് കൂട്ടിലാക്കിയതിനാല്‍ പ്രശ്‌നങ്ങള്‍ ഒഴിവാകുകയായിരുന്നു.

 

---- facebook comment plugin here -----

Latest