ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണം തള്ളാതെ മുഖ്യമന്ത്രി

Posted on: March 7, 2013 12:15 am | Last updated: March 7, 2013 at 12:15 am
SHARE

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ ഉയര്‍ന്ന ആരോപണം തള്ളിക്കളയാതെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിവാദം സംബന്ധിച്ച് ഇപ്പോള്‍ ഒന്നും പറയാനില്ലെന്നും എന്നാല്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ ആദ്യം മാധ്യമപ്രവര്‍ത്തകരെ അറിയിക്കുമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇത് സംബന്ധിച്ച ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ഉണ്ടായിട്ടും പിടിതരാതെ ഒഴിഞ്ഞു മാറുകയായിരുന്നു മുഖ്യമന്ത്രി. ‘നിങ്ങള്‍ എത്ര കൃത്യമായി ചോദിച്ചാലും മറുപടി പറയില്ലെ’ന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
അതേസമയം ഗണേഷ്‌കുമാറിനെതിരെ പരസ്യമായി ആരോപണം ഉന്നയിച്ച പി സി ജോര്‍ജിനോടുള്ള അതൃപ്തി മുഖ്യമന്ത്രി മറച്ചു വെച്ചില്ല. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ മിതത്വം പാലിക്കണമെന്നായിരുന്നു ഇതു സംബന്ധിച്ച ചോദ്യങ്ങളോടുള്ള പ്രതികരണം. ആരോപണം സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചീഫ് വിപ്പിനോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്നണി യോഗത്തില്‍ വിവാദം ചര്‍ച്ച ചെയ്യുമോ എന്ന ചോദ്യത്തിന് ഇക്കാര്യം അജന്‍ഡയില്‍ ഇല്ലെന്നും എന്നാല്‍ ആര്‍ക്കും ഏതു പ്രശ്‌നവും യോഗത്തില്‍ ഉന്നയിക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മന്ത്രിയെ നീക്കണമെന്നാവശ്യപ്പെട്ട് കേരള കോണ്‍ഗ്രസ് ബി കത്ത് നല്‍കിയിട്ടുണ്ടെന്നും അത് യു ഡി എഫ് യോഗം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗണേഷിന്റെ ഭാര്യ യാമിനി തങ്കച്ചിയുമായുള്ള കൂടിക്കാഴ്ചയും നിഷേധിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല.