ബാറിലെ കൊലപാതകം: പ്രതിക്ക് ജീവപര്യന്തം

Posted on: March 7, 2013 12:11 am | Last updated: March 7, 2013 at 12:11 am
SHARE

കൊല്ലം: കൊട്ടാരക്കര ആകാശ് ബാറിലെ ബാര്‍മാന്‍ പത്തനംതിട്ട പെരുനാട് കക്കാട് വാലുപുരയിടത്തില്‍ ഗോപകുമാറിനെ(35) കൊലപ്പെടുത്തിയ കേസില്‍ പ്രതി അനൂപ് ഖാനെ(23) ജീവപര്യന്തം കഠിന തടവിന് ശിക്ഷിച്ചു കൊണ്ട് കൊല്ലം ഫാസ്റ്റ്ട്രാക്ക് കോടതി-രണ്ട് ജഡ്ജി എസ് സന്തോഷ്‌കുമാര്‍ വിധി പുറപ്പെടുവിച്ചു.
ഐ പി സി 302-ാം വകുപ്പ് അനുസരിച്ച് ജീവപര്യന്തം കഠിനതടവും 1,00,000 രൂപ പിഴയും, 394-ാം വകുപ്പ് അനുസരിച്ച് രണ്ട് വര്‍ഷം കഠിന തടവും 10,000 രൂപ പിഴയും തെളിവ് നശിപ്പിച്ച കുറ്റത്തിന് ഒരു വര്‍ഷം കഠിന തടവും 5,000 രൂപ പിഴയുമാണ് വിധിച്ചത്. പിഴയില്‍ നിന്നും 1,00,000 രൂപ ഗോപകുമാറിന്റെ ഭാര്യ സജിനിക്ക് നല്‍കാന്‍ കോടതി ഉത്തരവായി.
2010 ഡിസംബര്‍ 21ന് രാത്രിയിലാണ് കൊട്ടാരക്കര ആകാശ് ബാറിലെ എ സി മുറിയില്‍ ഗോപകുമാറിനെ കഴുത്തില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഗോപകുമാറിന്റെ 4,500 രൂപയും മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്തിരുന്നു. ലോക്കല്‍ പോലീസ് അന്വേഷിച്ച കേസ് പിന്നീട് ക്രൈം ബ്രാഞ്ചിന് കൈമാറുകയായിരുന്നു.