Connect with us

Thiruvananthapuram

മുന്നാക്ക സമുദായ കമ്മീഷന്‍ സ്ഥിരം സ്റ്റാറ്റിയൂട്ടറി ബോഡി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നാക്ക സമുദായ കമ്മീഷന്‍ സ്ഥിരം സ്റ്റാറ്റിയൂട്ടറി ബോഡിയാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇത് സംബന്ധിച്ച നടപടികള്‍ക്ക് നിയമ വകുപ്പിനെ ചുമതലപ്പെടുത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പട്ടിക ജാതി/വര്‍ഗ വികസന കോര്‍പ്പറേഷന്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിന് തീരുമാനിച്ചു. പി ഡബ്ല്യു ഡിയുടെ അധീനതയില്‍ കാക്കനാടുള്ള 33 ഏക്കര്‍ ഭൂമിയില്‍ 17.315 ഏക്കര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന് നല്‍കാന്‍ തീരുമാനിച്ചു. വിപണി വിലയുടെ അടിസ്ഥാനത്തില്‍ ഏകദേശം 83 കോടി രൂപയാണ് ഭൂമിക്ക് വില വരുക.
പുതുതായി അനുവദിച്ച 11 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ക്കും തലസ്ഥാനത്തെ ജഗതി ആശുപത്രിയിലുമായി മൊത്തം 96 തസ്തികകള്‍ സൃഷ്ടിക്കും. എട്ട് തസ്തികകള്‍ വീതമാണ് ഓരോയിടങ്ങളിലും സൃഷ്ടിക്കപ്പെടുക. വികസന ബ്ലോക്കുകളില്‍ ഓരോ അസിസ്റ്റന്റ് എന്‍ജിനീയര്‍മാരുടെ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനമായി. എം പി ഫണ്ട്, എം എല്‍ എ ഫണ്ട്, പ്രകൃതിദുരന്ത നിവാരണ ഫണ്ട്, പി എം ജി എസ് വൈ എന്നിവ വഴിയുള്ള പ്രവര്‍ത്തനങ്ങളെല്ലാം നിലവില്‍ വികസന ബ്ലോക്കുകള്‍ വഴിയാണ് ചെയ്തു വരുന്നത്. സുകുമാര്‍ അഴീക്കോടിന്റെ തൃശൂരുള്ള വീടും സ്ഥലവും 51.25 ലക്ഷം രൂപക്ക് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു. പുസ്തക ശേഖരം ഉള്‍പ്പടെയുള്ള വീട് സാസ്‌കാരിക വകുപ്പാണ് ഏറ്റെടുക്കുക.