അടിയന്തരാവസ്ഥ മതത്തിന്റെ രൂപത്തിലും വരാമെന്ന് കമല്‍

Posted on: March 7, 2013 12:09 am | Last updated: March 7, 2013 at 12:09 am
SHARE

കൊച്ചി: ആവിഷ്‌കാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് കേരളത്തില്‍ സമീപ കാലത്ത് ഉയര്‍ന്ന വിവാദങ്ങള്‍ അപകടകരവും സാംസ്‌കാരിക അടിയന്തരാവസ്ഥയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുന്നതുമാണെന്ന് സംവിധായകന്‍ കമല്‍. അടിയന്തരാവസ്ഥ രാഷ്ട്രീയത്തിന്റെ രൂപത്തില്‍ മാത്രമല്ല മതത്തിന്റെ രൂപത്തിലും വരാമെന്ന് അദ്ദേഹം പറഞ്ഞു. മാധ്യമ രംഗം കച്ചവടവത്കരിക്കപ്പെട്ടതാണ് അനാവശ്യ വിവാദങ്ങള്‍ക്ക് വഴിതുറക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള ഹൈകോര്‍ട്ട് അഡ്വക്കറ്റ്‌സ് അസോസിയേഷന്‍ കലോത്സവമായ ‘വര്‍ണ വിസ്മയം 2013’ ഉദ്ഘാടനം ചെയ്യുകയായിരുന്നു കമല്‍. ആവിഷ്‌കാര സ്വാതന്ത്ര്യം എന്തും പറയാനുള്ള സ്വാതന്ത്ര്യമല്ലെന്ന് പറയുന്ന സാംസ്‌കാരിക മന്ത്രിക്ക് എന്താണ് ആവിഷ്‌കാര സ്വാതന്ത്ര്യമെന്ന് തിരിച്ചു പറഞ്ഞു തരാനുള്ള ഉത്തരവാദിത്വമുണ്ട്. ഇത്തരം അഭിപ്രായ പ്രകടനങ്ങള്‍ അടിയന്തരാവസ്ഥയിലേക്ക് നമ്മള്‍ തിരിച്ചു പോകുകയാണോ എന്ന തോന്നലാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.