മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും പ്രതികളായ വിജിലന്‍സ് കേസ്: റവന്യൂ സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കി

Posted on: March 7, 2013 12:08 am | Last updated: March 7, 2013 at 12:08 am
SHARE

തൃശൂര്‍: സ്വകാര്യ മാനേജ്‌മെന്റ് കോളജിന് സര്‍ക്കാര്‍ ഭൂമി സൗജന്യമായി പതിച്ചു നല്‍കിയെന്ന പരാതിയില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമെതിരായ കേസില്‍ റവന്യു സെക്രട്ടറി വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
റിപ്പോര്‍ട്ട് സ്വീകരിച്ച കോടതി കേസ് ഈ മാസം 30ലേക്ക് മാറ്റിവെച്ചു. തൃശൂര്‍ സെന്റ് തോമസ്, സെന്റ് മേരീസ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് എന്നിവക്ക് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സൗജന്യമായി പതിച്ചു നല്‍കിയെന്നാണ് കേസ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മുന്‍ ചീഫ് സെക്രട്ടറി കെ ജയകുമാര്‍, മുന്‍ റവന്യു മന്ത്രിയും ഇപ്പോഴത്തെ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, റവന്യു സെക്രട്ടറി നിവേദിത പി ഹരന്‍, മുന്‍ റവന്യു മന്ത്രി കെ ഇ ഇസമാഈല്‍, മുന്‍ റവന്യു മന്ത്രിയും ഇപ്പോഴത്തെ ധനകാര്യ, നിയമ, ഭവന മന്ത്രിയുമായ കെ എം മാണി, മുന്‍ റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍, തൃശൂര്‍ ജില്ലാ കലക്ടര്‍ പി എം ഫ്രാന്‍സിസ് തുടങ്ങിയവര്‍ക്കെതിരെ ഹിന്ദു ഐക്യവേദി ജില്ലാ സെക്രട്ടറി കെ കേശവദാസാണ് ഹരജി നല്‍കിയത്.
എന്‍ എസ് എസ്, എസ് എന്‍ ഡി പി സംഘടനകള്‍ക്ക് കീഴിലുള്ള സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സര്‍ക്കാര്‍ ഭൂമി അനുവദിച്ചിട്ടുണ്ടെന്നും അതേ മാനദണ്ഡമനുസരിച്ചാണ് സെന്റ് തോമസ്, സെന്റ് മേരീസ്, ക്രൈസ്റ്റ് കോളജുകള്‍ക്കും ഭൂമി അനുവദിച്ചതെന്നും ഇതില്‍ അധികാര ദുര്‍വിനിയോഗമോ അഴിമതിയോ ഇല്ലെന്നുമാണ് റവന്യു സെക്രട്ടറി റിപ്പോര്‍ട്ടില്‍ വിശദീകരിച്ചിരിക്കുന്നത്.
സര്‍ക്കാറിന് ലഭിക്കേണ്ട പാട്ട കുടിശ്ശികയായ 3,46,23,446 രൂപ എഴുതിത്തള്ളി പൊതുഖജനാവിന് നഷ്ടം വരുത്തുകയും സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന ഭൂവില പ്രകാരം 142 കോടി 82 ലക്ഷം രൂപ വിലമതിക്കുന്ന 17 ഏക്കര്‍ 21.70 സെന്റ് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി സ്ഥാപനങ്ങള്‍ക്ക് പതിച്ചു നല്‍കിയതിലൂടെ 1,46,28,23,446 രൂപയുടെ നഷ്ടപ്പെടുത്തിയെന്നും അധികാര ദുര്‍വിനിയോഗവും അഴിമതിയും നടത്തിയെന്നും ആരോപിച്ചാണ് ഹരജി.