തമിഴ്‌നാട് ബസുകള്‍ കേരളത്തില്‍ നിന്ന് ഡീസലടിച്ച് ലാഭം കൊയ്യുന്നു

Posted on: March 7, 2013 12:02 am | Last updated: March 7, 2013 at 12:02 am
SHARE

പാലക്കാട്;ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് സംസ്ഥാനത്ത് കെ എസ് ആര്‍ ടി സി അടച്ച് പൂട്ടലിന്റെ വക്കിലെത്തി നില്‍ക്കുമ്പോള്‍ തമിഴ്‌നാട് സര്‍ക്കാര്‍ ബസുകള്‍ കേരളത്തില്‍ നിന്ന് ഡീസല്‍ അടിച്ച് ലാഭം കൊയ്യുന്നു. സംസ്ഥാനത്തെ സ്വകാര്യ പെട്രോള്‍ പമ്പുകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ കൂടുതല്‍ വിലയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ കെ എസ് ആര്‍ ടി സിയില്‍ നിന്ന് ഈടാക്കുന്നത്. സ്വകാര്യ പെടോള്‍ പമ്പുകള്‍ക്ക് 50.30 രൂപക്ക് ഡീസല്‍ നല്‍കുമ്പോള്‍ കെ എസ് ആര്‍ ടി സിയില്‍ നിന്ന് 63.32 രൂപയാണ് ഈടാക്കുന്നത്. തമിഴ്‌നാട്ടിലെ വിലയേക്കാള്‍ സംസ്ഥാനത്തെ സ്വകാര്യ പമ്പുകളില്‍ 60 പൈസ കുറവാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ സംസ്ഥാനത്തെ സ്വകാര്യപെട്രോള്‍ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കാന്‍ തീരുമാനമെടുത്തത്. തമിഴ്‌നാട്ടില്‍ നിന്ന് സംസ്ഥാനത്തേക്ക് സര്‍വീസ് നടത്തുന്ന എല്ലാ ബസുകളും കേരളത്തിലെ സ്വകാര്യ പമ്പുകളില്‍ നിന്നാണ് ഡീസല്‍ അടിക്കുന്നത്. വാളയാര്‍ ചുരം കടന്നെത്തുന്ന ബസുകള്‍ സൗകര്യം പോലെ കേരളത്തില്‍ നിന്ന് ഡീസലടിക്കുന്ന കാഴ്ച പതിവായിരിക്കുകയാണ്. കേരളത്തില്‍ നിന്ന് ഡീസലടിക്കാന്‍ തുടങ്ങിയതോടെ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന് ഇന്ധനയിനത്തില്‍ ലക്ഷങ്ങളുടെ ലാഭമാണ് ഉണ്ടായിരിക്കുന്നതെന്ന് തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് അധികൃതര്‍ സമ്മതിക്കുന്നു. കര്‍ണാടകയിലും ഡീസലിന് വില കേരളത്തേക്കാള്‍ കൂടുതലാണ്. തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ തന്ത്രം അറിഞ്ഞതോടെ കര്‍ണാടക ബസുകളും കേരളത്തില്‍ നിന്നാണ് ഡീസല്‍ നിറക്കുന്നത്. അതേസമയം കേരളമാകാട്ടെ ഇതു പോലൊരു പരീക്ഷണത്തിന് മുതിരാതെ ഇപ്പോഴും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ നിന്ന് കൂടിയ വിലക്ക് വാങ്ങുകയാണ്.