Connect with us

Palakkad

പച്ചക്കറി വില കുതിച്ചുയരുന്നു

Published

|

Last Updated

പാലക്കാട്‌: കടുത്ത വരള്‍ച്ച കാരണം കൃഷി നശിച്ചതിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ വിപണിയില്‍ പച്ചക്കറി വില കുതിച്ചുയരുന്നു. രണ്ടാഴ്ച കൊണ്ട് ഇരട്ടിയിലേറെ വര്‍ധനയാണുണ്ടായിരിക്കുന്നത്. 15 രൂപക്ക് രണ്ടാഴ്ച മുമ്പ് വാങ്ങിയ ബീന്‍സിന് 40 രൂപയാണിപ്പോള്‍. വെണ്ടക്ക കിലോ 25 രൂപയാണ് വിപണി വില. രണ്ടാഴ്ച മുമ്പ് 6 രൂപയായിരുന്ന വെള്ളരിക്കക്ക് 18 രൂപയാണ് ഇപ്പോള്‍.
തമിഴ്‌നാട്ടില്‍ വരള്‍ച്ച, വിളനാശം എന്നിവ കാരണം വരവ് നിലച്ചതോടെ മൊത്ത വ്യാപാരികള്‍ കൂട്ടത്തോടെ കര്‍ണാടകയില്‍ നിന്നാണ് പച്ചക്കറി വാങ്ങുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് കിലോക്ക് ഒന്നര രൂപ ചെലവില്‍ ലഭിക്കുന്ന പച്ചക്കറി കര്‍ണാടകയില്‍ നിന്നാകുമ്പോള്‍ നാല് രൂപയായി ഉയരുമെന്നാണ് വ്യാപാരികള്‍ പറയുന്നത്. ഇത് മൂലമാണ് പച്ചക്കറികള്‍ക്ക് വില കുത്തനെ കൂടുന്നതത്രെ. ഈ മാസം കഴിയുന്നതോടെ കര്‍ണാടകയില്‍ പച്ചക്കറി സീസണ്‍ അവസാനിക്കുകയാണ്. പിന്നെ പച്ചക്കറി കിട്ടാക്കനിയാകും.സംസ്ഥാനത്ത് വരള്‍ച്ചയെ തുടര്‍ന്ന് നെല്‍ കൃഷി ഉണങ്ങിയിരിക്കുകയാണ്. കാല്‍ ഭാഗം നെല്‍കൃഷി മാത്രമേ ഇത്തവണ ലഭിച്ചുള്ളൂ. ഇത് മൂലം അരിക്കും വില ഇരട്ടിയാകും. അതോടൊപ്പം പച്ചക്കറിക്കും ഇറച്ചിക്കും വില കൂടുന്നതോടെ ജനങ്ങള്‍ക്ക് വളരെയേറെ ബുദ്ധിമുട്ടാണ് അനുഭവപ്പെടുക. പച്ചക്കറി വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സ്ഥാപനമായ ഹോര്‍ട്ടികോര്‍പ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. തമിഴ്‌നാട്ടിലെ മൊത്ത വ്യാപാരികളില്‍ നിന്ന് വാങ്ങുന്ന പച്ചക്കറി ഇരട്ടിയിലധികം ലാഭമെടുത്താണ് ഹോര്‍ട്ടികോര്‍പ്പ് വിപണനം നടത്തുന്നത്. വരള്‍ച്ചയും കൃഷിനാശവും കാരണം കേരളത്തില്‍ നിന്ന് ആവശ്യത്തിന് പച്ചക്കറി കിട്ടാതായതോടെ തമിഴ്‌നാട്ടിലെ മൊത്തവ്യാപാരികളില്‍ നിന്ന് നേരിട്ട് പച്ചക്കറിയെടുത്താണ് ഹോര്‍ട്ടികോര്‍പ്പ് പ്രധാനമായും വിപണനം നടത്തുന്നത്.തമിഴ്‌നാട്ടില്‍ മൊത്തവ്യാപാരികള്‍ കിലോക്ക് 25 രൂപക്ക് വാങ്ങുന്ന ബീന്‍സ് ഹോര്‍ട്ടികോര്‍പ്പ് ചില്ലറ വില്‍പ്പനശാലകളില്‍ വില്‍ക്കുന്നത് 56 രൂപക്കാണ്. ഉരുളക്കിഴങ്ങ്, ക്യാരറ്റ്, വെണ്ടക്ക, മുരിങ്ങ, ബീറ്റ്‌റൂട്ട് ഇങ്ങനെ മലയാളികളുടെ അടുക്കളയിലെ സ്ഥിരം വിഭവങ്ങള്‍ക്കെല്ലാം കിലോക്ക് 12 മുതല്‍ 15 വരെ രൂപ ലാഭമെടുത്താണ് ഹോര്‍ട്ടികോര്‍പ്പിന്റെ വില്‍പ്പന. വിപണി വില പിടിച്ചുനിര്‍ത്തേണ്ട ഹോര്‍ട്ടികോര്‍പ്പ് തന്നെ ഇരട്ടി ലാഭത്തിന് കച്ചവടം നടത്തുമ്പോള്‍ പൊതുവിപണിയിലെ കച്ചവടക്കാര്‍ വില കൂട്ടുന്നതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്നാണ് ഉപഭോക്താക്കള്‍ ചോദിക്കുന്നത്.