പ്രോഫ്‌കോണ്‍: മലപ്പുറത്തേക്കോ കോഴിക്കോട്ടേക്കോ?

Posted on: March 6, 2013 1:40 pm | Last updated: March 6, 2013 at 1:40 pm
SHARE

profcon

മുസ്‌ലിംകള്‍ക്കിടയില്‍ ഐക്യമുണ്ടാക്കാനെന്ന പേരില്‍ നവോത്ഥാന കുപ്പായമണിഞ്ഞ് ഖബര്‍ ചര്‍ച്ചകള്‍ക്കുള്ളില്‍ സമുദായ ധിഷണയെ മറവ് ചെയ്യാന്‍ ശ്രമിച്ച മുജാഹിദുകള്‍ എട്ട് പതിറ്റാണ്ട് പൂര്‍ത്തിയാക്കും മുമ്പ് രണ്ടായി പിളര്‍ന്നു. മുസ്‌ലിം സമൂഹത്തെ ഒന്നടങ്കം ബഹുദൈവവിശ്വാസികളാക്കുകയും വിശുദ്ധ ഭൂമികളിലെ ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുകയും കഅ്ബയും റൗളയും കൊള്ളയടിക്കുകയും ത്വാഇഫിലും കര്‍ബലയിലും മുസ്‌ലിംകളെ കൂട്ടക്കുരുതി നടത്തുകയും സ്വഹാബികളുടെ ജാറങ്ങള്‍ തകര്‍ക്കുകയും ചെയ്ത വഹാബിസത്തിന്റെ പിന്‍ഗാമികളാണ് ഇവരില്‍ ഒരു വിഭാഗം മുജാഹിദുകള്‍. ഇബ്‌നു അബ്ദുല്‍ വഹാബാണ് അവരുടെ സ്ഥാപക നേതാവ്. ഇവര്‍ മൗലവി ഗ്രൂപ്പ് എന്നറിയപ്പെടുന്നു.

എന്നാല്‍ ഖുര്‍ആനിലും ഹദീസിലും സ്ഥിരപ്പെട്ട ജിന്ന്, സിഹ്‌റ്, മന്ത്രം, ബറകത് എന്നിവയെ അവ യുക്തിക്ക് നിരക്കാത്തതാണ് എന്ന് കാരണം പറഞ്ഞ് നിഷേധിക്കുകയും പടിഞ്ഞാറുനോക്കികളായ ശാസ്ത്ര പൂജകരെ അന്ധമായി അനുകരിക്കുകയും ചെയ്ത് ഇസ്‌ലാമിനെ പാശ്ചാത്യവത്കരിക്കാന്‍ ശ്രമിക്കുന്നവരാണ് മറ്റൊരു വിഭാഗം. ഇവര്‍ മടവൂര്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്നു. ഇവരുടെ താത്വിക നേതാവ് ഖുര്‍ആനില്‍ അല്ലാഹുവിന് പിഴവ് പറ്റി എന്ന് വ്യംഗ്യമായി സൂചിപ്പിച്ച റശീദ് രിളയാണ.്
എന്നാല്‍ മൗലവി ഗ്രൂപ്പ് ഇപ്പോള്‍ വീണ്ടും പിളര്‍ന്നിരിക്കുകയാണ് ജിന്നൂരികള്‍ എന്നും ജിന്ന് വിരുദ്ധര്‍ എന്നുമാണ് ഇവര്‍ അറിയപ്പെടുന്നത്. പ്രൊഫഷനല്‍ വിദ്യാര്‍ഥികളെ ചാക്കിലാക്കാന്‍ വേണ്ടി ജിന്നൂരികള്‍ മലപ്പുറത്തും ജിന്നുവിരുദ്ധര്‍ കോഴിക്കോട്ടും പ്രോഫ് കോണ്‍ സംഘടിപ്പിച്ചിരിക്കുകയാണിപ്പോള്‍. ഈ രണ്ട് വിഭാഗങ്ങളുടെയും വാദങ്ങള്‍ ഹ്രസ്വമായി പരിചയപ്പെടുക.
മലപ്പുറത്തേക്ക്
പോകുന്നവര്‍
1. മരുഭൂമിയില്‍ കുടുങ്ങിയാലും നടുക്കടലില്‍ അകപ്പെട്ടാലും പരിസരത്ത് ഉണ്ടായേക്കാന്‍ ഇടയുള്ള ജിന്ന്, മലക്, പിശാചുക്കളെ വിളിച്ചു കൊണ്ട് അവരുടെ കഴിവില്‍പ്പെട്ട കാര്യങ്ങളില്‍ സഹായം തേടുന്നത് (മറ്റു മുജാഹിദുകളുടെ ഭാഷയില്‍ വിളിച്ചു പ്രാര്‍ഥിക്കുന്നത്) ശിര്‍ക്ക് അെല്ലന്ന് പ്രചരിപ്പിക്കുന്നു.
2. താമരശ്ശേരി ചുരത്തിലെ ആറാം വളവില്‍ നിന്ന് ബസിന്റെ ബ്രേക്ക് പൊട്ടിയാല്‍ പൂര്‍ത്തിയാകുമായിരുന്ന ആദ്യ കാല തൗഹീദ് വളവുകള്‍ പതിനായിരങ്ങള്‍ കഴിഞ്ഞാലും വാഹനം ഇരുന്നൂറ് പ്രാവശ്യം മറിഞ്ഞാലും പൂര്‍ത്തിയാകാതെ കിടക്കുന്നല്ലോ എന്ന സുന്നികളുടെ ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ ഉഴറുന്നു.
3. പ്രതിസന്ധി ഘട്ടങ്ങളില്‍ പോലും ജിന്ന് , മലക്കുകളോട് തേടുന്നത് ശിര്‍ക്കല്ലെന്ന് വാദിക്കുക വഴി മക്കാ മുശ്‌രിക്കുകളേക്കാളും കടുത്ത ശിര്‍ക്കില്‍ അകപ്പെട്ടു പോയില്ലേ എന്ന മറു വിഭാഗത്തിന്റെ ചോദ്യത്തിന്റെ മുന്നിലും ചൂളിപ്പോകുന്നു.
4. ജിന്ന് മനുഷ്യ ശരീരത്തില്‍ കയറുമെന്ന് വിശ്വസിക്കുന്നു. അത് ചികിത്സിച്ചു മാറ്റാന്‍ സകരിയ്യ സലാഹി, മുജാഹിദ് ബാലുശ്ശേരി, ഡോ.സുബൈര്‍ എന്നിവര്‍ വടി, സി.ഡി, എന്നിവയുമായി കാത്തിരിക്കുന്നു.
5. മൂത്രമൊഴിക്കുമ്പോഴും ചുടുവെള്ളമൊഴിക്കുമ്പോഴും മേശ വലിപ്പ് നീക്കുമ്പോഴും കസേര നീക്കിയിടുമ്പോഴും, ജിന്നുകളെന്ന സൂക്ഷ്മ ജീവികളുടെ ശരീരത്തില്‍ തട്ടുമോയെന്ന് കരുതി, തട്ടിയാല്‍ പ്രതികരിക്കുമോ എന്ന് കരുതി ഭയപ്പാടോടെ ജീവിക്കുന്നു.
6. വിഗ്രഹങ്ങള്‍ പാല്‍ കുടിക്കുന്നു എന്ന കഥ ശരിയാണെന്നും രാത്രി കാലങ്ങളില്‍ ജിന്നുകള്‍ ഭര്‍ത്താവിന്റെ കോലം സ്വീകരിച്ച് വീടുകളില്‍ പാര്‍ത്തും പതുങ്ങിയും എത്തുമെന്നും വിശ്വസിക്കുന്നു.
7. എല്ലാ രോഗങ്ങള്‍ക്ക് പിന്നിലും ഒരു കാരണം പിശാചാണ്. തലവേദനയും പനിയുമെല്ലാമുണ്ടാക്കുന്നത് പിശാചാണെന്ന് പ്രസംഗിക്കുന്നു.
8. പുളിക്കല്‍, ചെറുവാടി എന്നിവടങ്ങളില്‍ യുവതീയുവാക്കളെ ജിന്ന് ഇറക്കുന്നതിന്റെ ഭാഗമായി മാരകമായി പീഡിപ്പിച്ചതായി പരാതികള്‍ ഉയര്‍ന്നു.
9. കണ്ണേറിന് കോണക ചികിത്സ നിര്‍ദേശിക്കുന്ന ഗള്‍ഫ് സലഫികളെ കണ്ണേറ്, ജിന്ന്ബാധ തുടങ്ങിയ വിഷയങ്ങളില്‍ സ്വീകരിക്കണമെന്ന് പഠിപ്പിക്കുന്നു. (ആരുടെ കണ്ണാണോ തട്ടിയത് അവന്റെ അടിവസ്ത്രം വെള്ളത്തിലിട്ട് പിഴിഞ്ഞെടുത്ത് അത് കണ്ണേറ് ബാധിച്ചവനെ കുടിപ്പിക്കുക. ഇതാണ് കോണക ചികിത്സ. സ്വാലിഹ് ഉസൈമിന്റെ ഫത്‌വ ഉദ്ധരിച്ച് എം ഐ മുഹമ്മദലി സുല്ലമി ‘ഗള്‍ഫ് സലഫിസവും മുജാഹിദ് പ്രസ്ഥാനവും’ എന്ന പുസ്തകത്തില്‍ ഇക്കാര്യം പറഞ്ഞിട്ടുണ്ട്(പേ. 68)
10. ജിന്ന് സിഹ്‌റുകളെ ശിര്‍ക്കന്‍ വിശ്വാസമായി ചിത്രീകരിക്കുന്ന പഴയകാല മുജാഹിദ് തൗഹീദ് തെറ്റാണെന്ന് പ്രചരിപ്പിക്കുകയും അതില്‍ നിന്ന് തൗബ ചെയ്ത് ജിന്ന് പിശാചുക്കളെ ഉള്‍പ്പെടുത്തി ‘തൗഹീദ് 2007’ രൂപവത്കരിക്കുകയും ചെയ്തു.
11. യൂനിറ്റ് തോറും ജിന്ന് ക്ലിനിക്കുകള്‍ ആവശ്യമാണെന്ന് മനസ്സിലാക്കുകയും ജിന്ന് സ്‌പെഷ്യലിസ്റ്റുകളെ വാര്‍ത്തെടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.
12. പള്ളികള്‍ക്ക് മുകളില്‍ നിന്ന് ജിന്ന് സിഹ്‌റ് ചികിത്സകള്‍ പൊടിപൊടിക്കുന്നു.
കോഴിക്കോട്ടേക്ക്
പോകുന്നവര്‍
1. ജിന്ന് പിശാചുക്കളുടെ വിശ്വാസത്തെ ശിര്‍ക്കായി ചിത്രീകരിക്കുന്ന പഴയകാല തൗഹീദ് വലിച്ചെറിയുകയും ‘തൗഹീദ് 2007’ രൂപവത്കരിക്കുകയും ചെയ്തു. അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അതില്‍ അപാകമുണ്ടെന്ന് കണ്ടെത്തുകയും 2013-ല്‍ തൗഹീദിന്റെ പുതിയ വേര്‍ഷന്‍ വിപണിയിലിറക്കുകയും ചെയ്തു.
2. അഞ്ച് കൊല്ലം ശിര്‍ക്കിനെ തൗഹീദായി മനസ്സിലാക്കുകയും അത് കേരളത്തിലുടനീളം പ്രചരിപ്പിക്കുകയും ചെയ്തതിന്റെ പേരില്‍ എല്ലാവര്‍ക്കും വേണ്ടി അനസ് മൗലവി തൗബ ചെയ്തു.
3. മണ്ണാര്‍ക്കാട് മുതല്‍ തലശ്ശേരി വരെയുള്ള മുഴുവന്‍ സുന്നി, മുജാഹിദ് സംവാദങ്ങളിലും തങ്ങള്‍ക്ക് തൗഹീദ് പഠിപ്പിക്കാന്‍ കൂടെ കൊണ്ടുനടന്ന ജബ്ബാര്‍ മൗലവിയെ മക്കയിലേക്ക് വിഗ്രഹം കൊണ്ടുവന്ന അംറുബ്‌നുലുഹയ്യിനോട് താരതമ്യപ്പെടുത്തുകയും അങ്ങനെ അദ്ദേഹത്തെ വിഗ്രഹാരാധകനാക്കി ചിത്രീകരിക്കുകയും ചെയ്തു.
4. ‘യാ ഇബാദല്ലാഹി അഈനൂനീ’ എന്ന ഹദീസിന്റെ ആശയം ശിര്‍ക്കാണെന്നും അതു കൊണ്ട് തന്നെ ആ ഹദീസ് അനുസരിച്ച് പ്രവര്‍ത്തിച്ച ഇമാം നവവി, ഇമാം ത്വബ്‌റാനി, ഇമാം അഹ്മദ്ബ്‌നു ഹംബല്‍ തുടങ്ങിയവര്‍ മുശ്‌രിക്കുകളാണെന്നും പ്രചരിപ്പിക്കുന്നു.
5. പ്രസ്തുത ഹദീസ് പ്രചരിപ്പിക്കുകയും പ്രബലമാക്കുകയും അതില്‍ കുഴപ്പമില്ലെന്ന് പറയുകയും ചെയ്ത പണ്ഡിതരെല്ലാം (ഉദാ: ഇമാം ബൈഹഖി, ഇമാം നവവി, അല്ലാമാ ശൗകാനി…) എന്നിവരെല്ലാം ശിര്‍ക്കിന്റെ പ്രചാരകരെന്ന് വിശ്വസിക്കുന്നു.
6. പിശാചിന് ശാരീരോപദ്രവങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെങ്കിലും പ്രവാചകര്‍ക്ക് മാത്രമേ അത് മനസ്സിലാക്കാന്‍ കഴിയൂ എന്ന് വിശ്വസിക്കുന്നു.
7. എങ്കിലും ജിന്ന് ബാധക്ക് റുഖിയ്യ ശറഇയ്യ എന്ന ചികിത്സ ആകാമെന്ന് ഫത്‌വ നല്‍കി സ്വയം പ്രവാചക വേഷം കെട്ടുന്നു.
8. മറ്റു ചില സന്ദര്‍ഭങ്ങളില്‍, ജിന്ന് ബാധയുണ്ടെങ്കിലും ചികിത്സ അരുത് എന്ന് ഫത്‌വ കൊടുക്കുന്നു. അപ്പോള്‍ ജിന്ന് ബാധിച്ച മുജാഹിദുകളെ എന്തു ചെയ്യുമെന്ന ജിന്നൂരികളുടെ ചോദ്യത്തിനു മുന്നില്‍ ഉത്തരം മുട്ടുന്നു.
9. മറഞ്ഞ വഴിക്ക് മനുഷ്യന് ഉപദ്രവം ചെയ്യാന്‍ അല്ലാഹു അല്ലാത്തവര്‍ക്ക് കഴിയുമെന്ന് വിശ്വസിക്കുന്നവര്‍ക്ക് ശിര്‍ക്കാണെന്ന് വാദിക്കുന്നതോടൊപ്പം തന്നെ സിഹ്‌റ് (മാരണം) ഫലിക്കുമെന്നു വിശ്വസിക്കുന്നു (മാരണക്കാരന് മറഞ്ഞ വഴിക്ക് ഉപദ്രവിക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നു)
10. ജിന്നിനോട് സഹായം തേടല്‍ മറഞ്ഞ വഴിയാണെന്ന് വിശ്വസിക്കുന്നതോടൊപ്പം ജിന്ന് ബാധ തെളിഞ്ഞ വഴിയാണെന്ന് വിശ്വസിക്കുന്നു.
11. 2007 വരെ പുലര്‍ത്തിയിരുന്ന തൗഹീദ് തെറ്റാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ 2007ല്‍ പ്രാര്‍ഥനയിലെ പുതിയ നിര്‍വചനം വിപണിയില്‍ ഇറക്കുകയും 2013-ല്‍ അതും തെറ്റാണെന്ന് ബോധ്യപ്പെടുകയും തെറ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെങ്കിലും പുതിയ നിര്‍വചനം അറിയാതെ ഉഴറുന്നു.
(മേല്‍ പറഞ്ഞ മുഴുവന്‍ കാര്യങ്ങളുടെയും ഫോട്ടോ കോപ്പികളും ക്ലിപ്പുകളും ലഭ്യമാണ്)
ചുരുക്കത്തില്‍ തൗഹീദിനെ കുറിച്ച് രണ്ട് മുജാഹിദുകളും അങ്കലാപ്പിലാണ്. ഇരു കൂട്ടരും ജിന്ന് പിശാചുക്കളുടെ ദംഷ്ട്രകളില്‍ പെട്ട് തൗഹീദിനെ നിര്‍വചിക്കാനാകാതെ ഞെരിഞ്ഞമരുകയാണ്. ശിര്‍ക്ക് കളിയുടെ കയത്തില്‍ പെട്ട് ചാകുമ്പോഴും മുസ്‌ലിം മുഖ്യധാരയെയും പണ്ഡിതരെയും കാഫിറുകള്‍ എന്ന് വിളിച്ച് അരിശം തീര്‍ക്കുകയാണ് വഹാബികള്‍. ഇനി പ്രൊഫ്‌കോണിലേക്ക് പോകാന്‍ തീരുമാനച്ച പ്രഫഷനല്‍ വിദ്യാര്‍ഥികളോട് ഒരു ചെറിയ ചോദ്യം. നിങ്ങള്‍ എവിടേക്കാണ് പോകുന്നത്? മലപ്പുറത്തേക്കോ കോഴിക്കോട്ടേക്കോ?