Connect with us

Kerala

ടി പി വധക്കേസ്: നിര്‍ണായക സാക്ഷി കൂറുമാറി

Published

|

Last Updated

കോഴിക്കോട്:ആര്‍ എം പി നേതാവ് ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ നിര്‍ണായക സാക്ഷി ടി കെ സുമേഷ് കൂറുമാറി പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കി. ടി പിയെ വധിക്കാനുള്ള ഗൂഢാലോചനയെക്കുറിച്ച് അറിയാമെന്ന് താന്‍ നേരത്തെ മൊഴി നല്‍കിയത് പോലീസ് ഭീഷണിപ്പെടുത്തിയതിനാലാണെന്ന് സുമേഷ് അഡീഷനല്‍ സെഷന്‍സ് ജഡ്ജ് ആര്‍ നാരായണ പിഷാരടി മുമ്പാകെ മാറ്റിപ്പറഞ്ഞു. ടി പി വധക്കേസിലെ ഗൂഢാലോചന ഉള്‍പ്പെടെയുള്ള സംഭവങ്ങളില്‍ നിര്‍ണായക സാക്ഷിയായിരുന്നു സുമേഷ്. സുമേഷിന്റെ മൊഴിമാറ്റം കൊടിസുനി ഉള്‍പ്പെടെയുള്ള പ്രതികളെ സഹായിക്കാനാണെന്ന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ സി കെ ശ്രീധരന്‍ വാദിച്ചു. കൊലയാളി സംഘത്തിന്റെ അനുയായിയായ സുമേഷ് നേരത്തെ വടകര മജിസ്‌ട്രേറ്റിന് മുമ്പില്‍ കൊടുത്ത മൊഴികളെല്ലാം ഇന്നലെ പ്രത്യേക കോടതിയില്‍ നിഷേധിച്ചു. ടി പി ചന്ദ്രശേഖരനെ കേട്ടറിയാം എന്നാണ് സുമേഷ് ഇന്നലെ ബോധിപ്പിച്ചത്. ടി പി കൊല്ലപ്പെട്ട വിവരം പിറ്റേന്ന് പത്രവാര്‍ത്തയിലൂടെയാണ് അറിഞ്ഞതെന്നും ഇയാള്‍ പറഞ്ഞു. 2012 മെയ് നാലിന് രാത്രി പത്തേമുക്കാലോടെ കൊടി സുനി റഗീഷിന്റെ മൊബൈല്‍ ഫോണില്‍ വിളിച്ച് ടി പിയെ വെട്ടിയ വിവരം തന്നെ അറിയിച്ചെന്നും ടി വി നോക്കാന്‍ നിര്‍ദേശിച്ചെന്നും അപ്പോഴാണ് കൊലയെപ്പറ്റി അറിഞ്ഞതെന്നും സുമേഷ് നേരത്തെ മൊഴി കൊടുത്തിരുന്നു. ഈ മൊഴി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ വായിച്ചപ്പോള്‍ സുമേഷ് നിഷേ ധിച്ചു. സി പി എം പാനൂര്‍ ഏരിയാ കമ്മിറ്റി അംഗം പി കെ കുഞ്ഞനന്തനെയും ടി കെ രജീഷിനെയും അറിയില്ലെന്ന് ഇയാള്‍ പറഞ്ഞു. കേസിലെ പ്രതികളായ കിര്‍മാണി മനോജും അനൂപും ടി കെ രജീഷും രജികാന്തും കൊടി സുനിയുടെ മുറിയില്‍ ഒത്തുകൂടിയതായി കണ്ടിട്ടില്ല. കൊലക്ക് രണ്ട് ദിവസം മുമ്പ് ക്വാര്‍ട്ടേഴ്‌സിന് താഴെ ഒരു ഇന്നോവ കാര്‍ കൊണ്ടുവന്ന് നിര്‍ത്തിയിരുന്നെന്ന് താന്‍ പറഞ്ഞിട്ടില്ല. പത്ത് ദിവസം തന്നെ കസ്റ്റഡിയില്‍ വെച്ചെന്നും പ്രതികള്‍ക്കെതിരെ മൊഴി നല്‍കിയില്ലെങ്കില്‍ പുറംലോകം കാണിക്കില്ലെന്ന് പോലീസ് ഭീഷണിപ്പെടുത്തിയതായും സുമേഷ് മൊഴി നല്‍കി.