Connect with us

Editorial

പെരുകുന്ന പെണ്‍ഭ്രൂണഹത്യ

Published

|

Last Updated

ഭ്രൂണഹത്യ മനുഷ്യാവകാശലംഘനമാണെന്നും അത് നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും കേന്ദ്ര,സംസ്ഥാന ഭരണകൂടങ്ങളോട് സുപ്രീം കോടതി. ഭ്രൂണഹത്യ സംബന്ധിച്ചു പഞ്ചാബിലെ വളണ്ടറി ഹെല്‍ത്ത് അസോസിയേഷന്‍ നല്‍കിയ ഹരജിയില്‍ തീര്‍പ്പ് കല്‍പ്പിക്കവെ ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തുന്ന അള്‍ട്രോസോണോഗ്രാഫി ക്ലീനിക്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കാനും കോടതി ആവശ്യപ്പെട്ടിരിക്കയാണ്.
വലിയൊരു മാനുഷിക പ്രശ്‌നമായി മാറിയിരിക്കയാണ് ഇന്ന് പെണ്‍ഭ്രൂണഹത്യ. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം വഴി കുഞ്ഞ് ആണോ പെണ്ണോ എന്ന് കണ്ടെത്തി പെണ്ണാണെങ്കില്‍ ഭ്രൂണഹത്യ നടത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ രാജ്യത്ത് പെണ്‍കുഞ്ഞുങ്ങളുടെ എണ്ണം ഗണ്യമായി കുറഞ്ഞതായി സെന്‍സസ് കണക്കുകള്‍ ബോധ്യപ്പെടുത്തുന്നു. 2001ലെ സെന്‍സസില്‍ 1000 ആണ്‍കുട്ടികള്‍ക്ക് 927 പെണ്‍കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് 2011-ല്‍ 1000 ന് 914 പെണ്‍കുട്ടികളാണ് സെന്‍സസ് റിപ്പോര്‍ട്ട് രേഖപ്പെടുത്തുന്നത്. ഭ്രൂണഹത്യയാണ് ഈ കുറവിന് പ്രധാന കാരണമെന്ന് പഠനങ്ങള്‍ കാണിക്കുന്നു.
സ്ത്രീജനനം മാനക്കേടും അവലക്ഷണവുമായി കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു. ഭാര്യ പ്രസവിച്ചത് പെണ്‍കുഞ്ഞാണെന്നറിഞ്ഞാല്‍ ഭര്‍ത്താവിന്റെ മുഖത്ത് കിരനിഴല്‍ വീഴുകയും വിവരം ആരും അറിയാതിരിക്കാന്‍ ഉടന്‍ തന്നെ ജീവനോടെ കുഴിച്ചുമൂടുകയും ചെയ്യുന്ന പതിവ് ഇസ്‌ലാമിന്റെ ആഗമനത്തിന് മുമ്പ് അറേബ്യന്‍ സമൂഹത്തിലുണ്ടായിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. ഇരുണ്ട യുഗമെന്നാണ് അക്കാലത്തെ ചരിത്രം വിശേഷിപ്പിക്കുന്നത്. ഇന്ന് പക്ഷേ കാലം മാറി. ബൗദ്ധിക,വിദ്യാഭ്യാസ തലങ്ങളില്‍ ലോകം ഏറെ പുരോഗമിച്ചു. ശാസ്ത്ര,സാങ്കേതിക മേഖലകളില്‍ ഒരു കുതിച്ചു ചാട്ടം തന്നെയുണ്ടായി. നാഗരിക യുഗമെന്ന വിശേഷണവും ഈ കാലഘട്ടത്തിന് നാം ചാര്‍ത്തി. എന്നാല്‍ ഈ വിശേഷണം ആധുനിക കാലഘട്ടം എത്രത്തോളം അര്‍ഹിക്കുന്നുവെന്നതില്‍ ഒരു പുനര്‍വിചിന്തനം അനിവാര്യമാണെന്നാണ് വര്‍ധിച്ചു വരുന്ന ഭ്രൂണഹത്യയും കൂട്ടബലാത്സംഗങ്ങളും സമാന സംഭവങ്ങളും ഉണര്‍ത്തുന്നത്. നാടിന്റെ നാഗരികത അളക്കേണ്ടത് സത്രീകളോടുള്ള സമൂഹത്തിന്റെ നിലപാട് വെച്ചുകൊണ്ടാണെന്ന കോടതി പരാമര്‍ശവും ഇതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
സ്ത്രീധനവും മറ്റു വിവാഹാനുബന്ധ ചടങ്ങുകളുമാണ് പെണ്‍ഭ്രൂണഹത്യക്ക് വലിയൊരളവോളം കാരണം. പുരുഷന്‍ വിവാഹമുല്യം നല്‍കി സ്ത്രീകളെ വേളി കഴിക്കുക എന്നതായിരുന്നു ആദ്യകാല രീതി. സ്ത്രീകള്‍ക്കോ കുടുംബത്തിനോ വിവാഹം അന്ന് ഒരു ബാധ്യതയേ അല്ലായിരുന്നു. ക്രമേണ സ്ത്രീധന സമ്പ്രദായം നിലവില്‍ വന്നു. തുടര്‍ന്ന് പുതിയാപ്ലക്കുള്ള അറ തയാറാക്കല്‍, സത്കാരങ്ങളുടെ പരമ്പര, ഭര്‍ത്താവിന്റെ വീട് നിര്‍മാണത്തിന് സാമ്പത്തിക സഹായം, പുതിയ വീട്ടിലേക്ക് ഫര്‍ണിച്ചറുകളും സാധനങ്ങളും വാങ്ങിക്കൊടുക്കല്‍ എന്നിങ്ങനെ വധുവിന്റെ വീട്ടുകാര്‍ ചെയ്തു കൊടുക്കേണ്ട ചടങ്ങുകള്‍ കൂടിക്കൂടി വരികയും ദശലക്ഷങ്ങള്‍ കരുതലുള്ളവര്‍ക്ക് മാത്രമേ പെണ്‍കുട്ടികളെ നല്ല നിലയില്‍ വിവാഹം ചെയ്തയക്കാനാകൂ എന്ന സ്ഥിതി സംജാതമാകുകയും ചെയ്തു. ഇതോടെ പാവപ്പെട്ടവനും സാധാരണക്കാരനും പെണ്‍കുട്ടികള്‍ വന്‍ബാധ്യതയാകുകയും അവരുടെ ജനനം തടയാനുള്ള വഴികള്‍ തേടുകയും ചെയ്തു. ഇത്തരമൊരു പശ്ചാത്തലത്തില്‍ പെണ്‍ഭ്രൂണഹത്യ തടയുന്നതിന് അള്‍ട്രാസോണോഗ്രാഫി ക്ലീനിക്കുകളുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നതോടൊപ്പം സ്ത്രീധനത്തിനും അനുബന്ധ ചടങ്ങുകള്‍ക്കുമെതിരെ ശക്തയായ ബോധവത്കരണവും അനിവാര്യമാണ്.
അള്‍ട്രോസോണോഗ്രാഫി ക്ലീനിക്കുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ടു സുപ്രീം കോടതി ഒട്ടേറെ കാര്യങ്ങള്‍ കേന്ദ്ര-,സംസ്ഥാന ഭരണകൂടങ്ങളോട് നിര്‍ദേശിച്ചിട്ടുണ്ട്. രാജ്യത്തുള്ള ഇത്തരം മുഴുവന്‍ ക്ലീനിക്കുകളുടെയും വിവരങ്ങള്‍ ആറ് മാസത്തിനകം ശേഖരിക്കല്‍, ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നടത്തുന്നതുമായി ബന്ധപ്പെട്ട 1994-ലെ പ്രിനാറ്റല്‍ ഡയഗ്‌നോസ്റ്റിക്ക് ടെക്‌നിക്‌സ് ആക്ട് ലംഘിക്കുന്ന കേസുകള്‍ ആറ് മാസത്തിനകം തീര്‍പ്പാക്കല്‍, കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കാനായി സംസ്ഥാന മെഡിക്കല്‍ കൗണ്‍സിലുകള്‍ക്ക് റിപ്പോര്‍ട്ട് നല്‍കല്‍ തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍. എന്നാല്‍ നിയമങ്ങളുടെ അപര്യാപ്തതയല്ല, അത് പാലിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ കാണിക്കുന്ന അനാസ്ഥയാണ് ഇത്തരം ക്ലീനിക്കുകള്‍ നാടെങ്ങും മുളച്ചു പൊന്താനും നിയമവിരുദ്ധമായി പ്രവര്‍ത്തിക്കാനും കാരണം. എത്രമാത്രം പൈശാചികവും ക്രൂരവുമാണ് ഭ്രൂണഹത്യ എന്ന വസ്തുത ഉള്‍ക്കൊണ്ട്, അതിനെതിരായ നിയമങ്ങള്‍ കര്‍ക്കശമായി നടപ്പാക്കാന്‍ ഭരണകൂടവും ബന്ധപ്പെട്ട വകുപ്പുകളും സന്നദ്ധമായാല്‍ ഏറെക്കുറെ ഇത് പരിഹരിക്കാനാകും. സുപ്രീംകോടതിയുടെ ഇടപെടല്‍ ഇക്കാര്യത്തില്‍ ഫലപ്രദമാകുമെന്ന് പ്രത്യാശിക്കട്ടെ.

Latest