Connect with us

Articles

ഒരു സ്‌ഫോടനം നടന്നുകിട്ടിയാല്‍ എത്ര കരിനിയമങ്ങള്‍ നിര്‍മിക്കാം?

Published

|

Last Updated

ഹൈദരാബാദ് ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ ഭീകരവിരുദ്ധ കേന്ദ്രം (നാഷനല്‍ കൗണ്ടര്‍ ടെററിസം സെന്റര്‍ – എന്‍ സി ടി സി) സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാകുകയാണ്. ഇന്ത്യയില്‍ സ്‌ഫോടനങ്ങളുടെയും തീവ്രവാദ ആക്രമണങ്ങളുടെയും ഉപോത്പന്നമായി ഇത്തരം മാരകമായ നിയമങ്ങളും ഏജന്‍സികളും ജന്‍മമെടുക്കുന്നത് പൊതു പ്രവണതയായി മാറിയിരിക്കുന്നു. ആഭ്യന്തര സുരക്ഷിതത്വം അപകടത്തിലെന്ന വിമര്‍ശമുയരുമ്പോഴെല്ലാം ആ വിമര്‍ശം മറികടക്കാന്‍ പുതിയ ഏജന്‍സികള്‍ കൊണ്ടുവരികയാണ് സര്‍ക്കാര്‍ ചെയ്യാറുള്ളത്. ഇക്കാര്യത്തില്‍ ഏത് കക്ഷി ഭരിക്കുന്നു എന്ന വ്യത്യാസമില്ല. ദുരുപയോഗം ചെയ്യാനുള്ള സാധ്യതകളും പഴുതുകളും നിറയെ അവശേഷിപ്പിച്ചാണ് ഇത്തരം രഹസ്യാന്വേഷണ, സുരക്ഷാ ഏജന്‍സികളും അവയുടെ പ്രവര്‍ത്തന രീതി നിര്‍ണയിക്കുന്ന നിയമങ്ങളും രൂപം കൊള്ളാറുള്ളത്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തവരെ അഴിക്കുള്ളില്‍ തളച്ചിടാനുള്ള ഉപകരണങ്ങളായി ഈ സംവിധാനങ്ങള്‍ ഉപയോഗിച്ചതിന് തെളിവ് എമ്പാടുമുണ്ട്. നിയമവിരുദ്ധ പ്രവൃത്തി തടയല്‍ നിയമം (പ്രിവന്‍ഷന്‍ ഓഫ് അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് ആക്ട്- യു എ പി എ) ഇതിന് ഏറ്റവും നല്ല നിദര്‍ശനമാണ്. 1967ല്‍ നിലവില്‍ വന്ന ഈ നിയമം 2008ലെ ഭേദഗതിയോടെ കൂടുതല്‍ മാരകമായി മാറി. മിസ, പോട്ട, ടാഡ എന്നിങ്ങനെ അവയുടെ നിര നീളുന്നു.

എന്‍ സി ടി സി മുന്‍ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന്റെ സ്വപ്‌ന പദ്ധതിയാണ്. അമേരിക്കയില്‍ ഇതേ പേരില്‍ നിലനില്‍ക്കുന്ന ഭീകരവിരുദ്ധ ഏജന്‍സിയുടെ തനി കോപ്പിയാണ് ഇത്. സാമ്പത്തിക രംഗത്ത് അമേരിക്ക വഴി കാണിക്കുന്ന ഒരു സര്‍ക്കാറിന് ആഭ്യന്തര സുരക്ഷക്കും അവര്‍ മാതൃകയായതില്‍ അത്ഭുതപ്പെടാനൊന്നുമില്ലല്ലോ. 2003ല്‍ അന്നത്തെ പ്രസിഡന്റ് ജോര്‍ജ് ഡബ്ലിയൂ ബുഷ് ഒരു എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെയാണ് എന്‍ സി ടി സി പ്രഖ്യാപിച്ചത്. സി ഐ എ, എഫ് ബി ഐ, പെന്റഗണ്‍ തുടങ്ങിയ ഏജന്‍സികളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവര്‍ നേതൃത്വം നല്‍കുന്ന രൂപത്തിലാണ് എന്‍ സി ടി സി നിലവില്‍ വന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തിലൂടെ അമേരിക്കയുടെ സുരക്ഷിതത്വ അഹന്ത തകര്‍ന്നു തരിപ്പണമായപ്പോള്‍ പിടിച്ചു നില്‍ക്കാന്‍ അമേരിക്കന്‍ ഭരണകൂടം നിയമങ്ങളുടെയും നടപടിക്രമങ്ങളുടെയും പരമ്പര തന്നെ പടച്ചു വിട്ടു. സ്വന്തം ജനതയെപ്പോലും ഭരണകൂടം ഭീകരമായി സംശയിച്ചു. അവര്‍ നടന്നുപോകുന്നിടത്തെല്ലാം തുണിക്കടിയിലുള്ളത് കാണുന്ന ക്യാമറകള്‍ വെച്ചു. മുസ്‌ലിം പേരു പോലും അമേരിക്ക ഭയന്നു. ഈ ഭയത്തിന്റെ പാരമ്യത്തിലാണ് അമേരിക്കന്‍ സൈനികരെ ഇറാഖിലും അഫാഗാനിലും കൊണ്ടുപോയി ഇറക്കിയത്. തോറ്റുകൊണ്ടേയിരുന്ന ആ ആക്രമണങ്ങള്‍ അമേരിക്കന്‍ പൗരന്‍മാരുടെ ഭയം ഇരട്ടിപ്പിക്കാനേ ഉപകരിച്ചുള്ളൂ. അപ്പോഴാണ് ഭയനശീകരണത്തിന് അവര്‍ എന്‍ സി ടി സി പോലുള്ള ആഭ്യന്തര സുരക്ഷാ സംവിധാനങ്ങള്‍ക്ക് രൂപം നല്‍കിയത്.
ഈ സാഹചര്യങ്ങളൊന്നും ഇന്ത്യയിലില്ല. അമേരിക്കയെ ഒരു കാര്യത്തിലും പകര്‍ത്തേണ്ട സ്ഥിതി ഇന്ത്യക്കില്ലെന്ന് ഇവിടുത്തെ ഓരോ പൗരനും ബോധ്യമുണ്ട്. പക്ഷേ ഭരിക്കുന്നവര്‍ക്ക് അവരുടെ വിധേയത്വം തെളിയിച്ചു കൊണ്ടേയിരിക്കണം. ഇന്ത്യയില്‍ എന്‍ സി ടി സി രൂപവത്കരിക്കാന്‍ കഴിഞ്ഞ മാര്‍ച്ച് മുതല്‍ കടുത്ത സമ്മര്‍ദം ചെലുത്തുകയാണ് യു പി എ സര്‍ക്കാര്‍. ഇതിനായി ഔദ്യോഗിക വിജ്ഞാപനം ഇറക്കുകയും ചെയ്തു. എന്നാല്‍, ഇത് ഭരണഘടനാവിരുദ്ധമാണെന്നും ഇന്ത്യന്‍ ഭരണത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ പ്രതികൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാന സര്‍ക്കാറുകള്‍ എന്‍ സി ടി സിയെ എതിര്‍ക്കുകയാണ്. ഈ വര്‍ഷമാദ്യം എന്‍ സി ടി സി വിജ്ഞാപനം ചെയ്തപ്പോള്‍ 11 മുഖ്യമന്ത്രിമാര്‍ ഇതിനെതിരെ രംഗത്ത് വന്നിരുന്നു. അന്ന് യു പി എയിലെ സഖ്യകക്ഷിയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസും ഇക്കൂട്ടത്തിലുണ്ടായിരുന്നു. അപ്പോള്‍ എന്‍ സി ടി സി ചര്‍ച്ചകള്‍ അല്‍പ്പമൊന്നു തണുത്തു.
കഴിഞ്ഞ മാസം 21ന് ഹൈദരാബാദിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നില്‍ ആരെന്ന് പറയാന്‍ ഇന്നും സുരക്ഷാ ഏജന്‍സികള്‍ക്ക് സാധിച്ചിട്ടില്ല. ഒരു സൂചന പോലും കൈയിലില്ല. വെറുതേ കുറേ സംഘടനകളുടെ പേര് പറയുന്നു. അത്രമാത്രം. ഈ പരാജയം രാഷ്ട്രീയ തിരിച്ചടിയാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഭയക്കുന്നു. എന്നുവെച്ചാല്‍ പൗരന്റെ ആശങ്കകളല്ല, ഭരിക്കുന്നവന്റെ രാഷ്ട്രീയ ആശങ്കകളാണ് പ്രശ്‌നം. സ്‌ഫോടനം ഒരു അവസരമായെടുത്ത് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ എന്‍ സി ടി സി വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരികയാണ്. മാനദണ്ഡങ്ങളില്‍ മുഖ്യമന്ത്രിമാരുമായി വിശാല ചര്‍ച്ചക്ക് തയ്യാറാണെന്നും വിശദാംശങ്ങള്‍ നല്‍കുമെന്നും ഷിന്‍ഡെ പറയുന്നു. പശ്ചിമ ബംഗാളില്‍ ചെന്ന് തൃണമൂല്‍ മേധാവിയും മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയെ കണ്ട ഷിന്‍ഡെ അവരുടെ എതിര്‍പ്പ് നീങ്ങിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
സുരക്ഷാ രാഷ്ട്രീയം കളിക്കുകയാണ് യു പി എ സര്‍ക്കാറെന്ന നിലപാടിലാണ് ബി ജെ പി. എന്‍ സി ടി സി ഏകാധിപത്യപരമാണെന്ന് അവര്‍ ആരോപിക്കുന്നു. ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന ബി ജെ പിയുടെ ഈ നിലപാടിന് പിന്നിലും തീര്‍ച്ചയായും രാഷ്ട്രീയമുണ്ട്. ഭരണത്തിലിരുന്നപ്പോള്‍ ഈ കരുതല്‍ കാണിക്കാത്തവരാണ് ബി ജെ പിയെന്നോര്‍ക്കണം.
അമേരിക്കയിലെ എന്‍ സി ടി സി അന്വേഷണ ഏജന്‍സിയാണെങ്കില്‍ ഇവിടെ അത് രഹസ്യാന്വേഷണത്തിന്റെയും സുരക്ഷാ നടപടിയുടെയും മിശ്രിതമാണ്. അമേരിക്കയെയും ഇന്ത്യ മറികടന്നുവെന്ന് ചുരുക്കം. ഇന്റലിജന്‍സ് ബ്യൂറോയിലേയോ മറ്റ് രഹസ്യാന്വേഷണ ഏജന്‍സിയിലേയോ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്‍ സി ടി സിയുടെ ഭാഗമായിരിക്കും. അവ മുഖേന റിക്രൂട്ട് ചെയ്യപ്പെട്ടവരുമുണ്ടാകും. നാഷനല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോകള്‍ ഉണ്ടാകും. നാവിക കമാന്‍ഡോകളും സെന്ററിലുള്‍പ്പെടും. ഭീകരവിരുദ്ധ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട് കഴിവ് തെളിയിച്ച ഉദ്യോഗസ്ഥര്‍ എന്‍ സി ടി സിയുടെ പ്രധാന ഭാഗമായിരിക്കും. വല്ലാത്തൊരു ഘടനയാണിത്. ഇരുതല മൂര്‍ച്ചയുള്ള ആയുധം.
വലിയ അധികാരങ്ങളാണ് നിര്‍ദിഷ്ട എന്‍ സി ടി സിക്ക് നല്‍കിയിരിക്കുന്നത്. ഏത് സംസ്ഥാനത്തും അവിടെയുള്ള അധികാരികളെ അറിയിക്കാതെ വന്ന് റെയ്ഡുകള്‍ സംഘടിപ്പിക്കാന്‍ എന്‍ സി ടി സിക്ക് സാധിക്കും. ആരെ വേണമെങ്കിലും അറസ്റ്റ് ചെയ്തു കൊണ്ടുപോകാം. സാക്ഷികളും തെളിവുകളും മുന്‍കൂട്ടി ആരെയും ബോധ്യപ്പെടുത്തേണ്ടതില്ല. രാജ്യത്തെ ഏത് സുരക്ഷാ സംവിധാനത്തിനും മുകളിലായിരിക്കും എന്‍ സി ടി സി.
ഭരണഘടനാപരമായി ക്രമസമാധാനം സംസ്ഥാന വിഷയമാണ്. ഈ അധികാരത്തിന്‍മേല്‍ എന്‍ സി ടി സി കടന്ന് കയറുന്നുണ്ട്. നിരപരാധികള്‍ സംശയത്തിന്റെ മറവില്‍ അറസ്റ്റ് ചെയ്യപ്പെടാനുള്ള സാധ്യത വളരെയേറെയാണ്. നേരത്തെയുള്ള തീവ്രവാദവിരുദ്ധ നിയമങ്ങളുടെ ബലത്തില്‍ ഇന്ത്യയില്‍ വിവിധ ജയിലുകളില്‍ അടക്കപ്പെട്ട നിരപരാധികളുടെ വിശദാംശങ്ങള്‍ കുറ്റസമ്മതമൊഴിയായും വെളിപ്പെടുത്തലായും വന്നുകൊണ്ടിരിക്കുന്ന ഒരു പശ്ചാത്തലത്തില്‍ അത്തരം സാധ്യതക്ക് പുതിയൊരു വഴി തുറക്കുന്നത് അങ്ങേയറ്റം ജനാധിപത്യവിരുദ്ധമായിരിക്കും. തീവ്രവാദ പ്രവണതകളെ മുളയിലേ നുള്ളേണ്ടത് തന്നെയാണ്. നാടിന്റെ സ്വാസ്ഥ്യം തകര്‍ക്കുന്നവര്‍ക്കെതിരെ നടപടി ശക്തമാക്കുകയും വേണം. പക്ഷേ അതിനായി കൊണ്ടുവരുന്ന സംവിധാനങ്ങള്‍ കുറ്റമറ്റതാകണം. അല്ലെങ്കില്‍ ഫലം വിപരീതമായിരിക്കും.
356ാം വകുപ്പ് നിലനില്‍ക്കുവോളം ഇന്ത്യന്‍ ഫെഡറലിസം വെറും മേനി പറച്ചില്‍ മാത്രമാണ്. തിരുത്തലുകള്‍ക്ക് വിധേയപ്പെടാത്ത എന്‍ സി ടി സി പോലുള്ള സംവിധാനങ്ങള്‍ ഫെഡറലിസത്തിന് മേലുള്ള അവസാനത്തെ ആണിയടിയാകും.