ഗണേഷിനെതിരെ നടപടിയില്ല

Posted on: March 6, 2013 3:30 pm | Last updated: March 7, 2013 at 8:44 pm
SHARE

pp

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പി സി ജോര്‍ജ് നടത്തിയ പ്രസ്താവനയുടെ അടിസ്ഥാനത്തില്‍ ഇരുവര്‍ക്കുമെതിരെ തത്കാലം നടപടിയെടുക്കേണ്ടതില്ലെന്ന് യു ഡി എഫ് യോഗം. ഗണേഷിനെ മന്ത്രിസഭയില്‍ നിന്ന്‌  ഒഴിവാക്കണമെന്ന ബാലകൃഷ്ണ പിള്ളയുടെ കത്ത് ഉള്‍പ്പെടെ എല്ലാ വിഷയങ്ങളിലും തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിയെ യോഗം ചുമതലപ്പെടുത്തി. കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും ഇക്കാര്യം ബാലകൃഷ്ണ പിള്ളയുമായി ചര്‍ച്ച നടത്തുമെന്നും യു ഡി എഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഗണേഷ് കുമാറിനെതിരെ ഭാര്യ മുഖ്യമന്ത്രിക്ക് രേഖാമൂലം പരാതി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിയെ കണ്ടുവെന്ന വാര്‍ത്ത ശരിയാണെന്നും തങ്കച്ചന്‍ പറഞ്ഞു. ഗണേഷിന്റെ വിഷയം രാഷ്ട്രീയ പ്രശ്‌നമല്ലെന്നും അതിനാല്‍ കാര്യമായ ചര്‍ച്ചക്ക് വന്നില്ലെന്നും തീരുമാനമെടുക്കാന്‍ മുഖ്യമന്ത്രിക്ക് കൈമാറുകയായിരുന്നുവെന്നും തങ്കച്ചന്‍ ആവര്‍ത്തിച്ചു. എം എല്‍ എ സ്ഥാനം രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്ന് ഗണേഷ് കുമാര്‍ യോഗത്തില്‍ അറിയിച്ചു. പരസ്യ പ്രസ്താവന ഒഴിവാക്കാന്‍ നേതാക്കളോട് യോഗം നിര്‍ദേശിച്ചിട്ടുണ്ട്.

പി സി ജോര്‍ജിനെ അനുനയിപ്പിച്ചുകൊണ്ടാണ് യു ഡി എഫ് തീരുമാനം. ഇനി വിവാദങ്ങള്‍ ഉണ്ടാക്കരുതെന്ന് ജോര്‍ജിനോട് യോഗം ആവശ്യപ്പെട്ടു. പി സി ജോര്‍ജിന്റെ പരാതി പരിഗണിച്ച് ഒരു കുടുംബപ്രശ്‌നത്തില്‍ ഗണേഷ് രാജിവെച്ചാല്‍ അത് മുന്നണിയുടെ കെട്ടുറപ്പിനെ ബാധിക്കുമന്ന് മന്ത്രി ഷിബു ബേബിജോണ്‍ പറഞ്ഞതാണ് ഗണേഷ്‌കുമാറിന് അനുകൂലമായി തീരുമാനം ഉണ്ടാവാന്‍ പ്രധാന കാരണം.

ഗണേഷ് രാജിവെക്കേണ്ടതെന്നായിരുന്നു ഇന്നലെ ചേര്‍ന്ന കെപിസിസി ഏകോപന സമിതിയുടെയും തീരുമാനം.