മൂന്ന് വയസ്സുകാരിയെ പീഡിപ്പിച്ച സംഭവം: 18 പേര്‍ കസ്റ്റഡിയില്‍

Posted on: March 6, 2013 9:50 am | Last updated: March 7, 2013 at 3:00 pm
SHARE

sdj-kidnap
തിരൂര്‍:ആശുപത്രി പരിസരത്തെ കടവരാന്തയില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന മൂന്ന് വയസ്സുള്ള നാടോടി പെണ്‍കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട് സ്വദേശികളായ 18 പേര്‍ പോലീസ് കസ്റ്റഡിയില്‍. കേസന്വേഷിക്കുന്ന തിരൂര്‍ സി ഐ ആര്‍ റാഫിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇന്നലെ ഇവരെ കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ മാതാവിന്റെ മൊഴിപ്രകാരമാണ് ഇവരെ തിരിച്ചറിഞ്ഞത്. കസ്റ്റഡിയിലെടുത്തവരില്‍ ഒരു യുവതിയും ഉള്‍പ്പെടും. മദ്യലഹരിയില്‍ പലപ്പോഴും കുട്ടിയുടെ മാതാവിനെ ശല്യപ്പെടുത്തിയവരാണ് കസ്റ്റഡിയിലുള്ളത്. ഇവരെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. അതിനിടെ, കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അടിയന്തര ശസ്ത്രക്രിയക്ക് വിധേയയാക്കിയ കുഞ്ഞ് അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. എങ്കിലും രണ്ടാഴ്ചക്ക് ശേഷം തുടര്‍ ശസ്ത്രക്രിയ നടത്തേണ്ടതുണ്ട്. അണുബാധ ഉണ്ടാകാതിരിക്കാന്‍ കുട്ടിയെ തീവ്രപരിചരണ വിഭാഗത്തിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ സി റോസക്കുട്ടി ടീച്ചര്‍ ഇന്നലെ കുട്ടിയെ സന്ദര്‍ശിച്ചു. കുട്ടിയുടെയും മാതാവിന്റെയും സംരക്ഷണം ഏറ്റെടുക്കുമെന്ന് അവര്‍ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് തിരൂരിനടുത്ത തൃക്കണ്ടിയൂരിലെ മഹിളാസമാജം വളപ്പിലെ കുളിമുറിക്ക് സമീപം മൂന്ന് വയസ്സുള്ള പെണ്‍കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഇവിടെ നിന്നും നൂറ് മീറ്ററോളം അകലെയുള്ള ജില്ലാ ആശുപത്രി പരിസരത്തെ കടവരാന്തയില്‍ മാതാവിനൊപ്പം കിടന്നുറങ്ങുകയായിരുന്ന കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം ഉപേക്ഷിക്കുകയായിരുന്നു. ജനനേന്ദ്രിയത്തില്‍ പരുക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജാശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ശസ്ത്രക്രിയക്ക് വിധേയയാക്കുകയുമായിരുന്നു. അതിനിടെ, കുട്ടി കിടന്നിരുന്ന സ്ഥലത്ത് നിന്ന് ലൈറ്ററും വെള്ളക്കുപ്പിയും കണ്ടെത്തി. കൂടാതെ കുട്ടിക്ക് വാങ്ങിക്കൊടുത്തതെന്ന് കരുതുന്ന ചിപ്‌സിന്റെ കവറും സംഭവസ്ഥലത്ത് നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

ആക്രമണം അതിക്രൂരമാണെന്നും പ്രതിയെ പിടികൂടാന്‍ വൈകില്ലെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച എ ഡി ജി പി. എന്‍ ശങ്കര്‍ റെഡ്ഡി അറിയിച്ചു. കേസന്വേഷണത്തിന് പ്രത്യേക സംഘം രൂപവത്കരിച്ചിട്ടുണ്ട്. തിരൂര്‍ ഡി വൈ എസ് പി. കെ എം സൈതാലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക.