വിപ്ലവ നക്ഷത്രം മാഞ്ഞു

Posted on: March 6, 2013 7:42 am | Last updated: March 8, 2013 at 9:27 am
SHARE

chavez

കാരക്കാസ്: വെനസ്വേലന്‍ പ്രസിഡന്റ് ഹ്യൂഗോ ഷാവേസ് (58) അന്തരിച്ചു. ക്യാന്‍സര്‍ ബാധയെ തുടര്‍ന്ന് കാരക്കാസിലെ സൈനിക ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പ്രാദേശിക സമയം വൈകീട്ട് 4.25ന് ആയിരുന്നു  അന്ത്യം. ക്യാന്‍സറിന് ചികിത്സ തുടരുന്നതിനിടെ ശ്വാസകോശത്തിലുണ്ടായ അണുബാധയാണ് മരണകാരണം. ക്യൂബന്‍ സര്‍ക്കാറിന്റെ ഔദ്യോഗിക ടെലിവിഷന്‍ ചാനലിലൂടെ വൈസ്പ്രസിഡന്റ് മഡ്യൂറോയാണ് ഷാവേസിന്റെ മരണം പ്രഖ്യാപിച്ചത്. സംസ്‌കാരം വെള്ളിയാഴ്ച നടക്കും. 14 വര്‍ഷം വെനസ്വേലയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം.

നാല് തവണ അര്‍ബുധ ശസ്ത്രക്രിയക്ക് വിധേയനായ ഷാവേസ് കഴിഞ്ഞ ഡിസംബര്‍ 11ന് നാട്ടില്‍ മടങ്ങിയെത്തി കാരക്കാസിലെ സൈനിക ആശുപത്രിയില്‍ കഴിയുകയായിരുന്നു. കീമോതെറാപ്പി തുടരുന്നതിനിടെയാണ് ശ്വാസകോശത്തില്‍ അണുബാധയുണ്ടായത്. പിന്നീട് ട്യൂബ് വഴിയായിരുന്നു ശ്വസിച്ചിരുന്നത്. സംസാരിക്കാനും കഴിഞ്ഞിരുന്നില്ല.
2011 ലാണ് ഷാവേസിന് ഇടുപ്പില്‍ അര്‍ബുദം പിടിപെട്ടത്. ക്യൂബയില്‍ നടത്തിയ ചികിത്സയില്‍ രോഗം ഭേദമായി. എന്നാല്‍ അടുത്തിടെ ക്യൂബയില്‍ വീണ്ടും പരിശോധനക്ക് എത്തിയപ്പോള്‍ അര്‍ബുദം വീണ്ടും ബാധിച്ചതായി കണ്ടെത്തുകയായിരുന്നു. മൂന്നുമാസമായി ഷാവേസ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. കഴിഞ്ഞ ദിവസങ്ങളിലായി അദ്ദേഹത്തെ ആരോഗ്യ നിലയെകുറിച്ച് പല അഭ്യൂഹങ്ങളും പുറത്തുവരികയും ചെയ്തിരുന്നു.
1954 ജൂലൈ 28ന് ബരിനാസ് സ്‌റ്റേറ്റിലെ സബാനെറ്റയില്‍ സ്‌കോട്ടിഷ് അധ്യാപക ദമ്പതികളുടെ മകനായാണ് ഷാവേസിന്റെ ജനനം. 1975ല്‍ വെനിസ്വേലന്‍ അക്കാഡമി ഓഫ് മിലിട്ടറി സയന്‍സസില്‍ നിന്ന് ബിരുദം നേടിയ അദ്ദേഹം 1977ല്‍ സായുധ സേനയുടെ വിപ്ലവ പോരാട്ടങ്ങളില്‍ ഭാഗവാക്കായി. 1981ല്‍ സൈനിക അക്കാഡമിയില്‍ അധ്യാപകനായി തിരിച്ചെത്തി. 1992ല്‍ അന്നത്തെ പ്രസിഡന്റ് കാര്‍ലോസ് ആന്‍ഡേസ് പെരേസിനെ അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയതിന് രണ്ട് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചു. 1994ല്‍ തന്റെ പാര്‍ട്ടിയായ ഫിഫ്ത്ത് റിപ്പബ്ലിക് മൂവ്‌മെന്റ് പുനഃസംഘടിപ്പിച്ച അദ്ദേഹം 1998ലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചു. 1999ല്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തു. 2002ല്‍ നടന്ന അട്ടിമറി ശ്രമത്തെ പരാജയപ്പെടുത്തി രണ്ട് ദിവസത്തിനകം തന്നെ വീണ്ടും പ്രസിഡന്റ് പദവിയിലെത്തി. 2011ല്‍ ക്യാന്‍സര്‍ രോഗം സ്ഥിരീകരിച്ചു. ചികിത്സ തുടരുന്നതിനിടെ 2012 ഒക്‌ടോബറില്‍ തുടര്‍ച്ചയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ രോഗ ബാധിതനായതിനെ തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത് സുപ്രീം കോടതി തടഞ്ഞു. 2012 ഡിസംബറില്‍ ക്യൂബയില്‍ നാലാമത്തെ ക്യാന്‍സര്‍ ശസ്ത്രക്രിയക്ക് വിധേയനായ അദ്ദേഹം ഈ ഫെബ്രുവരിയിലാണ് വെനസ്വേലയില്‍ തിരിച്ചെത്തിയത്.