Connect with us

National

പ്രധാനമന്ത്രിയെ കാണാനായില്ല; ഉറപ്പുകളുമായി മുഖ്യമന്ത്രിയും സംഘവും മടങ്ങി

Published

|

Last Updated

ന്യൂഡല്‍ഹി:കേരളത്തിന്റെ വിവിധ ആവശ്യങ്ങളുമായി രണ്ട് ദിവസത്തെ തലസ്ഥാന സന്ദര്‍ശനത്തിന് ശേഷം മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സംഘവും മടങ്ങി. പ്രധാനമന്ത്രിയെ കാണാന്‍ കഴിയാതെയാണ് സംഘം മടങ്ങിയത്. ഇന്നലെയാണ് പ്രധാനമന്ത്രിയെ കാണാന്‍ സമയം ചോദിച്ചത്. പാര്‍ലിമെന്റ് നടക്കുന്നതിനാല്‍ പകല്‍ സമയം ലഭിച്ചില്ല. വൈകീട്ട് സംഘം മടങ്ങിയതിനാല്‍ രാത്രി സമയം ചോദിച്ചതുമില്ല.

പ്രധാനമന്ത്രിയെ കാണാന്‍ അടുത്ത ദിവസം തന്നെ എത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബുധനാഴ്ച മന്ത്രിസഭയും വ്യാഴാഴ്ച യു ഡി എഫും യോഗം ചേരുന്നതിനാലാണ് വൈകീട്ട് തന്നെ സംഘം കേരളത്തിലേക്ക് തിരിച്ചത്.
റെയില്‍വേ ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതിനെതിരെയുള്ള പ്രതിഷേധം അറിയിച്ചതിനെ തുടര്‍ന്ന് കേരളത്തിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് മന്ത്രി പവന്‍ കുമാര്‍ ബന്‍സാല്‍ മന്ത്രിതല സംഘത്തെ അറിയിച്ചു. ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ കേരളത്തിന്റെ ആവശ്യങ്ങളും ഉള്‍പ്പെടുത്തും. പാതയിരട്ടിപ്പിക്കല്‍, വൈദ്യുതീകരണം, കണ്ണൂര്‍ വിമാനത്താവളത്തിലേക്കുള്ള റെയില്‍ പാത സര്‍വേ, തലശേരി-മൈസൂര്‍ പാത എന്നീ ആവശ്യങ്ങളില്‍ ഉറപ്പൊന്നും ലഭിച്ചില്ല. ബജറ്റിന് മുമ്പ് ആവശ്യങ്ങള്‍ റെയില്‍വേ മന്ത്രാലയത്തെ കേരളം അറിയിച്ചില്ലെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. 2015 വരെ കേരളത്തിന് ആവശ്യമുള്ള കാര്യങ്ങള്‍ നിവേദനമായി ഒക്‌ടോബറില്‍ നല്‍കിയിരുന്നു. നവംബറില്‍ എം പിമാരുടെ യോഗത്തിന്റെ റിപ്പോര്‍ട്ടും ഡിസംബറില്‍ മൂന്ന് നിവേദനങ്ങളും നല്‍കി.
മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ സി ജോസഫ്, അടൂര്‍ പ്രകാശ്, വി എസ് ശിവകുമാര്‍, കെ പി മോഹനന്‍, അനൂപ് ജേക്കബ് തുടങ്ങിയവര്‍ സംഘത്തിലുണ്ടായിരുന്നു.
പാലക്കാട് റെയില്‍വേ കോച്ച് ഫാക്ടറി, ആലപ്പുഴ വാഗണ്‍ ഫാക്ടറി, പുതിയ പെനിന്‍സുലാര്‍ റെയില്‍വെ സോണ്‍, കേരളത്തിന് ടൂറിസ്റ്റ് കോച്ചുകള്‍, നിലമ്പൂര്‍- നഞ്ചന്‍കോട്, അങ്കമാലി ശബരി പാതകള്‍ യാഥാര്‍ഥ്യമാക്കുക, കണ്ണൂര്‍ വിമാനത്താവളത്തിലേക്ക് റെയില്‍പ്പാത അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് റെയില്‍വേ മന്ത്രി യുമായുള്ള ചര്‍ച്ചയില്‍ ഉന്നയിച്ചത്. പുതിയ റെയില്‍വേ പദ്ധതികള്‍ക്ക് പകുതി തുക സംസ്ഥാനം വഹിക്കണമെന്ന നിര്‍ദേശം കേരളത്തിന് താങ്ങാനാകില്ല. പാതയിരട്ടിപ്പ്, വൈദ്യുതീകരണം, ഗേജ് മാറ്റം എന്നിവ അടിയന്തരമായി പൂര്‍ത്തിയാക്കണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് റെയില്‍വേ സ്റ്റേഷനുകള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നടപടി വേണം, പ്രഖ്യാപിച്ച ട്രെയിനുകള്‍ ഉടനെ തുടങ്ങുക, പുതിയ ട്രെയിനുകള്‍ തുടങ്ങുക, സര്‍വീസുകള്‍ നീട്ടുക എന്നീ ആവശ്യങ്ങളിലും തീരുമാനമെടുക്കുമെന്ന് റെയില്‍വേ മന്ത്രി ഉറപ്പ് നല്‍കി.
സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ മലയാളികളുള്‍പ്പെടെയുള്ള ബന്ദികളെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് പ്രതിരോധ മന്ത്രി എ കെ ആന്റണി ഉറപ്പ് നല്‍കി.
ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് (ജി എസ് ടി) വേഗം നടപ്പാക്കണമെന്ന് ധനമന്ത്രി പി ചിദംബരവുമായുള്ള ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീണ്‍ സടക് യോജനയുടെ ആദ്യഘട്ടം പൂര്‍ത്തിയാക്കിയാല്‍ രണ്ടാം ഘട്ടത്തില്‍ കേരളത്തില്‍ കൂടുതല്‍ റോഡുകള്‍ അനുവദിക്കാമെന്ന് ഗതാഗത മന്ത്രി സി പി ജോഷി അറിയിച്ചു. 48 പദ്ധതികളാണ് കേരളത്തില്‍ പൂര്‍ത്തിയാക്കാനുള്ളത്. ഇവക്ക് റീടെന്‍ഡര്‍ വിളിച്ച് ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കും. എന്നാലേ രണ്ടാം ഘട്ടത്തില്‍ കേരളത്തെ പരിഗണിക്കൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം- ആലപ്പുഴ ബൈപ്പാസ് നാഷനല്‍ ഹൈവേ ഏറ്റെടുത്ത് ഈ മാസം തന്നെ പ്രവൃത്തി തുടങ്ങുമെന്ന് സി പി ജോഷി ഉറപ്പ് നല്‍കി. കോഴിക്കോട്, തലശ്ശേരി – മാഹി, കഴക്കൂട്ടം- കോവളം ബൈപ്പാസുകള്‍ യാഥാര്‍ഥ്യമാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി ഉറപ്പ് നല്‍കിയതായി ഉമ്മന്‍ ചാണ്ടി അറിയിച്ചു. അരൂര്‍ -എടപ്പള്ളി എലിവേറ്റഡ് ഹൈവേക്ക് ധനസഹായം നല്‍കണമെന്നും ആവശ്യമുന്നയിച്ചു.
കൊച്ചി പാലക്കാട് ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് മാനുഫാക്ചറിംഗ് ഇന്‍വെസ്റ്റ്‌മെന്റ് സോണ്‍ (എന്‍ ഐ എം ഇസഡ്) പദ്ധതിക്ക് വിജ്ഞാപനം പുറപ്പെടുവിക്കണമെന്നും ഏലം കള്ളക്കടത്ത് തടയാന്‍ ശക്തമായ നടപടി ഉണ്ടാകണമെന്നും വ്യവസായ വാണിജ്യ മന്ത്രി ആനന്ദ് ശര്‍മയുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വൈതരണി വെസ്റ്റ് കല്‍ക്കരി പാടങ്ങള്‍ കേരളത്തിന് വീണ്ടും അനുവദിക്കുകയും കൂടുതല്‍ കല്‍ക്കരി പാടങ്ങള്‍ അനുവദിക്കുകയും വേണമെന്ന് കേന്ദ്ര ഖനന മന്ത്രി ശ്രീപ്രകാശ് ജയ്‌സ്വാളിനോട് ആവശ്യപ്പെട്ടു.
കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ധനസഹായം, തീരദേശ ഷിപ്പിംഗിന് പ്രോത്സാഹനം, വിഴിഞ്ഞം തുറമുഖത്തിന് പരിഗണന എന്നിവയാണ് ഷിപ്പിംഗ് മന്ത്രി ജി കെ വാസന് നല്‍കിയ നിവേദത്തിലെ ആവശ്യങ്ങള്‍. കേരളത്തിന് 200 മെഗാവാട്ട് വൈദ്യുതി കുറഞ്ഞ നിരക്കില്‍ അനുവദിക്കണമെന്ന് ഊര്‍ജ സഹമന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുമായി നടത്തിയ ചര്‍ച്ചയില്‍ കേരളം ആവശ്യപ്പെട്ടു.