Connect with us

National

കാര്‍ഷിക കടം എഴുതിത്തള്ളിയതില്‍ വ്യാപക ക്രമക്കേട്‌

Published

|

Last Updated

ന്യൂഡല്‍ഹി:രാജ്യത്ത് കര്‍ഷക ആത്മഹത്യകള്‍ ഇല്ലാതാക്കാന്‍ 2008ല്‍ യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന അഭിമാന പദ്ധതിയായ കാര്‍ഷിക വായ്പാ എഴുതിത്തള്ളലില്‍ വ്യാപക ക്രമക്കേടെന്ന് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി). 52,000 കോടി രൂപയുടെ കാര്‍ഷിക വായ്പ എഴുതിത്തള്ളിയതില്‍ ക്രമക്കേടുണ്ടെന്ന സി എ ജി റിപ്പോര്‍ട്ട് പാര്‍ലിമെന്റിന്റെ മേശപ്പുറത്ത് വെച്ചു. അനര്‍ഹരായ നിരവധി കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ ലഭിച്ചപ്പോള്‍ അര്‍ഹരായവര്‍ തഴയപ്പെട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിലും വ്യാപക ക്രമക്കേട് നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സി എ ജിക്ക് ഏറ്റവും കൂടുതല്‍ പരാതി ലഭിച്ച രണ്ടാമത്തെ സംസ്ഥാനമാണ് കേരളം. നാല് കോടി കര്‍ഷകരുടെ 52,000 കോടി രൂപയാണ് കാര്‍ഷിക വായ്പയെന്ന ഇനത്തില്‍ സര്‍ക്കാര്‍ എഴുതിതള്ളിയത്. ഇതു സംബന്ധിച്ച 90,576 കേസുകളില്‍ 20,216 എണ്ണത്തില്‍ വന്‍ ക്രമക്കേട് നടന്നതായി സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. കടാശ്വാസം ലഭിച്ച 80,299 അക്കൗണ്ടുകളില്‍ 8.5 ശതമാനം പേര്‍ അതിന് അര്‍ഹരായിരുന്നില്ല. 20.5 കോടി രൂപയാണ് ഇത്തരത്തില്‍ എഴുതിത്തള്ളിയത്. ക്രമക്കേടിന് ബേങ്ക് ഉദ്യോഗസ്ഥരും കൂട്ടുനിന്നതായും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്നും റിപ്പോര്‍ട്ട് ശിപാര്‍ശ ചെയ്യുന്നു. കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി വായ്പ എടുത്ത കര്‍ഷകരുടെ കുടിശ്ശിക ഈയിനത്തില്‍പെടുത്തി സര്‍ക്കാര്‍ എഴുതിത്തള്ളുകയായിരുന്നു. കാര്‍ഷിക വായ്പ അനുവദിക്കുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശം ഉണ്ടായിരുന്നിട്ടും അത് പാലിക്കാതെ വായ്പ അനുവദിക്കുകയായിരുന്നും സി എ ജി റിപ്പോര്‍ട്ടില്‍ പറയുന്നു. കടാശ്വാസം നല്‍കുന്നതിന് പകരം കടം പൂര്‍ണമായി എഴുതിത്തള്ളി. ഇതോടൊപ്പം മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും കടാശ്വാസ പദ്ധതിയുടെ ഗുണം ലഭിച്ചു. സ്വര്‍ണപ്പണയത്തിന് നാല് ശതമാനം നിരക്കില്‍ കാര്‍ഷിക ലോണായാണ് പല ബേങ്കുകളും സഹായം നല്‍കിയത്. ബേങ്കുകള്‍ സര്‍ക്കാറില്‍ നിന്ന് ലീഗല്‍ ചാര്‍ജ്, പലിശ, മറ്റ് അനുബന്ധ ചെലവുകള്‍ തുടങ്ങിയ ഇനത്തില്‍ തുക എഴുതി വാങ്ങുകയും ചെയ്തു. കടാശ്വാസ പദ്ധതിയിലെ വ്യവസ്ഥകള്‍ പ്രകാരം ഈ തുകകള്‍ എല്ലാം തന്നെ ബേങ്കുകള്‍ സ്വയം വഹിക്കുകയാണ് വേണ്ടത്.

മൂന്ന് ലക്ഷത്തി എഴുപതിനായിരം കര്‍ഷകര്‍ക്ക് 55000 കോടി രൂപയുടെതായിരുന്നു കാര്‍ഷിക ലോണ്‍ പദ്ധതി. 2828 അക്കൗണ്ടുകളിലാണ് കൃത്രിമം നടന്നത് കണ്ടെത്തിയത്. കടം എഴുതിത്തള്ളിയ 34 ശതമാനം പേര്‍ക്കും ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റ് ബേങ്കുകള്‍ നല്‍കിയിട്ടുമില്ല. ആനുകൂല്യത്തിന് അര്‍ഹരായവരെ കണ്ടെത്താന്‍ ബേങ്കുകള്‍ ലിസ്റ്റ് തയ്യാറാക്കിയില്ല. പദ്ധതി അര്‍ഹരായവരില്‍ എത്തിക്കുന്നതില്‍ ബേങ്കുകളും കണക്ക് പരിശോധിക്കുന്നതില്‍ ഓഡിറ്റര്‍മാരും വീഴ്ചവരുത്തിയെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ധനമന്ത്രി പി ചിദംബരം ശിപാര്‍ശ ചെയ്തു.

---- facebook comment plugin here -----

Latest