ട്രെയിനില്‍ റാഗിംഗ്: പ്രതി ഒരു വര്‍ഷത്തിന് ശേഷം പിടിയില്‍

Posted on: March 6, 2013 12:20 am | Last updated: March 6, 2013 at 12:20 am
SHARE

കൊച്ചി: ട്രെയിനില്‍ നാട്ടിലേക്ക് മടങ്ങുകയായിരുന്ന രണ്ട് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികളെ ഈറോഡില്‍ വെച്ച് ക്രൂരമായി റാഗിംഗിനിരയാക്കിയ കേസിലെ പ്രതി പാറശ്ശാല ദര്‍ശന ഹൗസില്‍ വി എല്‍ കിരണിനെ(24) ഒരു വര്‍ഷത്തിന് ശേഷം പോലീസ് അറസ്റ്റ് ചെയ്തു. ഡി സി ആര്‍ ബി അസിസ്റ്റന്റ് കമ്മീഷണര്‍ ആമോസ് മാമനും സംഘവും തിങ്കളാഴ്ച രാത്രി ഇയാളുടെ ഒളിത്താവളത്തില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്. കോലഞ്ചേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ചോദ്യം ചെയ്യലിനായി നാല് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. കേസിലെ ഒന്നാം പ്രതി ഓച്ചിറ സ്വദേശി അഖില്‍ ബാബു, അഞ്ചാം പ്രതി പത്തനംതിട്ട സ്വദേശി ജസ്റ്റിന്‍ ടോം ജോണ്‍ എന്നിവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയിരുന്നു. ജ്ഞാനമണി എന്‍ജിനീയറിംഗ് കോളജിലെ വിദ്യാര്‍ഥികളായ ഗീവര്‍ഗീസ് ജോണ്‍, അരുണ്‍രാജ് എന്നിവരെയാണ് റാഗ് ചെയ്തത്.