Connect with us

Eranakulam

കെ എസ് ആര്‍ ടി സി: താത്കാലികാശ്വാസ നടപടികളോട് സര്‍ക്കാറിന് വിമുഖത

Published

|

Last Updated

കൊച്ചി:ഇന്ധനത്തിനുമേല്‍ വന്‍കിട കമ്പനികള്‍ക്കുള്ള പ്രത്യേക നികുതി സംസ്ഥാന റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ക്കും ഏര്‍പ്പെടുത്തിയതോടെ പ്രതിസന്ധിയിലായ കെ എസ് ആര്‍ ടി സി താത്കാലികാശ്വാസ നടപടികള്‍ സ്വീകരിക്കുന്നതില്‍ സര്‍ക്കാറിന് വിമുഖത. വന്‍കിട ഉപഭോക്താവെന്ന നിലയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകള്‍ ഡീസലിന് അധിക വില നല്‍കണമെന്ന തീരുമാനം വന്നതോടു കൂടി മറ്റ് സംസ്ഥാന റോഡ് കോര്‍പ്പറേഷനുകള്‍ സ്വകാര്യ പമ്പുകളെ ആശ്രയിക്കുമ്പോള്‍ കെ എസ് ആര്‍ ടി സി ഇക്കാര്യം ആലോചിച്ചിട്ടു പോലുമില്ല.
പ്രത്യേക നികുതിയിളവ് എടുത്തുകളഞ്ഞതോടെ രാജ്യത്തെ ഒട്ടുമിക്ക സംസ്ഥാനങ്ങളും റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ ബസുകള്‍ക്ക് സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിക്കഴിഞ്ഞു.എന്നാല്‍ സ്വകാര്യ പമ്പുകളില്‍നിന്ന് ഇന്ധനം നിറക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന മുടന്തന്‍ ന്യായങ്ങള്‍ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍, കെ എസ് ആര്‍ ടി സിക്ക് സഹായം തേടി കേന്ദ്രസര്‍ക്കാറിനെ സമീപിക്കുകയാണ് ചെയ്തിരിക്കുന്നത്.കോണ്‍ഗ്രസേതര പാര്‍ട്ടികള്‍ ഭരിക്കുന്ന തമിഴ്‌നാട്, ഗുജറാത്ത്, പഞ്ചാബ് സംസ്ഥാനങ്ങള്‍ ആഴ്ചകള്‍ക്ക് മുമ്പ് തന്നെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ഡിപ്പോകള്‍ക്ക് സമീപത്ത് നിന്നുള്ള പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നതിനാണ് തമിഴ്‌നാട് സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. അടിക്കുന്ന ഡീസലിന്റെ കണക്ക് രേഖപ്പെടുത്തുന്നതിനും അടുത്ത ദിവസം പണം ചെക്കായി നല്‍കുന്നതിനുമായി കോര്‍പ്പറേഷന്‍ ജീവനക്കാരെ നിയമിച്ചിട്ടുണ്ട്. ഗുജറാത്തിലാകട്ടെ എണ്ണക്കമ്പനികള്‍ ഓര്‍ഡര്‍ നല്‍്കാതെ സ്വകാര്യ പമ്പുകളില്‍ നിന്ന് ഇന്ധനമടിച്ചാല്‍ മതിയെന്നതാണ് സര്‍ക്കാര്‍ നിര്‍ദേശം. കോണ്‍ഗ്രസ് ഭരിക്കുന്ന മഹാരാഷ്ട്രയില്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനുകളുടെ പ്രാദേശിക ഡിപ്പോകള്‍ക്ക് ഡീസല്‍ വാങ്ങുന്നതിനുള്ള അനുമതി നല്‍്കിയാണ് സര്‍ക്കാര്‍ സ്വകാര്യപമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുന്നത്.ആന്ധ്രയില്‍ സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കാന്‍ തീരുമാനമായെങ്കിലും നികുതി കുറക്കുന്നതുള്‍പ്പെടെയുള്ള നടപടികളും ആന്ധ്രാ സര്‍ക്കാറിന്റെ സജീവ പരിഗണനയിലാണ്.നികുതിയിളവിന്റെ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറില്‍ നിന്ന് അനുകൂല നിലപാടില്ലെന്നതിനാല്‍ കെ എസ് ആര്‍ ടി സിയെ സഹായിക്കുന്നതിനുള്ള താത്കാലിക നടപടികള്‍ക്ക് അടിയന്തര പരിഗണന നല്‍കേണ്ടതുണ്ടെങ്കിലും സര്‍ക്കാര്‍ അക്കാര്യങ്ങള്‍ ആലോചിക്കാന്‍ പോലും തയ്യാറാകുന്നില്ലെന്ന് മുന്‍ ഗതാഗത മന്ത്രി ജോസ് തെറ്റയില്‍ ആരോപിച്ചു. സി എന്‍ ജി പോലുള്ള സംവിധാനങ്ങള്‍ നടപ്പാക്കാന്‍ കാലതാമസമെടുക്കുമെന്നും അതിന് പകരം കെ എസ് ആര്‍ ടി സി വാങ്ങുന്ന ഡീസലിനുള്ള സംസ്ഥാന നികുതി കുറക്കുന്നതിന് സര്‍ക്കാര്‍ തയ്യാറാകണമെന്നും ജോസ് തെറ്റയില്‍ പറഞ്ഞു. 19 ശതമാനത്തിനടുത്താണ് ഇപ്പോള്‍ ഈടാക്കി വരുന്ന നികുതി. നികുതി കുറക്കുന്നതിന് നടപടി സ്വീകരിക്കുകയും അതോടൊപ്പം സ്വകാര്യ പമ്പുകളില്‍നിന്ന് ഡീസല്‍ അടിക്കുന്നതിന് സംവിധാനവും ഏര്‍പ്പെടുത്തിയാല്‍ താത്കാലിക ആശ്വാസമാവുമെന്നാണ് ജോസ് തെറ്റയിലിന്റെ വിലയിരുത്തല്‍

അതേസമയം സ്വകാര്യ പമ്പുകളില്‍ നിന്ന് ഡീസല്‍ അടിക്കുകയെന്നത് കേരളത്തിന്റെ സവിശേഷ സാഹചര്യത്തില്‍ എത്രമാത്രം പ്രായോഗികമാകുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്ന് എ ഐ ടി യു സി നേതാവ് കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു. നികുതി പൂര്‍ണമായും ഒഴിവാക്കിയില്ലെങ്കിലും കെ എസ് ഇ ബി പോലുള്ള സ്ഥാപനങ്ങള്‍ക്ക് ഡീസലിന് നല്‍കുന്ന നികുതി ഇളവ് നല്‍കാനെങ്കിലും തയ്യാറാകുകയും കെ എസ് ആര്‍ ടിസിയുടെ പെന്‍ഷന്‍ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്താല്‍ താത്കാലിക ആശ്വാസം ലഭിക്കുമെന്നും കാനം രാജേന്ദ്രന്‍ ചൂണ്ടിക്കാട്ടി.

Latest