സത്യാവസ്ഥ തെളിയിക്കേണ്ടത് സര്‍ക്കാര്‍: മഹിളാ കോണ്‍ഗ്രസ്

Posted on: March 6, 2013 12:12 am | Last updated: March 6, 2013 at 12:12 am
SHARE

തിരുവനന്തപുരം: മന്ത്രി ഗണേഷ് കുമാറിനെതിരായ ആരോപണങ്ങളുടെ സത്യാവസ്ഥ തെളിയിക്കേണ്ടത് സര്‍ക്കാറിന്റെ ചുമതലയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ബിന്ദു കൃഷ്ണ. സര്‍ക്കാറും യു ഡിഎഫും അടിയന്തരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കണമെന്നും അവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
പ്രശ്‌നം ഇപ്പോള്‍ സമനിലയിലാണ്. ഒരാള്‍ ആരോപണം ഉന്നയിച്ചു. മറ്റൊരാള്‍ നിഷേധിച്ചു. ഇവരില്‍ ആരോ ഒരാള്‍ കളവ് പറയുകയാണെന്ന് വ്യക്തമാണ്. വരും ദിവസങ്ങളില്‍ അത് എല്ലാവര്‍ക്കും ബോധ്യമാകും.
രണ്ട് പുരുഷന്മാര്‍ തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങളുടെ അടിസ്ഥാനത്തില്‍ മഹിളാ കോണ്‍ഗ്രസ് പ്രതികരിക്കേണ്ടതില്ല. കൂടുതല്‍ വസ്തുതകള്‍ പുറത്തു വരുമ്പോള്‍ ആവശ്യമെങ്കില്‍ പ്രതികരിക്കുമെന്നും അവര്‍ പറഞ്ഞു. സ്ത്രീസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായിരിക്കുന്ന ഈ കാലത്ത് ഇത്തരം വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നത് ആരുടെ ഭാഗത്തു നിന്നായാലും നിര്‍ഭാഗ്യകരമാണ്. ഉത്തരവാദപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവര്‍ മാന്യത പുലര്‍ത്താന്‍ തയാറാകണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കണം. മലപ്പുറത്തെ മൈസൂര്‍ കല്യാണം പോലുള്ള അനാചാരങ്ങള്‍ സമൂഹത്തിന് അപമാനമാണ്. മൈസൂരിലെ ഇരുളറകളില്‍ ദുരിതം പേറി ജീവിക്കുന്ന സ്ത്രീകളെ രക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാറിന്റെയും, പോലീസിന്റെയും സഹായം തേടണം.
ഈ പ്രശ്‌നത്തില്‍ സാമൂഹിക സാംസ്‌കാരിക സംഘടനകളും സര്‍ക്കാറും ശക്തമായി ഇടപെടണം. രാഷ്ട്രീയ പ്രശ്‌നങ്ങളിലടക്കം എല്ലാ പ്രശ്‌നങ്ങളിലും തലയിടുന്ന സാമുദായിക നേതാക്കള്‍ പക്ഷെ തങ്ങളുടെ സമുദായങ്ങളില്‍ നടക്കുന്ന ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തുന്നില്ലെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.
അന്തര്‍ദേശീയ വനിതാ ദിനമായ ഈ മാസം എട്ടിന് മഹിളാ കോണ്‍ഗ്രസ് വനിതാ സംരക്ഷണ ദിനമായി ആചരിക്കും. ഇതിന്റെ ഭാഗമായി സ്ത്രീ സംരക്ഷണം രാഷ്ട്ര ദൗത്യം എന്ന വിഷയത്തില്‍ ജില്ലകളില്‍ സെമിനാര്‍ നടത്തും.
സംസ്ഥാനതല ഉദ്ഘാടനം കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുമെന്ന് അഡ്വ ബിന്ദു കൃഷ്ണ അറിയിച്ചു.