കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ കൈമാറിയത് താന്‍ തന്നെയെന്ന് എട്ടാം സാക്ഷി

Posted on: March 6, 2013 12:10 am | Last updated: March 6, 2013 at 12:10 am
SHARE

കോഴിക്കോട്: ടി പി വധക്കേസിലെ എട്ടാം സാക്ഷി സി പി ഹാരിസ് പോലീസ് സമ്മര്‍ദത്തിന് വഴങ്ങിയാണ് സാക്ഷി പറയാനെത്തിയതെന്ന് പ്രതിഭാഗം. എന്നാല്‍ ആരോപണം ഹാരിസ് നിഷേധിച്ചു. സാക്ഷി പറയാന്‍ വേണ്ടി പോലീസ് കുറെക്കാലം രഹസ്യമായി ഹാരിസിനെ കസ്റ്റഡിയില്‍ വെച്ച ശേഷമാണ് കോടതിയില്‍ ഹാജരാക്കിയതെന്നും പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചു. പോലീസിനോടുള്ള ഭയവും അന്വേഷണ ഉദ്യോഗസ്ഥരുടെ നിര്‍ബന്ധവും കൊണ്ടാണ് ഹാരിസ് സാക്ഷി പറയാനെത്തിയത്. നവീന്‍ ദാസിന്റെ ഉടമസ്ഥതയിലുള്ള കാര്‍ വാടകക്ക് നല്‍കിയത് പി വി റഫീഖിനല്ലെന്ന് ഹാരിസിനെ വിസ്തരിക്കുന്നതിനിടെ അഭിഭാഷകര്‍ അഡീഷനല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ വ്യക്തമാക്കി.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം നിഷേധിച്ച ഹാരിസ് കൊലയാളി സംഘം സഞ്ചരിച്ച ഇന്നോവ കാര്‍ വായപ്പടച്ചി റഫീഖിന് കൈമാറിയത് താന്‍ തന്നെയെന്ന് പറഞ്ഞു. ഇന്നോവ കാറിന്റെ കാര്യവുമായി ബന്ധപ്പെട്ട് ഇന്നലെയും തിങ്കളാഴ്ചയും രണ്ട് തവണയടക്കം പോലീസ് പത്ത് പ്രാവശ്യമെങ്കിലും തന്നെ ഫോണില്‍ വിളിച്ചു. സാക്ഷി പറയുന്നതുമായി ബന്ധപ്പെട്ട് ജീവന് ഭീഷണിയുള്ളതിനാല്‍ അത് സംബന്ധിച്ച വിവരം അന്വേഷിക്കാനാണ് വിളിച്ചത്. പുത്തലത്ത് റഫീഖ്, വലിയ പുത്തന്‍പുരയില്‍ റഫീഖ്, വായപ്പടച്ചി റഫീഖ് എന്നീ പേരുകളില്‍ അറിയപ്പെടുന്ന മാഹി പള്ളൂര്‍ ചാലക്കര വലിയ പുത്തലത്ത് പി വി റഫീഖിന് തന്നെയാണ് തലശ്ശേരി സ്വദേശി റിജേഷ് മുഖാന്തരം താന്‍ കാര്‍ കൈമാറിയതെന്നും ഹാരിസ് പറഞ്ഞു.ടി പി വധത്തിന് പിന്നില്‍ എന്‍ ഡി എഫാണെന്ന് പ്രതിഭാഗം അഭിഭാഷകര്‍ നേരത്തെ കോടതിയില്‍ വാദിച്ചിരുന്നു. ഹാരിസിനെ വിസ്തരിക്കുന്നതിനിടെയും ഇത്തരത്തിലുള്ള ശ്രമങ്ങളുണ്ടായി. ഹാരിസിന്റെ പാര്‍ട്ണര്‍ ആയ ശാക്കിര്‍ അറിയപ്പെടുന്ന ഒരു എന്‍ ഡി എഫ് നേതാവാണെന്നത് ശരിയല്ലേന്ന് പ്രതിഭാഗം അഭിഭാഷകന്‍ അഡ്വ. വിനോദ്കുമാര്‍ ചോദിച്ചു. ശരിയല്ലെന്ന് സാക്ഷി മറുപടി നല്‍കി. ശാക്കിര്‍ അല്ലേ ഇന്നോവ കാര്‍ സംബന്ധിച്ച ഇടപാട് നടത്തിയതെന്നും ശാക്കിറിനെ രക്ഷിക്കാന്‍ വേണ്ടിയാണ് ഹാരിസ് കോടതിയില്‍ കളവായി മൊഴി നല്‍കുന്നതെന്നും അഡ്വ. വിനോദ്കുമാര്‍ ചൂണ്ടിക്കാട്ടി. ഇത് തെറ്റാണെന്ന് പറഞ്ഞ ഹാരിസ് താന്‍ തന്നെയാണ് വാടകക്ക് വാഹനം ഏര്‍പ്പാടാക്കാന്‍ ഇടനിലക്കാരനായി നിന്നതെന്നും കോടതിയെ ബോധിപ്പിച്ചു.

പ്രതിഭാഗം അഭിഭാഷകനായ അഡ്വ. എം അശോകന്റെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ പലപ്പോഴും ഹാരിസ് പതറി. എന്നാല്‍ സാക്ഷി പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണെന്ന് സ്ഥാപിക്കാന്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. സി കെ ശ്രീധരന് പലപ്പോഴും ഇടപെടേണ്ടി വന്നു.
നേരത്തെ പ്രോസിക്യൂഷന്‍ കൂറൂമാറ്റ ആരോപണം ഉന്നയിച്ച 16-ാം സാക്ഷി വി കെ സുമേഷി (കൊച്ചക്കാലന്‍ സുമേഷ്)ന്റെ വിസ്താരം ഇന്ന് നടക്കും. ഇയാളുടെ വിസ്താരത്തിന് ശേഷം വള്ളിക്കാട് ബ്രദേഴ്‌സ് ക്ലബ് ഭാരവാഹികളെ വിസ്തരിക്കും.