പ്രസിദ്ധീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നടപടി :മന്ത്രി

Posted on: March 6, 2013 12:06 am | Last updated: March 6, 2013 at 12:06 am
SHARE

തിരുവനന്തപുരം: ഹോട്ടലുകളിലും കടകളിലും ഭക്ഷ്യ സാധനങ്ങളുടെ വില ഏകീകരണത്തിന് നിയമം നിര്‍മിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്. കടകളില്‍ ഭക്ഷണ സാധനങ്ങളുടെ വിലയും അളവും നിര്‍ബന്ധമായും പ്രസിദ്ധീകരിക്കണമെന്നും വീഴ്ച വരുത്തുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിന് കേന്ദ്ര മന്ത്രിയുമായി നടത്തിയ ചര്‍ച്ച പ്രതീക്ഷാര്‍ഹമാണെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. ഉപഭോക്തൃ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടന്ന ശില്‍പ്പശാല മസ്‌ക്കറ്റ് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കേന്ദ്രത്തില്‍ നിന്നും ഭക്ഷ്യപൊതുവിതരണ മേഖലക്ക് ലഭിക്കുന്ന അലോട്ട്‌മെന്റ് കൃത്യമായി ലഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സഹകരണ സ്ഥാപനങ്ങളുമായും ഓരോ താലൂക്കിലെയും ഡിപ്പോയുമായും സഹകരിച്ച് ഇന്റര്‍മീഡിയറ്റ് ഗോഡൗണ്‍ നിര്‍മിക്കും. കേരളത്തില്‍ ഭക്ഷ്യ സുരക്ഷാ ബില്‍ യാഥാര്‍ഥ്യമാകുന്നതോടെ പുത്തന്‍ ഉപഭോക്തൃ സംസ്‌കാരമുണ്ടാകുമെന്നും മന്ത്രി അവകാശപ്പെട്ടു.
ഉപഭോക്തൃ ബോധവത്കരണത്തിന്റെ ഭാഗമായി സ്‌കൂളുകളില്‍ കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ ആവിഷ്‌കരിക്കണം. നിലവില്‍ നാല് ജില്ലകളിലാണ് സ്‌കൂളുകളില്‍ കണ്‍സ്യൂമര്‍ ക്ലബ്ബുകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരം ക്ലബ്ബുകള്‍ മറ്റു ജില്ലകളിലേക്ക് വ്യാപിപ്പിക്കുന്നതോടെ ഉപഭോക്തൃ മേഖലയെക്കുറിച്ച് ജനത്തിന് കൂടുതല്‍ അറിവ് ലഭിക്കും. സ്‌കൂളുകളില്‍ ഉപഭോക്തൃ നിയമം പഠനവിഷയമാക്കണമെന്നും മന്ത്രി പറഞ്ഞു.
ഉപഭോക്തൃ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുന്നതിന് ഡയറക്ടറേറ്റ് രൂപവത്കരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായും മന്ത്രി അറിയിച്ചു. കെ മുരളീധരന്‍ എം എല്‍ എ അധ്യക്ഷനായിരുന്നു.