ഇംതിയാസ് ഖാന്‍ വധം: മുഖ്യപ്രതിയെ ചോദ്യം ചെയ്തു തുടങ്ങി

Posted on: March 5, 2013 11:26 pm | Last updated: March 6, 2013 at 12:06 am
SHARE

കൊച്ചി: ഇംതിയാസ് ഖാന്‍ വധക്കേസില്‍ മുഖ്യപ്രതി മരട് അനീഷ് എന്ന മരട് അനാക്കാട്ടില്‍ വീട്ടില്‍ അനീഷിനെ കൊച്ചിയിലെത്തിച്ച് ചോദ്യം ചെയ്തു തുടങ്ങി. എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ സുനില്‍ ജേക്കബിന്റെ നേതൃത്വത്തില്‍ ആദ്യ ദിവസം കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ അനീഷ് തയ്യാറായില്ലെന്നാണ് അറിയുന്നത്. 12 ദിവസത്തേക്കാണ് കോടതി ഇയാളെ പോലീസ് കസ്റ്റഡിയില്‍ നല്‍കിയിരിക്കുന്നത്.
നിരവധി സ്പിരിറ്റ് കേസുകളില്‍ പ്രതിയായ അനീഷിനെ ഇന്നലെ രാവിലെയാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞയാഴ്ച മധുരയിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ കീഴടങ്ങിയ ഇയാളെ പോലീസിന്റെ അപേക്ഷയെത്തുടര്‍ന്ന് ഇന്നലെയാണ് തമിഴ്‌നാട് പോലീസ് കൊച്ചിയിലേക്ക് കൊണ്ടുവന്നത്. ഇയാള്‍ക്കൊപ്പം കീഴടങ്ങിയ പാടിവട്ടത്തെ അജിയെയും മറ്റ് പ്രതികളെയും ഇനിയും പോലീസിന് കസ്റ്റഡിയില്‍ ലഭിച്ചിട്ടില്ല. തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ട് അവിടെ പോലീസ് ചോദ്യം ചെയ്യുന്നതിനാലാണ് ലഭിക്കാത്തതെന്നാണ് സൂചന. അജിയെയും പാലക്കാട്ടെ അനീഷ്, മധുരയിലെ ഈശ്വേ, ശിവകാശിയിലെ സോണേഷ് കുമാര്‍ എന്നിവരെയും വൈകാതെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.
കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ സംഘവുമായി ഇംതിയാസിനുള്ള ബന്ധം മനസ്സിലാക്കിയതോടെയാണ് അനീഷ് അടങ്ങിയ ക്വട്ടേഷന്‍ സംഘത്തിലേക്ക് അന്വേഷണം നീങ്ങിയത്.
അനീഷിന്റെ കാമുകിക്ക് വന്ന ഫോണ്‍ സന്ദേശങ്ങള്‍ ചോര്‍ത്തിയാണ് പോലീസ് പ്രതികളുടെ നീക്കങ്ങള്‍ മനസ്സിലാക്കിയത്. രണ്ട് എസ്.ഐമാരുടെ നേതൃത്വത്തിലെ രണ്ട് പ്രത്യേക സംഘങ്ങള്‍ ഇവരുടെ നീക്കങ്ങള്‍ നിരീക്ഷിച്ചുവരികയായിരുന്നു. ഒടുവില്‍ പിടിയിലാകുമെന്ന് ഏറെക്കുറെ ഉറപ്പായതോടെയാണ് അഞ്ചംഗ സംഘം കീഴടങ്ങലിന് തയാറായത്.ഗുണ്ടാ കുടിപ്പകയുടെ പേരിലാണ് യുവ വ്യവസായിയായ ഇംതിയാസ് കൊല ചെയ്യപ്പെട്ടത്.