ചന്ദനം കടത്തുന്നതിനിടെ രക്ഷപ്പെട്ട രണ്ട് പേര്‍ അറസ്റ്റില്‍

Posted on: March 5, 2013 11:25 pm | Last updated: March 5, 2013 at 11:25 pm
SHARE

കാസര്‍കോട്: മറയൂരില്‍ സംരക്ഷിത മേഖലയില്‍ നിന്ന് മോഷ്ടിച്ച ചന്ദനം കടത്തുന്നതിനിടെ വനം വകുപ്പിനെ വെട്ടിച്ച് കടന്ന സംഘത്തെ കാസര്‍കോട് നിന്ന് പിടികൂടി.
വിദ്യാനഗറിലെ ലോറി ഖാദര്‍ എന്നറിയപ്പെടുന്ന അബ്ദുല്‍ ഖാദിര്‍ (51), ചെങ്കള നാലാം മൈലിലെ അഹമ്മദ് (48) എന്നിവരെയാണ് മറയൂരില്‍ നിന്നെത്തിയ വനം വകുപ്പ് സ്‌ക്വാഡ് പിടികൂടിയത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 18 ന് ഇടുക്കി ജില്ലയിലെ നേരിയമംഗലത്ത് വെച്ച് വനംവകുപ്പ് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് മൂന്നംഗ സംഘം കാറുപേക്ഷിച്ച് രക്ഷപ്പെട്ടത്.
കാറില്‍ നിന്ന് 70 കിലോ ചന്ദനവും 60 കിലോ ചന്ദന ചീളുകളും കണ്ടെടുക്കുകയും കാറ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് ഇന്നലെ കാസര്‍കോട് നിന്ന് രണ്ട് പ്രതികളെ പിടികൂടിയത്.
മറയൂരില്‍ നിന്നെത്തിയ റെയ്ഞ്ച് ഓഫീസര്‍ ബി രഞ്ജിത്ത്, ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസര്‍ ആന്റു ജോസ്, കാസര്‍കോട് റെയ്ഞ്ച് ഓഫീസര്‍ രാജീവന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ വീട്ടില്‍നിന്ന് പിടികൂടിയത്.