പക്ഷികളും മത്സ്യങ്ങളും ഔഷധ സസ്യങ്ങളും വംശനാശ ഭീഷണിയില്‍

Posted on: March 5, 2013 11:22 pm | Last updated: March 6, 2013 at 12:06 am
SHARE

ചങ്ങരംകുളം;പൊന്നാനി-തൃശൂര്‍ കോള്‍ മേഖലയിലെ ജൈവ വൈവിധ്യം തകരുന്നതായി റിപ്പോര്‍ട്ടുകള്‍. ഇതോടെ പക്ഷികള്‍, മത്സ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍ എന്നിവയുടെ നിലനില്‍പ്പ് അപകട ഭീഷണിയിലായി. വനംവകുപ്പും വിവിധ സ്വകാര്യ ഏജന്‍സികളുമാണ് കോള്‍ മേഖലകളില്‍ പഠനം നടത്തിയത്. വനം വകുപ്പിന് കീഴില്‍ നടത്തിയ പക്ഷി സര്‍വേയില്‍ 15,238 പക്ഷികളുടെ കുറവാണ് രേഖപ്പെടുത്തിയത്.

ഒരു മാസത്തിലേറെ നീണ്ടുനിന്ന നിരീക്ഷണത്തില്‍ 100 പക്ഷി നിരീക്ഷകരാണ് പങ്കെടുത്തത്. ഒരു മാസം മുമ്പാണ് കോള്‍ മേഖലകളിലെ പക്ഷികളുടെ കണക്കെടുപ്പിന് നിരീക്ഷണം നടത്തിയത്. കഴിഞ്ഞ വര്‍ഷം കോള്‍ മേഖലകളില്‍ 46,002 പക്ഷികളെ കണ്ടെത്തിയപ്പോള്‍ ഈ വര്‍ഷം 30,764 പക്ഷികളെ മാത്രമാണ് കണ്ടെത്താന്‍ കഴിഞ്ഞതെന്നാണ് റിപ്പോര്‍ട്ട്.
പക്ഷിവേട്ടയും പരിസ്ഥിതി നശീകരണത്തെ തുടര്‍ന്നുണ്ടാകുന്ന ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയും പക്ഷികളുടെ കുറവിന് കാരണമായിട്ടുണ്ട്. കൊക്ക്, എരണ്ട തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട പക്ഷികളെയാണ് വ്യാപകമായി വേട്ടയാടുന്നത്. ആവാസ വ്യവസ്ഥയുടെ തകര്‍ച്ചയെത്തുടര്‍ന്ന് കാലാവസ്ഥയിലുണ്ടായ വ്യതിയാനത്തെതുടര്‍ന്നും ദേശാടന പക്ഷികളുടെ എണ്ണത്തിലും കുറവ് സംഭവിച്ചിട്ടുണ്ട്. വയല്‍ നികത്തലും അശാസ്ത്രീയമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും അമിതമായ രാസകീടനാശിനി പ്രയോഗങ്ങളും ഭീഷണിയാകുന്നതായി വിവിധ പഠനങ്ങളില്‍ പറയുന്നുണ്ട്.
450ല്‍ പരം ഇനത്തില്‍പെട്ട പക്ഷികളും, 50ല്‍ പരം മത്സ്യങ്ങളും 94 സ്പീഷ്യസി ഔഷധ സസ്യങ്ങളും ഈ മേഖലയില്‍ കണ്ടുവരുന്നുണ്ട്. അശാസ്ത്രീയമായ മത്സ്യബന്ധനവും പരിസ്ഥിതി നശീകരണ പ്രവര്‍ത്തനങ്ങളും വളര്‍ത്തു മത്സ്യങ്ങള്‍ കായലില്‍ എത്തിപ്പെടുന്നതും മത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്. ഇരുപത്തി ഏഴോളം ഇനം മത്സ്യങ്ങള്‍ക്കാണ് വംശനാശം നേരിട്ടുകൊണ്ടിരിക്കുന്നത്.
ചീനല്‍ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും അശാസ്ത്രീയമായ ബണ്ടു നിര്‍മാണങ്ങളും ചില പ്രദേശങ്ങളിലേക്കുള്ള മത്സ്യങ്ങളുടെ ഒഴുക്കിനെ തടയുമ്പോള്‍ കൂടുകള്‍ തകര്‍ന്ന് കായലില്‍ എത്തുന്ന വളര്‍ത്തു മത്സ്യങ്ങള്‍ ചെറു മത്സ്യങ്ങളെ വന്‍തോതില്‍ ഭക്ഷിക്കുന്നത് ചെറുമത്സ്യങ്ങളുടെ വംശനാശത്തിന് കാരണമാകുന്നുണ്ട്.
കോള്‍ മേഖലയിലെയും സമീപ പ്രദേശങ്ങളിലെയും അമൂല്യ ഔഷധ സസ്യങ്ങളുടെ ലഭ്യതയെ ആശ്രയിച്ച് നിരവധി ആയൂര്‍വേദ മരുന്ന് നിര്‍മാണ ഫാക്ടറികളും ഈ മേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. സമീപകാലത്തായി പല ഔഷധ സസ്യങ്ങളും കോള്‍ മേഖലയില്‍ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. കോള്‍ മേഖലയെയും ജൈവവൈവിധ്യവും സംരക്ഷിക്കുന്നതിന് ദീര്‍ഘ വീക്ഷണത്തിലുള്ള പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ മാത്രമേ കോള്‍ മേഖലയെയും ആവാസവ്യവസ്ഥയെയും സംരക്ഷിക്കാന്‍ കഴിയുകയുള്ളൂ.