മാലദ്വീപ് മുന്‍ പ്രസിഡന്റിനെ അറസ്റ്റ് ചെയ്തു

Posted on: March 5, 2013 2:37 pm | Last updated: March 6, 2013 at 12:37 am
SHARE

nasheed

മാലെ: സ്ഥാനഭ്രഷ്ടനാക്കപ്പെട്ട മാലദ്വീപ് മുന്‍ പ്രസിഡന്റ് മുഹമ്മദ് നശീദിനെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍, ക്രിമിനല്‍ കോടതിയുടെ ചീഫ് ജഡ്ജിയെ തടഞ്ഞുവെച്ചതുമായി ബന്ധപ്പെട്ട ഒരു കേസില്‍ നശീദിനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. നശീദിനെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പ്രസിഡന്റ് മുഹമ്മദ് വഹീദിന്റെ പ്രസ് സെക്രട്ടറി മസ്ഊദ് ഇമാദ് അറിയിച്ചു.
ഇന്നലെ നശീദിന്റെ വസതിയില്‍ നിന്നാണ്് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. അറസ്റ്റിനെ തുടര്‍ന്ന് നശീദിന്റെ വസതിക്ക് പുറത്ത് അദ്ദേഹത്തിന്റെ അനുയായികളും പോലീസും തമ്മില്‍ ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുണ്ട്. അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം 13 ന് നശീദ് മാലെയിലെ ഇന്ത്യന്‍ എംബസിയില്‍ അഭയം തേടിയിരുന്നു. നശീദിന് ഇന്ത്യന്‍ എംബസിയില്‍ അഭയം നല്‍കിയതിനെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ തട്ടിയിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഇന്ത്യ പ്രത്യേക ദൂതനെ അയക്കുകയുമുണ്ടായി. എംബസിയില്‍ അഭയം തേടി 11 ദിവസത്തിന് ശേഷം അദ്ദേഹം എംബസി വിട്ടു.
കോടതിയുടെ നടപടി രാഷ്ട്രീയപ്രേരിതമാണെന്നായിരുന്നു നശീദിന്റെ വാദം. അടുത്ത സെപ്തംബറില്‍ നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്ന് തന്നെ മാറ്റിനിര്‍ത്താനുള്ള നീക്കത്തിന്റെ ഭാഗമാണ് അറസ്റ്റ് വാറണ്ടെന്ന് നശീദ് ചൂണ്ടിക്കാട്ടുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നശീദിന് സ്വതന്ത്രമായി പ്രചാരണം നടത്താമെന്ന് ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിക്ക് മാലദ്വീപ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ ഇടപെടല്‍ അവസാനിപ്പിക്കുന്നതിനുള്ള തന്ത്രം മാത്രമായിരുന്നു ഇതെന്നാണ് നശീദ് പറയുന്നത്. ഇത്തരത്തിലുള്ള ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. നശീദിന് തന്റെ സാമൂഹികവും രാഷ്ട്രീയവുമായ ജീവിതം പുനരാരംഭിക്കാനാകുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുക മാത്രമാണ് ചെയ്തതെന്നാണ് വിദേശകാര്യ മന്ത്രാലയം അവകാശപ്പെടുന്നത്.