ലോക ശതകോടീശ്വരന്മാരില്‍ നാല് മലയാളികള്‍; മുന്നില്‍ യൂസുഫലി

Posted on: March 5, 2013 11:22 am | Last updated: March 6, 2013 at 12:44 am
SHARE

Yusuffali MAദുബൈ: ഫോബ്‌സ് മാസിക പുറത്തുവിട്ട ലോകത്തെ ശതകോടീശ്വരന്മാരില്‍ എം എ യൂസുഫലി ഉള്‍പ്പെടെ നാല് മലയാളികള്‍. ആദ്യ ആയിരത്തില്‍ ഇടം പിടിച്ച എം കെ ഗ്രൂപ്പ് എം ഡി. എം എ യൂസുഫലി മലയാളികളില്‍ ഒന്നാം സ്ഥാനത്താണ്. 974-ാം സ്ഥാനമാണ് യൂസുഫലിക്ക്. ഇന്ത്യക്കാരുടെ കൂട്ടത്തില്‍ 35-ാം സ്ഥാനവുമുണ്ട്. ഇന്‍ഫോസിസ് എക്‌സിക്യൂട്ടീവ് കോ ചെയര്‍മാന്‍ ക്രിസ് ഗോപാലകൃഷ്ണന്‍, ജോയ് ആലുക്കാസ്, കല്യാണ്‍ ജ്വല്ലറി ഗ്രൂപ്പ് മേധാവി ടി എസ് കല്യാണരാമന്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മലയാളികള്‍.
150 കോടി യു എസ് ഡോളറാണ് യൂസുഫലിയുടെ ആസ്തി. 135 കോടി യു എസ് ഡോളര്‍ ആസ്തിയുള്ള ക്രിസ് ഗോപാലകൃഷ്ണന്‍ പട്ടികയില്‍ 1088-ാം സ്ഥാനത്താണ്. ജോയ് ആലുക്കാസ്, ടി എസ് കല്യാണ രാമന്‍ എന്നിവര്‍ക്ക് നൂറ് കോടി യു എസ് ഡോളര്‍ വീതമാണ് ആസ്തി.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയാണ് ഇന്ത്യയില്‍ നിന്ന് ഒന്നാം സ്ഥാനത്തുള്ളത്. 2150 കോടി യു എസ് ഡോളറിന്റെ ആസ്തിയുള്ള മുകേഷ് അംബാനി ലോക പട്ടികയില്‍ 22-ാം സ്ഥാനത്താണ്. ആറാം തവണയാണ് മുകേഷ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുന്നത്. പട്ടികയില്‍ 41-ാം സ്ഥാനത്തുള്ള ലക്ഷ്മി മിത്തലാണ് ഇന്ത്യയില്‍ നിന്നുള്ള രണ്ടാമന്‍. 1650 കോടി യു എസ് ഡോളറാണ് മിത്തലിന്റെ സമ്പാദ്യം.
മെക്‌സിക്കന്‍ വ്യവസായിയായ കാര്‍ലോസ് സ്ലിം ഇത്തവണയും ഒന്നാം സ്ഥാനം നിലനിര്‍ത്തി. 7,300 കോടി ഡോളറാണ് സ്ലിമ്മിന്റെ ആസ്തി. ബില്‍ ഗേറ്റ്‌സാണ് തൊട്ടുപിന്നില്‍ (6,700 കോടി ഡോളര്‍).