Connect with us

Ongoing News

ശിഷ്യനെ പൂട്ടാന്‍ ഗുരുവിന്റെ മാസ്റ്റര്‍പ്ലാന്‍

Published

|

Last Updated

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് മുന്നിലുള്ള പ്രധാന വെല്ലുവിളി ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഇംഗ്ലണ്ടില്‍ യുനൈറ്റഡിനായി ക്രിസ്റ്റ്യാനോ കളിച്ചിരുന്ന കാലത്ത് റെഡിംഗിന്റെ ക്യാപ്റ്റനായിരുന്ന ഗ്രെയിം മുര്‍തിയുടെ വിലയിരുത്തല്‍ ഇങ്ങനെ: ക്രിസ്റ്റ്യാനോക്കെതിരെ കളിക്കുക എന്നത് ഏതൊരു ഡിഫന്‍ഡര്‍ക്കും വലിയൊരു അനുഭവമാകും. കരിയറില്‍ അതുപോലൊരു നിമിഷമുണ്ടാകില്ല. അത്രമേല്‍ പ്രതിഭാധനനായ ഫുട്‌ബോളറെ നേരിട്ടപ്പോള്‍ എനിക്ക് തോന്നിയത് ഇതാണ്. ബുദ്ധിമാനായ സ്‌ട്രൈക്കറാണ് അയാള്‍. എതിര്‍ നിരയിലെ പ്രതിരോധ കളിക്കാര്‍ ആരൊക്കെയാണെന്ന് മനസ്സിലാക്കിയാണ് റൊണാള്‍ഡോ മത്സരത്തിന് തയ്യാറെടുക്കുന്നത്. ഓരോ ഡിഫന്‍ഡറുടെയും ശക്തിദൗര്‍ബല്യങ്ങള്‍ വ്യക്തമായി പഠിച്ച ശേഷമാണ് റൊണാള്‍ഡോ ഇറങ്ങുന്നത്. അയാള്‍, നമുക്കൊരു ചെറിയ പിഴവ് സംഭവിച്ചാല്‍ തകര്‍ത്തു കളയും.
ജോസ് മൗറിഞ്ഞോ റയലിന്റെ കേളീതന്ത്രം റൊണാള്‍ഡോയെ കേന്ദ്രീകരിച്ചാകും നിര്‍മിക്കുക. എന്നാല്‍, ഏഞ്ചല്‍ ഡി മാരിയ, മെസുറ്റ് ഒസില്‍ എന്നീ പ്രതിഭാധനരും മാഞ്ചസ്റ്ററിന് തലവേദനയാകും. നൗകാംപില്‍ കഴിഞ്ഞ ദിവസം റയല്‍ നേടിയ രണ്ടാം ഗോള്‍ ക്രിസ്റ്റ്യാനോ എത്രമാത്രം അപകടകാരിയാണെന്ന് തെളിയിക്കുന്നു. കൗണ്ടര്‍ അറ്റാക്കിംഗിനാകും മൗറിഞ്ഞോ ക്രിസ്റ്റ്യാനോയെ ഉപയോഗിക്കുക. അലക്‌സ് ഫെര്‍ഗൂസന്‍ എന്ന മാഞ്ചസ്റ്റര്‍ യുനൈറ്റഡിന്റെ ഇതിഹാസ പരിശീലകന് പക്ഷേ ഇതൊന്നും അത്ര പുതുമയുള്ള അറിവല്ല. 2003 ല്‍ സ്‌പോര്‍ട്ടിംഗ് ലിസ്ബണില്‍ നിന്ന് ക്രിസ്റ്റ്യാനോയെ ഫെര്‍ഗൂസന്‍ തന്റെ ടീമിലെത്തിച്ചത് ഈ കഴിവെല്ലാം അളന്നത് ശേഷമാണല്ലോ.
ജനുവരിയില്‍ ടോട്ടനം ഹോസ്പറിനെ നേരിട്ടപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അവരുടെ പ്രതിഭാധനനായ വിംഗര്‍ ഗാരെത് ബാലെയെ ഒതുക്കിയിരുന്നു. റാഫേല്‍, മൈക്കല്‍ കാരിക് എന്നിവര്‍ ബാലെയുടെ കാലില്‍ പന്തെത്തുമ്പോള്‍ പതിവിലും ജാഗ്രത പാലിച്ചു. ജോനസ് മത്സരത്തിലുടനീളം ബാലെയെ ഇടത് വിംഗില്‍ മാര്‍ക്ക് ചെയ്തു. ഇത്തരത്തില്‍ മൂന്ന് പേരെ പ്രത്യേകമായി നിയോഗിച്ചാകും ഫെര്‍ഗൂസന്‍ തന്റെ മുന്‍ സൂപ്പര്‍ താരത്തെ തളയ്ക്കാന്‍ ശ്രമിക്കുക. വലത് കാല്‍ കൊണ്ടുള്ള ക്രിസ്റ്റ്യാനോയുടെ ലോംഗ് റേഞ്ച് ഷോട്ടുകള്‍ ഒന്നു പോലും മത്സരത്തില്‍ സംഭവിക്കാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശവും ഫെര്‍ഗൂസന്‍ പുറപ്പെടുച്ചിട്ടുണ്ടത്രെ. എന്നാല്‍, ലാ ലീഗയില്‍ സെവിയക്കെതിരെ ദുര്‍ബലമെന്ന് കരുതിയ ഇടത് കാല്‍ കൊണ്ടും ക്രിസ്റ്റ്യാനോ 25 വാര അകലെ നിന്ന് ഗോള്‍ നേടിയിരുന്നു.
സെറ്റ് പീസ് നീക്കങ്ങളിലൂടെ, ഗോള്‍മുഖം വിറപ്പിക്കാനും പോര്‍ച്ചുഗീസ് താരത്തിനാകും. ഓള്‍ഡ്ട്രഫോര്‍ഡ് എന്ന തട്ടകത്തില്‍ കളിച്ചുതിമിര്‍ത്ത, ക്രിസ്റ്റ്യാനോക്ക് ഏത് ആംഗിളില്‍ നിന്നും ഗോള്‍ നേടാന്‍ യുനൈറ്റഡിന്റെ സ്റ്റേഡിയം വഴങ്ങി നിന്നു കൊടുത്ത ചരിത്രമേയുള്ളൂ…റയലിന്റെ ജഴ്‌സിയില്‍ ക്രിസ്റ്റ്യാനോയെ കാണുമ്പോള്‍ ഓള്‍ഡ്ട്രഫോര്‍ഡ് മുഖം തിരിക്കുമോ എന്നറിയില്ല…അത് കാത്തിരുന്ന് കാണാം…