ബി ജെ പി ദേശീയ കൗണ്‍സിലില്‍ കേട്ടത്

Posted on: March 5, 2013 9:50 am | Last updated: March 7, 2013 at 9:49 am
SHARE

SIRAJ.......നേതൃത്വത്തിനിടയിലെ സ്വരച്ചേര്‍ച്ചയില്ലായ്മ കൂടുതല്‍ പ്രകടമാക്കിക്കൊണ്ടാണ് ബി ജെ പിയുടെ ദ്വിദിന ദേശീയ കൗണ്‍സില്‍ ന്യൂഡല്‍ഹിയില്‍ സമാപിച്ചത്.അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി, നരേന്ദ്ര മോഡിയുടെ പ്രതിഛായ, ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പ്രകടനം തുടങ്ങിയ കാര്യങ്ങളിലെല്ലാം കൗണ്‍സിലില്‍ പ്രസംഗിച്ച നേതാക്കള്‍ക്കിടയിലെ സ്വരം ഭിന്നമായിരുന്നു. അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡിയായിരിക്കുമെന്ന ധ്വനിയായിരുന്നു ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗിന്റെ പ്രംസംഗത്തില്‍. രാജ്യത്തെ ഏറ്റവും ജനസമ്മതനായ മുഖ്യമന്ത്രി നരേന്ദ്രമോഡിയാണെന്ന് പ്രശംസിച്ച അദ്ദേഹം ഗുജറാത്തില്‍ പാര്‍ട്ടിയെ മുന്ന് തവണ തുടര്‍ച്ചയായി അധികാരത്തിലെത്തിച്ചത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടി. അതേ സമയം അഡ്വാനി തന്റെ പ്രസംഗത്തില്‍ സുഷമസ്വരാജിന്റെ കഴിവിനെയും പ്രസംഗ ചാതുരിയെയും പൂകഴ്ത്താനാണ് താത്പര്യം കാണിച്ചത്. മുന്‍ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്പയിയെ പോലെതന്നെ ഏത് വിഷയവും നന്നായി അവതരിപ്പിക്കാന്‍ സുഷമസ്വരാജിന് പ്രത്യേക കഴിവുണ്ടെന്ന് അഡ്വാനി കൂട്ടിച്ചേര്‍ത്തപ്പോള്‍ അദ്ദേഹത്തിന്റെ ഒളിയമ്പിന്റെ ലക്ഷ്യം വ്യക്തമായി. ഗൂജറാത്തില്‍ മോഡി സര്‍ക്കാര്‍ കൈവരിച്ച വികസന നേട്ടങ്ങള്‍ക്ക് തുല്യം മധ്യപ്രദേശിലെ ശിവരാജ് സിംഗ് സര്‍ക്കാറിന്റെ നേട്ടങ്ങളും എടുത്തു പറഞ്ഞതിലൂടെ, മോഡിയെ പ്രത്യേകമായി പുകഴ്ത്തുന്ന രാജ് നാഥ്‌സിംഗ് ചേരിയുടെ നിലപാട് ശരിയല്ലെന്ന് വ്യംഗേന സമര്‍ഥിക്കുകയായിരുന്നു അഡ്വാനി.

കേന്ദ്രത്തിലെ യു പി എ നേതൃത്വത്തിനെതിരെ ജനവികാരം ശക്തമാണെങ്കിലും അത് വേണ്ടുംവിധം മനസ്സിലാക്കി പ്രതികരിക്കുന്നതില്‍ പാര്‍ട്ടി നേതൃത്വം പരാജയപ്പെട്ടുവെന്നും ഇത് അണികളെ നിരാശരാക്കിയെന്നും വിലയിരുത്തിയ അഡ്വാനി ബി ജെ പി പാര്‍ലിമെന്ററി പാര്‍ട്ടിക്ക് ഇരുസഭകളിലും ശക്തമായ നിലപാടെടുക്കാന്‍ സാധിച്ചുവന്ന പരാമശം സുഷമാ സ്വരാജിനുള്ള അഭിനന്ദനവും രാജ്‌നാഥ് സിംഗിനുള്ള കൊട്ടുമായിരുന്നുവെന്ന് വ്യക്തം. ബി ജെ പി ഭിന്നാഭിപ്രായക്കാരുടെ ക്യാമ്പായി മാറിയെന്നും കര്‍ണാടകയിലെ അഴിമതി പ്രശ്‌നം കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ നേതൃത്വം പരാജയപ്പെട്ടുവെന്നും അദ്ദേഹം തുറന്നടിക്കുകയുമുണ്ടായി.

 

എന്‍ ഡി എയുടെ അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥി ആരെന്നതിനെ ചൊല്ലി ബി ജെ പിയിലും എന്‍ ഡി എയിലും ചര്‍ച്ച തുടങ്ങിയിട്ട് മാസങ്ങളായി. ദേശീയ അധ്യക്ഷന്‍ രാജ്‌നാഥ് സിംഗ്, യശ്വന്ത് സിന്‍ഹ, ബി ജെ പി രാജ്യസഭാംഗവും മുതിര്‍ന്ന പത്രപ്രവര്‍ത്തകനുമായ രാം ജത്മനാനി തുടങ്ങിയവര്‍ നരേന്ദ്ര മോഡിക്ക് വേണ്ടി കരുക്കള്‍ നീക്കുമ്പോള്‍, അഡ്വാനിയുടെ നേതൃത്വത്തില്‍ മറ്റൊരു വിഭാഗം സുഷമക്ക് വേണ്ടി വാദിക്കുന്നു. എന്‍ ഡി എ ഘടക കക്ഷികളായ ജനതാ ദള്‍ (യു)വിന്റെയും ശിവസേനയുടെയും പിന്തുണയും അഡ്വാനി വിഭാഗത്തിനുണ്ട്. മോഡിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാണിക്കുന്നതില്‍ ജനതാദള്‍ (യു) നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിന് കുടത്ത എതിര്‍പ്പാണ്. സുഷമാ സ്വരാജാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അര്‍ഹയെന്നും ബാല്‍താക്കറെയുടെ അനുഗ്രഹാശിസ്സുകള്‍ അവര്‍ക്കുണ്ടെന്നും ഇതിനിടെ ശിവസേനാ വക്താവ് സജ്ഞയ് താക്കറെയും പ്രസ്താവിച്ചിരുന്നു. ആരെ നേതാവാക്കണമെന്ന് തീരുമാനിക്കേണ്ടത് ബി ജെ പിയാണെന്നും പാര്‍ട്ടി തീരുമാനത്തെ അംഗീകരിക്കാനാകാത്തവര്‍ക്ക് എന്‍ ഡി എ വിട്ടു പോകാമെന്നുമാണ് ഇവരുടെ അഭിപ്രായങ്ങളോട് പ്രതികരിക്കവെ യശ്വന്ത് സിന്‍ഹ പറഞ്ഞത്.
ദേശീയ തിരഞ്ഞെടുപ്പ് അടുത്തു വന്നുകൊണ്ടിരിക്കെ ഒറ്റക്കെട്ടായി കൂടുതല്‍ ഊര്‍ജ്ജസ്വലതയോടെ പ്രവര്‍ത്തിക്കേണ്ട പാര്‍ട്ടി നേതൃത്വത്തിലെ ശക്തി പ്രാപിക്കുന്ന ചേരിപ്പോര് കേന്ദ്രത്തില്‍ വീണ്ടും തിരിച്ചെത്താനുള്ള പാര്‍ട്ടിയുടെ മോഹത്തിന് തിരിച്ചടിയായേക്കും. വാജ്പയിയെപ്പോലെ സര്‍വസമ്മതനായ ഒരു നേതാവ് തലപ്പത്തില്ലെന്നതാണ് ബി ജെ പിയുടെ ഈ ദുരവസ്ഥക്ക് കാരണം. വിലക്കെടുത്ത ചില മാധ്യമങ്ങളുടെ പിന്‍ബലത്തോടെ മോഡി എടുത്തണിഞ്ഞ വികസന നായകന്റെ പരിവേഷം ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ഗുണം ചെയ്‌തെങ്കിലും പോതുതിരഞ്ഞെടുപ്പില്‍ അതെത്രത്തോളം ക്ലിക്കാകുമെന്ന് പറയാനാകില്ല. നേരത്തെ ബാബരി മസ്ജിദ് പ്രശ്‌നത്തെച്ചൊല്ലി ഊതിക്കത്തിച്ച വര്‍ഗീയതയാണ് പാര്‍ട്ടിയെ അധികാരത്തിലെത്തിച്ചതെങ്കില്‍, വര്‍ഗീയതയും ഭീകരവാദവുമൊക്കെ ഇന്ന് പാര്‍ട്ടിയെ തിരിഞ്ഞു കുത്തിക്കൊണ്ടിരിക്കയാണല്ലോ. സംഘ്പരിവാര്‍ നടത്തുന്ന ഭീകര-തീവ്രവാദ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയും ആഭ്യന്തര സെക്രട്ടരി ആര്‍ കെ സിംഗും നടത്തിയ പ്രസ്താവനകളും, മലേഗാവ്, മക്കാ മസ്ജിദ് , സംഝോധാ തുടങ്ങിയ സ്‌ഫോടനങ്ങളില്‍ സംഘ്പരിവാര്‍ നടത്തിയ കളികളും വെളിച്ചത്ത് വന്നതും പാര്‍ട്ടിക്കേല്‍പിച്ച ക്ഷീണം കുറച്ചൊന്നുമല്ല. ഹെലികോപ്റ്റര്‍ അഴിമതി ഉള്‍പ്പെടെ യു പി എ സര്‍ക്കാറിനെ വെളളം കുടിപ്പിക്കാവുന്ന പല പ്രശ്‌നങ്ങളും ഉയര്‍ന്നു വന്നിട്ടും ബി ജെ പിക്ക് അത് മുതലെടുക്കാനാകാത്തത് നേതത്വം നേരിടുന്ന പ്രതിസന്ധിയുടെ ആഴം മൂലമാണ്. അതിന്റെ ബാക്കി പത്രമാണ് ദ്വിദിന ദേശീയ സമിതിയില്‍ പ്രതിഫലിച്ചതും.