Connect with us

Kerala

സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കില്ല

Published

|

Last Updated

ന്യൂഡല്‍ഹി: സംസ്ഥാനത്ത് പുതിയ ബാര്‍ ലൈസന്‍സുകള്‍ അനുവദിക്കില്ലെന്ന് കേരളം സുപ്രീം കോടതിയെ അറിയിച്ചു. പുതിയ ബാര്‍ ലൈസന്‍സുകള്‍ നല്‍കേണ്ടെന്ന് വരുത്തി നിയമത്തില്‍ കഴിഞ്ഞ മാസം 12ന് മാറ്റങ്ങള്‍ വരുത്തിയിരുന്നതായി സംസ്ഥാനത്തിന് വേണ്ടി ഹാജരായ അഡ്വ. ഗോപാല്‍ സുബ്രഹ്മണ്യം കോടതിയെ അറിയിച്ചു. ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കേണ്ടതില്ല, ഗ്രാമീണ, നഗര മേഖലകളില്‍ പുതിയ ലൈസന്‍സുകള്‍ നല്‍കുമ്പോള്‍ പാലിക്കേണ്ട ദൂരപരിധി തുടങ്ങിയ പുതിയ അബ്കാരി നയത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി റദ്ദാക്കിയതിനെതിരെ നല്‍കിയ ഹരജി സുപ്രീം കോടതി പരിഗണിക്കവെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എന്നാല്‍, ഇതുസംബന്ധിച്ച രേഖകള്‍ സത്യവാങ്മൂലമായി നല്‍കാന്‍ ജസ്റ്റിസുമാരായ എസ് എസ് നിജ്ജാര്‍, എം വൈ ഇഖ്ബാല്‍ എന്നിവരടങ്ങിയ ബഞ്ച് ആവശ്യപ്പെട്ടു. നിലവിലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ രണ്ട് മാസത്തിനകം ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കുന്ന കാര്യം പരിഗണിക്കണമെന്ന സുപ്രീം കോടതിയുടെ കഴിഞ്ഞ സെപ്തംബറിലെ നിര്‍ദേശം സര്‍ക്കാര്‍ നടപ്പാക്കാത്തതിനെതിരെ 18 ഹോട്ടലുടമകള്‍ നല്‍കിയ കോടതിയലക്ഷ്യ ഹരജിയും സുപ്രീം കോടതി ഇന്നലെ പരിഗണിച്ചു. തുടര്‍ന്ന് കേസ് ഈ മാസം 19ലേക്ക് മാറ്റി. ആദ്യം കോടതിയലക്ഷ്യ ഹരജികള്‍ പരിഗണിച്ച് തീര്‍പ്പാക്കുമെന്ന് കോടതി പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം, ലഭിച്ച 23 അപേക്ഷകളില്‍ 13 ഹോട്ടലുകള്‍ക്ക് ലൈസന്‍സ് നല്‍കിയെന്നും പത്തെണ്ണം വേണ്ട യോഗ്യതകളില്ലാത്തതിനാല്‍ തള്ളിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കോടതിയലക്ഷ്യ കേസുമായി ബന്ധപ്പെട്ട സത്യവാങ്മൂലവും കേരളം ഫയല്‍ ചെയ്തു. കേരളത്തിന് വേണ്ടി അഡ്വ. ജനറല്‍ കെ പി ദണ്ഡപാണി, മുതിര്‍ന്ന അഭിഭാഷകനായ വി ഗിരി, സ്റ്റാന്‍ഡിംഗ് കോണ്‍സല്‍ രമേശ്ബാബു ഹാജരായി. സമഗ്ര മദ്യനയം രൂപവത്കരിക്കുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ രൂപവത്കരിച്ച എം രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് കിട്ടുന്നതു വരെ പുതിയ ലൈസന്‍സുകള്‍ നല്‍കേണ്ടെന്ന് സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.

Latest