ഗര്‍ഭിണിക്ക് ക്രൂരപീഡനം; ഭര്‍ത്താവ് അറസ്റ്റില്‍

Posted on: March 5, 2013 12:30 am | Last updated: April 1, 2013 at 8:06 am
SHARE

നെയ്യാറ്റിന്‍കര;ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി പീഡിപ്പിച്ച ഭര്‍ത്താവ് അറസ്റ്റിലായി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ കെട്ടിട നിര്‍മാണ തൊഴിലാളിയായ ദര്‍ശന്‍ ആണ് അറസ്റ്റിലായത്. ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ചതിന്റെ പേരിലായിരുന്നു ഇയാള്‍ ഭാര്യയെ പീഡിപ്പിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ കാന്താരിമുളകും മുളകുപൊടിയും ചേര്‍ത്ത് ചൂടുവെള്ളത്തില്‍ നല്‍കുകയും സിഗരറ്റും ചട്ടുകവും ഉപയോഗിച്ച് യുവതിയുടെ ശരീരം പൊള്ളിക്കുകയും ചെയ്തു. ഭര്‍ത്താവിന്റെ അമ്മയുടെയും സഹോദരിയുടെയും ഒത്താശയോടെയായിരുന്നു പീഡനങ്ങള്‍ നടന്നതെന്ന് യുവതി പറഞ്ഞു. കഴിഞ്ഞ ആഴ്ച ഭര്‍തൃവീട്ടില്‍ നിന്നും യുവതിയെ പിതാവ് എത്തി കൂട്ടിക്കൊണ്ടു പോയതിന് ശേഷമാണ് പീഡനവാര്‍ത്ത പുറംലോകം അറിഞ്ഞത്.കമഴ്ത്തിക്കിടത്തി ചട്ടുകം പഴുപ്പിച്ച് കാലില്‍ വെച്ചു പൊള്ളിക്കും. വളര്‍ത്തുനായക്ക് വെള്ളം നല്‍കുന്ന പാത്രത്തിലാണ് കുടിക്കാന്‍ വെള്ളം നല്‍കിയിരുന്നത്. ഭക്ഷണം നല്‍കിയിട്ട് ഇത്ര മിനുട്ടിനുള്ളില്‍ കഴിച്ചുതീര്‍ക്കാന്‍ പറയും. ഇതനുസരിച്ചില്ലെങ്കില്‍ കമ്പിട്ട് വയറിന് കുത്തുമെന്നും യുവതി പറഞ്ഞു. പ്രേമിച്ച് വിവാഹിതരായ ശേഷം സ്ത്രീധനത്തിന്റെ പേരിലാണ് ദര്‍ശന്‍ ആദ്യം ഭാര്യയെ പീഡിപ്പിക്കാന്‍ തുടങ്ങിയത്. ഇതേതുടര്‍ന്ന് ഓട്ടോറിക്ഷാ ഡ്രൈവറായ യുവതിയുടെ പിതാവ് രണ്ട് ലക്ഷം രൂപ സ്ത്രീധനം നല്‍കിയിരുന്നു. ഇതു പേരെന്നായിരുന്നു പരാതി. സ്ത്രീപീഡനക്കേസ് ചുമത്തി നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കിയ ദര്‍ശനെ റിമാന്‍ഡ് ചെയ്തു.