Connect with us

Kerala

കെ എസ് ഇ ബിക്ക് വൈദ്യുതി റഗുലേറ്ററി കമ്മീഷന്റെ രൂക്ഷവിമര്‍ശം

Published

|

Last Updated

കൊച്ചി:ചെലവ് ചുരുക്കാന്‍ നടപടി സ്വീകരിക്കാതെ, നിരക്ക് വര്‍ധിപ്പിക്കണമെന്ന് നിര്‍ദേശിച്ച കെ എസ് ഇ ബിക്ക് വൈദ്യൂതി റഗുലേറ്ററി കമ്മീഷന്റെ രൂക്ഷവിമര്‍ശം. സംസ്ഥാന റഗുലേറ്ററി കമ്മീഷന്‍ കൊച്ചിയില്‍ നടത്തിയ പൊതു ഹിയറിംഗിലാണ് ബോര്‍ഡിനെതിരെ വിമര്‍ശം ഉയര്‍ന്നത്. 2013-14 വര്‍ഷം ഉണ്ടാകാനിരിക്കുന്ന വൈദ്യുതി ചെലവും അതുവഴി ഉണ്ടാകുന്ന നഷ്ടവും നികത്താന്‍ നിരക്ക് വര്‍ധനയാണ് മാര്‍ഗമെന്ന കെ എസ് ഇ ബി നിര്‍ദേശം കമ്മീഷന്‍ തള്ളി. കാലാകാലങ്ങളായി നിരക്ക് വര്‍ധനയിലൂടെ മാത്രം പ്രശ്‌നങ്ങള്‍ മറികടക്കാനുള്ള കെ എസ ്ഇ ബി ശ്രമിക്കുന്നത്. ഇത് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കലാണ്. ചെലവ് കുറച്ച് ഉത്പാദനം കൂട്ടി ഉപഭോക്താക്കളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാനാണ് കെ എസ് ഇ ബി ശ്രമിക്കേണ്ടത്. പദ്ധതി നടത്തിപ്പിനെക്കുറിച്ച് കൃത്യമായ ലക്ഷ്യവും സമയബന്ധിതമായി പൂര്‍ത്തിയാക്കാനുള്ള നടപടിയും ബോര്‍ഡ് സ്വീകരിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. ചെലവ് ചുരുക്കാന്‍ എന്ത് നടപടിയാണ് സ്വീകരിച്ചിരിക്കുന്നതെന്ന് രണ്ടാഴ്ചക്കകം രേഖാമൂലം അറിയിക്കണമെന്ന് കെ എസ് ഇ ബിയോട് കമ്മീഷന്‍ നിര്‍ദേശിച്ചു. മറുപടി നല്‍കാത്ത പക്ഷം കമ്മീഷന്‍ സ്വയം നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ചെയര്‍മാന്‍ ടി എം മനോഹരന്‍ പറഞ്ഞു. പല സ്ഥലത്തും ട്രാന്‍സ്‌ഫോമറുകള്‍ സ്ഥാപിക്കലും ലൈന്‍ വലിക്കുന്നതും ഇനിയും പൂര്‍ത്തിയായിട്ടില്ല. പദ്ധതികള്‍ സമയപരിധി നിശ്ചയിച്ച് നടപ്പിലാക്കണം. കമ്പ്യൂട്ടറൈസേഷന്‍ പൂര്‍ണമായും നടപ്പിലാക്കാന്‍ വകുപ്പ് ശ്രമിക്കുന്നില്ല. കമ്പ്യൂട്ടറൈസേഷന്‍ നടപ്പിലാക്കിയാല്‍ തന്നെ നല്ലൊരു ശതമാനം ചെലവ് കുറക്കാന്‍ ബോര്‍ഡിന് കഴിയുമെന്നും കമ്മീഷന്‍ പറഞ്ഞു. വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കുന്ന കെ എസ് ഇ ബിക്കെതിരെയും ഹിയറിംഗില്‍ വിമര്‍ശങ്ങളുയര്‍ന്നു. ഉപഭോഗത്തിന് അനുസരിച്ച് ഉത്പാദനം വര്‍ധിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കേന്ദ്ര താപനിലയങ്ങളില്‍ നിന്നും സ്വകാര്യ താപനിലയങ്ങളില്‍ നിന്നും അധികനിരക്കില്‍ വൈദ്യുതി വാങ്ങേണ്ടി വരുന്നതുകൊണ്ട് നിരക്ക് വര്‍ധിപ്പിക്കാതെ മറ്റ് മാര്‍ഗമില്ലെന്നാണ് കെ എസ് ഇ ബി അധികൃതര്‍ അറിയിച്ചത്. കെ എസ് ഇ ബിയുടെ മൊത്ത വരുമാനത്തിന്റെ 60 ശതമാനം ഇതിന് ചെലവഴിക്കേണ്ടിവരുമെന്നും അധികൃതര്‍ പറഞ്ഞു. ഗാര്‍ഹികാവശ്യത്തിനുള്ള വൈദ്യുതി നിരക്ക്(യൂനിറ്റ് ഒന്നിന്) 40 യൂനിറ്റ് വരെ 1.65 രൂപയും 80 യൂനിറ്റ് വരെ 2.30 രൂപയും 120 യൂനിറ്റ് വരെ 2.70 രൂപയും 150 യൂനിറ്റ് വരെ 3.40 രൂപയും 200 യൂനിറ്റ് വരെ 4.00 രൂപയും 300 യൂനിറ്റ് വരെ അഞ്ച് രൂപയും 300 യൂനിറ്റിനു മുകളില്‍ 6.75 രൂപ വരെ വര്‍ധിപ്പിക്കണമെന്ന നിര്‍ദേശമാണ് കെ എസ് ഇ ബി മുന്നോട്ടു വെച്ചത്.

വ്യാവസായിക ആവശ്യത്തിനുള്ള വൈദ്യുതി നിരക്ക് 19 ശതമാനവും വാണിജ്യ ആവശ്യങ്ങള്‍ക്ക് ഏഴ് മുതല്‍ 15 ശതമാനം വരെയും വര്‍ധിപ്പിക്കണം. റെയില്‍വേക്ക് 20 ശതമാനവും തെരുവ് വിളക്കുകള്‍ക്ക് 25 ശതമാനവും കാര്‍ഷിക ആവശ്യങ്ങള്‍ക്ക് 20 മുതല്‍ 33 ശതമാനം വരെയും നിരക്ക് വര്‍ധിപ്പിച്ചാല്‍ മാത്രമേ കെ എസ് ഇ ബിയുടെ നഷ്ടം പരിഹരിക്കാന്‍ കഴിയുവെന്ന് ബോര്‍ഡ് അധികൃതര്‍ പറഞ്ഞു.
വ്യാവസായിക ഇനത്തില്‍ ഉള്‍പ്പെടുത്തി അലങ്കാര മത്സ്യകൃഷിക്കുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചത് പിന്‍വലിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കി. തെരുവുവിളക്ക് പകല്‍ കത്തികിടക്കുന്നത് മുതല്‍ റെയില്‍വേയുടെ വൈദ്യുതി ഉപയോഗം വരെയുള്ള വിവിധ പ്രശ്‌നങ്ങള്‍ ഹിയറിംഗില്‍ ഉയര്‍ന്നു വന്നു. റഗുലേറ്ററി കമ്മീഷന്‍ ചെയര്‍മാന്‍ ടി എം മനോഹരനെ കൂടാതെ അംഗങ്ങളായ പി പരമേശ്വരന്‍, മാത്യൂ ജോര്‍ജ് എന്നിവരും ഹിയറിംഗില്‍ പങ്കെടുത്തു. ബുധനാഴ്ച കോഴിക്കോട് ടൗണ്‍ ഹാളിലും 12ന് തിരുവനന്തപുരം ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനിയേഴ്‌സ് ഹാളിലും കമ്മീഷന്റെ പൊതു ഹിയറിംഗ് നടക്കും.