സി എം പി പോളിറ്റ്ബ്യൂറോ ഇന്ന്; മുന്നണി ബന്ധം ചര്‍ച്ചയാകും

Posted on: March 5, 2013 6:10 am | Last updated: March 5, 2013 at 12:26 am
SHARE

mv ragavan
കണ്ണൂര്‍;എല്‍ ഡി എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്ന സി എം പി ജനറല്‍ സെക്രട്ടറി എം വി രാഘവന്റെ നിലപാട് ചര്‍ച്ച ചെയ്യാന്‍ ഇന്ന് സി എം പിയുടെ പോളിറ്റ് ബ്യൂറോ യോഗം കണ്ണൂരില്‍ ചേരും. കണ്ണൂരില്‍ പാര്‍ട്ടി ആസ്ഥാനത്താണ് നിര്‍ണായകമെന്ന് വിലയിരുത്തപ്പെടാവുന്ന സി എം പിയുടെ ഉന്നതതല കമ്മിറ്റിയുടെ യോഗം ചേരുന്നത്. ഇടതുപക്ഷ പാര്‍ട്ടികളുടെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്ന നിലപാടുയര്‍ത്തി കഴിഞ്ഞ ഏതാനും നാളുകളായി പാര്‍ട്ടി സ്ഥാപകന്‍ കൂടിയായ എം വി രാഘവന്‍ മുന്നോട്ടുവെച്ച നിര്‍ദേശങ്ങള്‍ മാത്രം ചര്‍ച്ച ചെയ്യാനാണ് അടിയന്തരമായി ഇത്തവണത്തെ പി ബി യോഗം. നേരത്തെ പലതവണ ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ യോഗം ചേരുന്നതിന് തീരുമാനമെടുത്തിരുന്നെങ്കിലും പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ശക്തമായ എതിര്‍പ്പ് മൂലം ഈ വിഷയം പരിഗണിച്ചിരുന്നില്ല. എന്നാല്‍ ഇടതുപക്ഷത്ത് നിന്ന് സി പി എം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും സി പി ഐ നേതൃത്വവും ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് ഉന്നതതലയോഗം എത്രയും വേഗം വിളിച്ചുകൂട്ടി ചര്‍ച്ച വേണമെന്ന ആവശ്യമുയര്‍ന്നത്.പരിയാരം മെഡിക്കല്‍ കോളജ് വിഷയത്തില്‍ യു ഡി എഫ് സര്‍ക്കാറും പ്രത്യേകിച്ച് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണനും തുടരുന്ന മെല്ലെപ്പോക്ക് നയമുള്‍പ്പെടെ യു ഡി എഫില്‍ നിന്ന് തങ്ങള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ പ്രധാന ചര്‍ച്ചയാകും. രാഘവന്റെ നിലപാടുകളെ ശക്തമായി പിന്തുണക്കുന്ന മുതിര്‍ന്ന നേതാക്കളായ പാട്യം രാജന്‍, കെ ആര്‍ അരവിന്ദാക്ഷന്‍ എന്നിവരായിരിക്കും മുന്നണി ബന്ധം വിച്ഛേദിക്കുന്നതടക്കമുള്ള കാര്യങ്ങളെ കുറിച്ച് യോഗത്തില്‍ ഉന്നയിക്കുകയെന്നാണ് സൂചന. എന്നാല്‍, എല്‍ ഡി എഫിനോടൊപ്പം ചേരണമെന്ന എം വി ആറിന്റെ മനഃസ്ഥിതിയെ എതിര്‍ക്കുന്ന ഒരു വിഭാഗം യോഗത്തില്‍ ശക്തമായി തങ്ങളുടെ വിയോജിപ്പ് പ്രകടിപ്പിക്കുമെന്നും അറിയുന്നു. മുന്നണി മാറ്റവുമായി ബന്ധപ്പെട്ട് തങ്ങളുടെ അഭിപ്രായം പരിഗണിക്കാതെ മുന്നോട്ട് പോവുകയാണെങ്കില്‍ പാര്‍ട്ടി പിളരുന്ന സാഹചര്യത്തിന് അത് വഴിവെക്കുമെന്നും നേതാക്കളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സി പി ജോണ്‍, സി എ അജീര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രബല വിഭാഗമാണ് എം വി ആറിന്റെ അഭിപ്രായത്തിനെതിരെ തങ്ങളുടെ നിലപാട് ഇതിനകം പരസ്യമായി പ്രകടിപ്പിച്ചിട്ടുള്ളത്. അതിനിടെ സി എം പിയെ മുന്നണിയിലേക്കെടുക്കുന്നത് സംബന്ധിച്ച അനുകൂല നിലപാട് സി പി എമ്മില്‍ കടുത്ത അഭിപ്രായ ഭിന്നതക്ക് വഴിവെച്ചിട്ടുണ്ട്.