മാവോയിസ്റ്റ് വേട്ടയുടെ പേരില്‍ നടക്കുന്നത് മനുഷ്യാവകാശ ലംഘനം’

Posted on: March 5, 2013 6:33 am | Last updated: March 5, 2013 at 12:25 am
SHARE

തിരുവനന്തപുരം: സംസ്ഥാനത്ത് മാവോയിസ്റ്റ് വേട്ടയുടെ മറവില്‍ നിരപരാധികളെ അറസ്റ്റ് ചെയ്യുന്ന നടപടി അവസാനിപ്പിക്കണമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍. കേരളത്തിലെ വനങ്ങളില്‍ മാവോവാദികളുടെ സാന്നിധ്യമുണ്ടെന്നത് പ്രചാരണം മാത്രമാണ്. ഇതുവരെയുള്ള തിരച്ചിലില്‍ ആരെയും കണ്ടെത്താന്‍ പോലീസ് സേനക്ക് സാധിച്ചിട്ടില്ല. വയനാട്ടിലെ വനങ്ങളില്‍ മാവോവാദികള്‍ ഉണ്ടന്നത് കേന്ദ്ര ഇന്റലിജന്‍സിന്റെ സ്ഥിരം പല്ലവിയാണ്. പോലീസ് സേനക്ക് കൂടുതല്‍ സന്നാഹങ്ങള്‍ക്കായി 27 കോടി രൂപ സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തില്‍ ആവശ്യത്തിന് ശക്തി പകരാന്‍ വേണ്ടിയുള്ള നാടകമാണ് മാവോയിസ്റ്റ് തിരച്ചിലിന്റെ പേരില്‍ നടത്തുന്നത്. സ്ഥാപിത താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 11 നിരപരാധികളാണ് മാവോവാദികളെന്ന സംശയത്താല്‍ യു എ പി എ നിയമ പ്രകാരം ഇതുവരെ അറസ്റ്റിലായത്. വിവിധ ജയിലുകളിലായി മാവോവാദികളാണെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കിടക്കുന്ന മനുഷ്യാവകാശ പ്രവര്‍ത്തകരെ മോചിപ്പിക്കണമെന്നും മനുഷ്യാവകാശ പ്രവര്‍ത്തകരായ ബി ആര്‍ പി ഭാസ്‌കര്‍, എ വാസു, അഡ്വ. പി എ പൗരന്‍, അഡ്വ. തുഷാര്‍ നിര്‍മല്‍ സാരഥി, ജോളി ചിറയത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.