ബണ്ടി ചോറിനെ എറണാകുളത്തെത്തിച്ച് തെളിവെടുത്തു

Posted on: March 5, 2013 6:23 am | Last updated: March 5, 2013 at 12:26 am
SHARE

കൊച്ചി: മോഷണക്കേസില്‍ അറസ്റ്റിലായ ബണ്ടി ചോറിനെ എറണാകുളത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. കൊച്ചിയില്‍ നിന്ന് കാര്‍ മോഷ്ടിച്ച കേസിലാണ് ഞായറാഴ്ച രാത്രിയോടെ എറണാകുളത്ത് എത്തിച്ച ശേഷം ബണ്ടി ചോറിനെ ഇന്നലെ എറണാകുളം സി ജെ എം കോടതിയില്‍ ഹാജരാക്കുകയും തുടര്‍ന്ന് എറണാകുളം സൗത്ത് പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയും ചെയ്തത്. എറണാകുളം രവിപുരത്തു നിന്ന് കാര്‍ മോഷ്ടിച്ച കേസില്‍ കഴിഞ്ഞ 19ന് ബണ്ടി ചോറിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെത്തിച്ച സൗത്ത് എസ് ഐ ഗോപകുമാര്‍ ബണ്ടി ചോറിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് ഇന്നലെ തെളിവെടുപ്പിന് എത്തിച്ചത്. കാര്‍ മോഷ്ടിച്ച രവിപുരത്തെ വീടും കാര്‍ ഉപേക്ഷിച്ച പാലാരിട്ടത്തെ സ്ഥലവും ബണ്ടി ചോര്‍ പോലീസിന് കാണിച്ചുകൊടുത്തു. കാര്‍ പോലീസ് കണ്ടെടുത്തു. തുടര്‍ന്ന് വൈകീട്ടോടെ ബണ്ടി ചോറിനെ കോടതിയില്‍ ഹാജരാക്കുകയും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുകയും ചെയ്തു.