Connect with us

Kerala

യുവജനങ്ങള്‍ക്കുള്ള ആനുകൂല്യങ്ങള്‍ അന്യ സംസ്ഥാന തൊഴിലാളികള്‍ക്കും

Published

|

Last Updated

തിരുവനന്തപുരം:സംസ്ഥാനത്തെ യുവജനങ്ങള്‍ക്ക് ലഭിക്കുന്ന മുഴുവന്‍ ആനുകൂല്യങ്ങള്‍ക്കും അന്യ സംസ്ഥാനക്കാരെയും പരിഗണിച്ച് കൊണ്ട് സംസ്ഥാനത്തിന്റെ യുവജന നയം പ്രഖ്യാപിച്ചു. ഇതിലൂടെ ഇതര സംസ്ഥാനങ്ങളില്‍ തൊഴിലെടുക്കുന്ന മലയാളികളായ യുവജനങ്ങള്‍ക്ക് അവിടങ്ങളില്‍ മികച്ച പരിഗണന ലഭിക്കുമെന്നാണ് സര്‍ക്കാര്‍ പ്രത്യാശിക്കുന്നത്.

യുവജനങ്ങളുടെ ആവശ്യങ്ങളുടെയും പ്രശ്‌നങ്ങളുടെയും അടിസ്ഥാനത്തില്‍ 18 മുതല്‍ 28വരെയും 29 മുതല്‍ 40 വരെയും രണ്ട് വിഭാഗങ്ങളായി തരം തിരിച്ചാണ് ക്ഷേമപദ്ധതികള്‍ നടപ്പാക്കുക. വര്‍ധിച്ചുവരുന്ന മദ്യാസക്തി കുറക്കുന്നതിന് മദ്യത്തിനും ലഹരി പദാര്‍ഥങ്ങള്‍ക്കും അഞ്ച് ശതമാനം യൂത്ത് സെസ് ഏര്‍പ്പെടുത്തുമെന്നും ഈ പണം യുവജന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിക്കുമെന്നും നയത്തില്‍ വ്യക്തമാക്കുന്നുണ്ട്. യുവാക്കള്‍ക്കിടയില്‍ സ്ത്രീധന വിരുദ്ധ നിലപാടും മിശ്ര വിവാഹവും പ്രോത്സാഹിപ്പിക്കുന്നതിന് നടപടികള്‍ സ്വീകരിക്കും.
തദ്ദേശ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതിയില്‍ നിശ്ചിത ശതമാനം തുക ക്ഷേമപദ്ധതിക്കായി വകയിരുത്തുമെന്നും തദ്ദേശ സ്ഥാപനങ്ങളിലും ഇവയുടെ ഭാഗമായി രൂപവത്കരിക്കുന്ന ജനകീയ സമിതികളിലും യുവജന പങ്കാളിത്തം വര്‍ധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും നയത്തില്‍ പറയുന്നു.
സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി തയാറാക്കി കരട് യുവജനനയം സംസ്ഥാന ജില്ലാതലങ്ങളില്‍ വിളിച്ചുചേര്‍ത്ത 16 ശില്‍പ്പശാലകളില്‍ അവതരിപ്പിച്ചിരുന്നു. ഇതു സംബന്ധിച്ച് ഉയര്‍ന്നുവന്ന നിര്‍ദേശങ്ങളും അഭിപ്രായങ്ങളും അതോടൊപ്പം 2012 ലെ കരട് ദേശീയ യുവജന നയവും പരിഗണിച്ച് പരിഷ്‌കരിച്ച കരട് തയാറാക്കാന്‍ കില ഡയറക്ടറെ ചുമതലപ്പെടുത്തിയിരുന്നു. അദ്ദേഹം തയ്യാറാക്കിയ പുതിക്കിയ കരട് സംബന്ധിച്ച അഭിപ്രായം കൂട്ടിച്ചേര്‍ത്ത് അന്തിമ കരട് തയ്യാറാക്കി സര്‍ക്കാറിന് സമര്‍പ്പിക്കുകയായിരുന്നു. ഇത് സര്‍ക്കാര്‍ പരിശോധിച്ച് യുവജനനയമായി അംഗീകരിക്കുകയായിരുന്നു.
ഇന്നലെ തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ധനമന്ത്രി കെ എം മാണിയാണ് യുവജനയം പ്രകാശനം ചെയ്തത്. മന്ത്രി പി കെ ജയലക്ഷ്മി അധ്യക്ഷത വഹിച്ചു. കുറഞ്ഞത് ആറ് മാസ കാലയളവില്‍ സംസ്ഥാനത്ത് കുടിയേറി താമസിക്കുന്ന മുഴുവന്‍ ഇന്ത്യന്‍ പൗരന്‍മാരെയും യുവജനങ്ങളായി പരിഗണിക്കുന്നുണ്ട്.