Connect with us

Eranakulam

വ്യാജമദ്യം തടയാന്‍ ഹോളോഗ്രാം ലേബലിംഗ് സംവിധാനം കാര്യക്ഷമമാക്കും: മന്ത്രി

Published

|

Last Updated

കൊച്ചി: വ്യാജമദ്യം തടയുന്നതിനായി ബിവറേജസ് കോര്‍പ്പറേഷന്‍ വഴിയുള്ള മദ്യക്കുപ്പികളിലെ ഹോളോഗ്രാം ലേബലിംഗ് സംവിധാനം കാര്യക്ഷമമാക്കുമെന്ന് മന്ത്രി കെ ബാബു. സംസ്ഥാന എക്‌സൈസ് വകുപ്പ് മദ്യത്തിനും മയക്കുമരുന്നിനും എതിരെ നാഷനല്‍ സര്‍വീസ് സ്‌കീമുമായി സഹകരിച്ച് നടത്തുന്ന ബോധവത്കരണ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംവിധാനങ്ങള്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി ഹോളോഗ്രാം ലേബലിംഗ് എക്‌സൈസ് വകുപ്പിന്റെ പൂര്‍ണ നിയന്ത്രണത്തിലാക്കും.
23 സെക്യൂരിറ്റി ഫീച്ചറുകളടങ്ങിയ ഹോളോഗ്രാഫിക് സെക്യൂരിറ്റി ലേബലുകളുടെ ഡിസൈന്‍, പ്രിന്റിംഗ്, വിതരണം അടക്കമുള്ളവ വകുപ്പിന്റെ നിയന്ത്രണത്തിലാക്കും. 80 പുതിയ തസ്തികകള്‍ സൃഷ്ടിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
2002-ല്‍ ഏര്‍പ്പെടുത്തിയ ഹോളോഗ്രാം സംവിധാനത്തില്‍ വകുപ്പിന് ഒരു നിയന്ത്രണവുമുണ്ടായിരുന്നില്ലെന്നും വകുപ്പ് നേരിട്ട് ഇത് അച്ചടിക്കണമെന്നും അക്കൗണ്ടന്റ് ജനറലിന്റെ ശിപാര്‍ശയുണ്ടായിരുന്നതായും അദ്ദേഹം പറഞ്ഞു. 2002ല്‍ സി ഡിറ്റും ബിവറേജസ് കോര്‍പ്പറേഷനും തമ്മില്‍ പത്ത് വര്‍ഷത്തേക്കുള്ള കരാറിന്റെ അടിസ്ഥാനത്തിലാണ് സെക്യൂരിറ്റി ലേബലുകള്‍ നിര്‍മിച്ചിരുന്നത്. അന്ന് 13.86 പൈസക്കാണ് ലേബലുകള്‍ നല്‍കിയികുന്നത്. ഇപ്പോള്‍ ഇതിനാവശ്യമായ മാസ്റ്ററിംഗ ്‌സംവിധാനം സി-ഡിറ്റ് അല്ലെങ്കില്‍ കെല്‍ ട്രോണ്‍ സജ്ജമാക്കും.
23 കെ എസ് ബി സി വെയര്‍ ഹൗസുകളിലും സി സി ടി യു സംവിധാനമേര്‍പ്പെടുത്തും. വിവിധ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സെക്യൂരിറ്റി ലേബല്‍ സംവിധാനങ്ങള്‍ സംബന്ധിച്ച പഠന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അനന്തര നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും മന്ത്രി പറഞ്ഞു. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ഡിഅഡിഷന്‍ സെന്ററുകള്‍ക്ക് എക്‌സൈസ് വകുപ്പ് നാല് കോടി രൂപ ധനസഹായം നല്‍കും. ഇതിനായി സംസ്ഥാന തലത്തില്‍ എക്‌സൈസ് കമ്മീഷണറുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്കരിക്കും. രാജ്യത്ത് ആദ്യമായി പാന്‍മസാല നിരോധിച്ചതും സ്‌കൂളുകളുടെ 400 മീറ്റര്‍ ചുറ്റളവില്‍ പുകയില ഉത്പന്നങ്ങള്‍ നിരോധിച്ചതും സര്‍ക്കാറിന്റെ ലഹരിവിരുദ്ധ നയത്തിന്റെ ഭാഗമാണ്. ചടങ്ങില്‍ ഹൈബി ഈഡന്‍ എം എല്‍ എ അധ്യക്ഷത വഹിച്ചു.