Connect with us

Eranakulam

സ്‌കൂള്‍ പഠനം നിര്‍ത്തിയവരുടെ കഴിവ് പരിപോഷിപ്പിക്കാന്‍ പദ്ധതി

Published

|

Last Updated

കൊച്ചി:സംസ്ഥാന സര്‍ക്കാറിന്റെ ഹയര്‍ എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓട്ടോമേഷന്‍ സാങ്കേതിക വിദ്യയില്‍ സാങ്കേതിക സഹകരണം നടപ്പാക്കുന്നു. ജര്‍മനിയിലെ ബോഷ് റെക്‌സ്‌റോത്ത് എ ജിയുടെ അനുബന്ധ കമ്പനിയായ ബോഷ് റെക്‌സ്‌റോത്ത് ഇന്ത്യയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്.

നേരത്തെ സ്‌കൂള്‍ പഠനം നിര്‍ത്തിയവരുടെ കഴിവിനെ പരിപോഷിപ്പിക്കാനാണ് ഈ പദ്ധതി. റിയല്‍ വര്‍ക്കിംഗ് ടൈം സാഹചര്യങ്ങളില്‍ പ്രവര്‍ത്തിച്ച് അനുഭവ പരിചയം സമ്പാദിക്കാന്‍ ബിരുദധാരികളല്ലാത്ത 300000 വിദ്യാര്‍ഥികള്‍ക്ക് സഹായകമാകും. വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ ഇല്ലാതാക്കാന്‍ നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ എമര്‍ജിംഗ് കേരളയില്‍ അവതരിപ്പിച്ചിരുന്നു. വന്‍കിട കോര്‍പ്പറേറ്റ് ഗ്രൂപ്പുകളുടെ സഹകരണവും എമര്‍ജിംഗ് കേരളയിലൂടെ സര്‍ക്കാര്‍ നേടിയിരുന്നു. ഇതിന്റെ തുടര്‍ നടപടിയെന്നോണമാണ് പദ്ധതി നടപ്പാക്കുന്നത്.
ബോഷ് റെക്‌സ്‌റോത്തുമായി ചേര്‍ന്ന് സര്‍ക്കാര്‍ സംസ്ഥാനത്തെ 16 വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഓട്ടോമേഷന്‍ സാങ്കേതിക വിദ്യകളില്‍ നോളജ് സെന്ററുകള്‍ ആരംഭിക്കും. തുടക്കമെന്ന നിലയില്‍ തിരുവനന്തപുരം എന്‍ജിനീയറിംഗ് കോളജിലും കളമശ്ശേരി ഗവ. പോളി ടെക്‌നിക്കിലുമാണ് ആരംഭിക്കുന്നത്. സെന്റര്‍ ഫോര്‍ എക്‌സലന്‍സ് അല്ലെങ്കില്‍ സെന്റര്‍ ഫോര്‍ കോംപിറ്റന്‍സ് നിലവാരത്തിലുള്ള ഇവ ഓട്ടോമേഷന്‍ സാങ്കേതിക വിദ്യകളില്‍ ആഴത്തിലുള്ള അറിവ് പകര്‍ന്നു നല്‍കും. ഹൈഡ്രോളിക്‌സ്, ന്യൂമാറ്റിക്‌സ്, പി എല്‍ സി കള്‍, സെന്‍സോറിക്‌സ്, മോഷന്‍ ലോജിക് കണ്‍ട്രോളറുകള്‍, സി എന്‍ സി കണ്‍ട്രോള്‍ സിസ്റ്റം, മെക്കാട്രോണിക്‌സ് ആന്‍ഡ് റോബോട്ടിക്‌സ് എന്നിവയില്‍ പരിശീലനം നല്‍കും. ഈ കേന്ദ്രങ്ങളില്‍ ഭാവിയില്‍ പി ജി പ്രോഗ്രാമുകളും ഗവേഷണ പ്രോഗ്രാമുകളും നടത്തുക വഴി പരിശീലനം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് തൊഴില്‍ ലഭ്യത വര്‍ധിക്കും. സ്വകാര്യ-പൊതുമേഖലാ പങ്കാളിത്ത മോഡലിലാണ് ഈ സഹകരണം. ഒരു സെന്റര്‍ ഫോര്‍ എക്‌സലന്‍സ് തയ്യാറാക്കാന്‍ 538 ലക്ഷമാണ് ചെലവ് വരിക. അതേസമയം ഒരു സെന്റര്‍ ഫോര്‍ കോംപിറ്റന്‍സിന് 439 ലക്ഷം ചെലവുണ്ടാകും. കേരള സര്‍ക്കാറും ബോഷ് കമ്പനിയും തമ്മില്‍ ഇന്ന് കൊച്ചിയില്‍ പദ്ധതിയുടെ ധാരണാപത്രത്തില്‍ ഒപ്പുവെക്കും.