മഅ്ദനിക്ക് ജാമ്യം ലഭിച്ചില്ലെങ്കില്‍ ഹര്‍ത്താല്‍ ആചരിക്കും: പി ഡി പി

Posted on: March 5, 2013 6:03 am | Last updated: March 4, 2013 at 11:05 pm
SHARE

കോട്ടയം: പി ഡി പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിക്ക് മകളുടെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ ഇടക്കാല ജാമ്യം ലഭിക്കുന്നതിന് കര്‍ണാടക സര്‍ക്കാര്‍ വിചാരണ കോടതിയില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കില്‍ സംസ്ഥാനത്ത് പി ഡി പി ഹര്‍ത്താല്‍ ആചരിക്കുമെന്ന് വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജ്.
ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കുന്ന കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് കെ ജി ബാലകൃഷ്ണന് ഇന്ന് പി ഡി പി നിവേദനം നല്‍കും.
യു ഡി എഫ് സര്‍ക്കാറും മുസ്‌ലിം ലീഗും മഅ്ദനിക്ക് നീതി ലഭ്യമാക്കുന്ന കാര്യത്തില്‍ സ്വീകരിച്ച നിലപാടുകള്‍ സ്വാഗതാര്‍ഹമാണ്. എന്നാല്‍ ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ജയിലില്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ തയാറായിട്ടില്ല.
കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉള്‍പ്പെടെയുള്ള പണ്ഡിതര്‍ മഅ്ദനിയെ ജയിലില്‍ സന്ദര്‍ശിച്ചതായും സിറാജ് ചൂണ്ടിക്കാട്ടി.