Connect with us

Articles

ഡോക്ടര്‍മാര്‍ പ്രാര്‍ഥിക്കുമ്പോള്‍

Published

|

Last Updated

സ്ഥല-കാല ഭേദങ്ങളെ കടന്നുനില്‍ക്കുന്ന ചില പ്രാര്‍ഥനകളുണ്ട്. മനുഷ്യര്‍ ഒരിക്കലും മറക്കാനിടയില്ലാത്തവ. പലപ്പോഴും തന്നെത്തന്നെ ഓര്‍മിപ്പിക്കുന്ന പ്രതിജ്ഞകളായും അവ മാറാറുണ്ട്. അങ്ങനെയൊരു പ്രാര്‍ഥന പ്രശസ്തമായ ഒരു ആശുപത്രിയില്‍ കണ്ടിട്ടുണ്ട്. അതിപ്രശസ്തനായ ഡോക്ടറുടെ മുറിക്കു പുറത്തെ ചുമരിലാണ് കണ്ടത്. പഠിപ്പ് കൊണ്ടും വൈദഗ്ധ്യം കൊണ്ടും പ്രഗത്ഭനാണ് ഡോക്ടര്‍. കൈപ്പുണ്യംകൊണ്ട് പ്രശസ്തനും. അങ്ങനെയുള്ള ഒരു വലിയ ഡോക്ടറുടെ മുറിയിലേക്ക് കയറുന്ന വാതിലിനു മുകളിലായാണ് പ്രാര്‍ഥനാ വചനങ്ങള്‍ ആലേഖനം ചെയ്ത ഫലകം കണ്ടത്. “ചികിത്സകന്റെ പ്രാര്‍ഥന” എന്നു തന്നെയാണ് തലക്കെട്ട്. അതു കണ്ടപ്പോഴാണ് ശ്രദ്ധിച്ചത്. തലക്കെട്ടിനു കീഴെക്കണ്ടത് ഒരാള്‍ മനമുരുകി മന്ത്രിക്കുന്നതുപോലുള്ള പ്രാര്‍ഥനാ ശകലമാണ്. “”സര്‍വ നിയന്താവായ ദൈവമേ, നീ എന്റെ മനസ്സിന് ഉറപ്പ് തരണേ, എന്റെ കാഴ്ചകള്‍ക്കു തെളിച്ചം തരണേ, എന്റെ ബോധ്യങ്ങള്‍ക്കു വ്യക്തത തരണേ, ദൈവമേ നീ എന്റെ കൈകള്‍ക്ക് കരുത്ത് തരണേ. ഈ രോഗം മാറ്റിക്കൊടുക്കാനുള്ള കഴിവ് എനിക്ക് തരണേ ദൈവമേ””- എന്നാണ് ആ പ്രാര്‍ഥന.

എല്ലാ ഡോക്ടര്‍മാരും ഇങ്ങനെ പ്രാര്‍ഥിക്കാറുണ്ടോ എന്നറിയില്ല. ചികിത്സകര്‍ക്കായി ഇത്തരമൊരു പ്രാര്‍ഥന പ്രചാരത്തിലുണ്ടോ എന്നുമറിയില്ല. പഠിപ്പും പരിശീലനവും കഴിഞ്ഞ് ഇറങ്ങും മുമ്പ് ഡോക്ടര്‍മാര്‍ ഒരു പ്രതിജ്ഞയെടുക്കുന്നതായി കേട്ടിട്ടുണ്ട്. ഒരു പക്ഷേ ആ പ്രതിജ്ഞയില്‍ നിന്നാവാം ഇങ്ങനെയൊരു പ്രാര്‍ഥന ഉരുവം കൊണ്ടത്. അതെന്തോ ആകട്ടെ, ആ പ്രാര്‍ഥനയുടെ ഉറവിടമല്ല പ്രധാനം. ആ പ്രാര്‍ഥന മറക്കാതിരിക്കാന്‍, തന്നെത്തന്നെ എപ്പോഴുമെപ്പോഴും ഓര്‍മിപ്പിക്കാന്‍ എഴുതി പ്രദര്‍ശിപ്പിച്ച ഡോക്ടറുടെ മനസ്സ് പ്രധാനമാണ്.
രോഗം, പീഡ, ചികിത്സ, സാന്ത്വനം, ഭേദം, സൗഖ്യം, സന്തോഷം തുടങ്ങിയ മനുഷ്യാവസ്ഥകള്‍ വെറുമൊരു മനുഷ്യനായ തന്റെ നിയന്ത്രണങ്ങള്‍ക്കും അറിവിനും കരവിരുതിനും അപ്പുറമാണ് എന്ന യഥാര്‍ഥ അറിവില്‍ നിന്നാകാം അദ്ദേഹം അങ്ങനെയൊരു പ്രവൃത്തി ചെയ്തത്. അതിനര്‍ഥം അദ്ദേഹത്തെ സംബന്ധിച്ചു ചികിത്സ ഒരു പ്രാര്‍ഥനയാണ് എന്നത്രെ. “”ഞാന്‍ പ്രാര്‍ഥിക്കുന്നു- സര്‍വ നിയന്താവ് ഭേദമാക്കുന്നു”” എന്ന ചിന്തയാകാം ആ ഡോക്ടറെ നയിക്കുന്നത്. ഒരു പക്ഷേ, അതു തന്നെയാവാം അദ്ദേഹത്തിന്റെ വിജയരഹസ്യവും.
ഈ ഡോക്ടറും അദ്ദേഹത്തിന്റെ ചിന്തയും പ്രാര്‍ഥനാനിര്‍ഭരമായ മനസ്സും ചികിത്സ എന്ന കര്‍മം എത്രമേല്‍ വിശുദ്ധമാണ് എന്നു നമ്മെ ഓര്‍മിപ്പിക്കുന്നുണ്ട്. പക്ഷേ, വിശുദ്ധമായ ഒരു കര്‍മമാണ് തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്ന ഓര്‍മ എല്ലാ ഡോക്ടര്‍മാര്‍ക്കുമുണ്ടോ?
ഈ ചോദ്യമാണ് നമ്മുടെ കാലവും ചുറ്റുപാടും നമ്മുടെ ഡോക്ടര്‍മാര്‍ക്കു മുന്നില്‍ ഉയര്‍ത്തുന്നത്. ഇല്ല എന്ന് തോന്നിപ്പോവുകയാണ് അടുത്തിടെ ആശുപത്രികളില്‍ നിന്നുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍.
നിരന്തര സമരം ഡോക്ടര്‍മാര്‍ക്ക് ഭൂഷണമാണോ? അവര്‍ ചെയ്യുന്ന കര്‍മത്തിന് നിരക്കുന്നതാണോ അത്. സര്‍ക്കാറിനോട് പ്രതിഷേധമുണ്ടാകാം. അതു പ്രകടിപ്പിക്കാതെ നിവൃത്തിയില്ലെന്നു വരാം. മുദ്രാവാക്യം വിളിച്ചാലേ ശ്രദ്ധ കിട്ടൂ എന്നതു നമ്മുടെ നാട്ടുനടപ്പാണല്ലോ. എന്നു കരുതി എല്ലാവരെയും പോലെ തെരുവ്‌സമരത്തിന് ഇറങ്ങേണ്ടവരാണോ ഡോക്ടര്‍മാര്‍?
“”പിന്നെ ഞങ്ങള്‍ എന്തു ചെയ്യണം?”” എന്ന മറു ചോദ്യം ന്യായമായും പ്രതീക്ഷിക്കുന്നുണ്ട്. “”ഞങ്ങളുടെ അവകാശങ്ങള്‍ ഞങ്ങള്‍ക്കു കിട്ടേണ്ടേ?”” എന്നും ചോദിക്കാം. വേണം. കിട്ടണം. എന്നു തന്നെയാണ് മറുപടി. അതിനു നിങ്ങള്‍, ഡോക്ടര്‍മാര്‍ നേരിട്ട് തെരുവില്‍ ഇറങ്ങേണ്ടതില്ലാത്ത ഒരു അവസ്ഥയാണ് ഉണ്ടാകേണ്ടത്.
ഡോക്ടര്‍മാര്‍ക്ക് ഒരു അലോസരവും ഉണ്ടാകാതെ നോക്കണം എന്ന ബോധ്യം സര്‍ക്കാറിനുണ്ടാകണം. അഥവാ, അധികാരികള്‍ അങ്ങനെയൊരു അവസ്ഥയുണ്ടാക്കിയാല്‍ ഡോക്ടര്‍മാര്‍ പ്രതിഷേധിക്കും മുമ്പ് ജനങ്ങള്‍ പ്രതിഷേധിക്കുന്ന ഒരു അന്തരീക്ഷമുണ്ടാക്കണം. “”ഞങ്ങളുടെ ഡോക്ടര്‍മാര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുത്”” എന്ന് ജനങ്ങള്‍ പറഞ്ഞാല്‍ ഒരു സര്‍ക്കാറും ഡോക്ടര്‍മാരുടെ അവകാശങ്ങള്‍ തടഞ്ഞുവെക്കാന്‍ ധൈര്യം കാണിക്കില്ല. ഡോക്ടര്‍മാര്‍ ഞങ്ങളുടെതാണ് എന്ന ബോധ്യം ജനങ്ങള്‍ക്കുണ്ടാകണം.
അതിന് ഒന്നേ വഴിയുള്ളൂ. ചികിത്സ വിശുദ്ധമായൊരു കര്‍മമാക്കി മാറ്റുക. നിങ്ങളുടെ പ്രശ്‌നം നിങ്ങളുടെ രോഗി മാത്രമാണെങ്കില്‍, നിങ്ങള്‍ കഷ്ടപ്പെടുന്നത് നിങ്ങളുടെ മുന്നിലെത്തുന്ന പാവം മനുഷ്യര്‍ക്കു വേണ്ടിയാണെങ്കില്‍, ഈ നാട്ടിലെ മുഴുവന്‍ മനുഷ്യരും ഡോക്ടര്‍മാര്‍ക്കു വേണ്ടി കഷ്ടപ്പെടും. അവര്‍ ഡോക്ടര്‍മാര്‍ക്കു വേണ്ടി സമരം ചെയ്യും. ഉറപ്പ്. പ്രാര്‍ഥനക്കു ഫലം കിട്ടാതെ പോവില്ല.