പരീക്ഷ: പേടിക്കരുത്, പേടിപ്പിക്കരുത്

Posted on: March 4, 2013 7:29 pm | Last updated: March 4, 2013 at 8:12 pm
SHARE

exams

സ്‌കൂളുകളിലും കോളജുകളിലും പരീക്ഷയുടെ നാളുകള്‍ വന്നടുത്തു. വിദ്യാര്‍ഥികളുടെ പേടിസ്വപ്‌നമാണ് പരീക്ഷ. പ്രൈമറി തലം മുതല്‍ ബിരുദാനന്തര കോഴ്‌സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികള്‍ വരെ പരീക്ഷയെ പേടിക്കുന്നു. പരീക്ഷ ഭയന്ന് പഠനരംഗം വിട്ടൊഴിയുന്നവരുമുണ്ട്. ഇത് ഭീരുത്വമാണ്. പലപ്പോഴും രക്ഷിതാക്കളുടെ സമീപനമാണ് കുട്ടികളില്‍ പരീക്ഷാപേടി സൃഷ്ടിക്കുന്നത്. ”തോറ്റ് ഇങ്ങുവാ, അപ്പോള്‍ കാണിച്ചു തരാം”, ”എന്തിനാ പഠിക്കാതെ പരീക്ഷ എഴുതാന്‍ പോകുന്നത്” എന്നിത്യാദിയുള്ള രക്ഷിതാക്കളുടെ കുറ്റപ്പെടുത്തലുകള്‍ കുട്ടികളില്‍ പരീക്ഷാപേടി സൃഷ്ടിക്കുന്നു.

ഒന്നാമനായില്ലെങ്കില്‍ ജീവിതം നശിച്ചത് തന്നെ എന്ന മട്ടിലുള്ള മാതാപിതാക്കളുടെ സംസാരങ്ങളും, ഒരു കുട്ടിയെങ്കിലും തോറ്റു പോയാല്‍ നൂറുമേനി നേട്ടം കൈവരിക്കാനാകില്ലെന്ന് വിലപിക്കുന്ന അധ്യാപകരും വിദ്യാലായ അധികൃതരും വിദ്യാര്‍ഥികളുടെ ആത്മവിശ്വാസത്തെ നിര്‍വീര്യമാക്കുകയാണ് യഥാര്‍ഥത്തില്‍. പഠനവേളയില്‍ കുട്ടികളുടെ അടുത്തിരുന്ന് നിരീക്ഷിക്കുന്ന ചില രക്ഷിതാക്കള്‍, കുട്ടി ഒന്ന് കണ്ണ് ചിമ്മിപ്പോയാല്‍ ഉണരാനായി തലയിലൂടെ വെള്ളമൊഴിക്കാറുണ്ട്. തീരെ കളിക്കാനും ഉല്ലസിക്കാനും അവസരം നല്‍കാതെ വിശ്രമമന്യെ പഠനത്തിന് നിര്‍ബന്ധിച്ച് ക്ഷമകെടുത്തുന്നവരെയും കാണാം. ഇത്തരം സമീപനങ്ങള്‍, കുട്ടികളില്‍ പരീക്ഷയെ അഭിമുഖീകരിക്കാനുള്ള ആത്മവിശ്വാസം ഇല്ലാതാക്കുകയും പരീക്ഷാവേളയില്‍, പഠിച്ചത് തന്നെ എഴുതാന്‍ കഴിയാത്ത സ്ഥിതിവിശേഷം സൃഷ്ടിക്കുകയും ചെയ്യും. മാര്‍ക്ക് കുറഞ്ഞു പോയാല്‍ നാടുവിടുന്നതും ആത്മഹത്യയില്‍ അഭയം തേടുന്നതും ഇത്തരം വിദ്യാര്‍ഥികളാണ്. കുട്ടികള്‍ ഉന്നത വിജയം നേടണമെന്നാഗ്രഹിക്കുന്ന ര ക്ഷിതാക്കള്‍, ഇത്തരം സമീപനത്തില്‍ നിന്ന് മാറി അവരെ സൗമ്യമായി ഉപദേശിക്കുകയും, പ്രോത്സാഹനം നല്‍കുകയുമാണ് വേണ്ടത്.
ഭയക്കാനെന്തിരിക്കുന്നു
ആശങ്കയില്ലാതെ, വിജയത്തെക്കുറിച്ച ശുഭാപ്തി വിശ്വാസത്തോടെയായിരിക്കണം വിദ്യാര്‍ഥികള്‍ പരീക്ഷയെ അഭിമുഖീകരിക്കേണ്ടത്. സാധാരണഗതിയില്‍ ക്ലാസില്‍ അധ്യാപകന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന കുട്ടിക്ക് പരീക്ഷാ ഹാളിലിരിക്കുമ്പോള്‍, അവ ഓര്‍മയിലെത്തുകയും ഉത്തരമെഴുതാന്‍ സാധിക്കുകയും ചെയ്യാറുണ്ട്. അതിനാല്‍ തോല്‍വിയെക്കുറിച്ച ആശങ്ക മാറ്റിവെക്കുക. ക്ലിപ്ത സമയത്തിന് മുമ്പേ തന്നെ പരീക്ഷാ കേന്ദത്തിലെത്തണം. തത്രപ്പെട്ട് മാനസിക പിരിമുറുക്കവുമായി ഓടിക്കിതച്ചെത്തുന്ന കുട്ടികള്‍ക്ക് മനസ്സമാധാനത്തോടെ ചിന്തിക്കാനായെന്ന് വരില്ല.
പരീക്ഷക്ക് വേണ്ടി ഉറക്കമൊഴിച്ച് പഠിക്കുന്നവരാണ് പലരും. ഇത് നല്ലശീലമല്ല. പഠിച്ചത് ഉറയ്ക്കാന്‍ ഉറങ്ങണം. ഉറങ്ങുമ്പോള്‍ എല്ലാ അവയവങ്ങളും പൂര്‍ണ വിശ്രമത്തിലാകും. പഞ്ചേന്ദ്രിയങ്ങളെല്ലാം അടച്ച്, പുറം ശല്യങ്ങള്‍ ഒഴിവാക്കി, പകലത്തെ കാര്യങ്ങളെല്ലാം ക്രമപ്പെടുത്തി ദീര്‍ഘകാല സ്മരണയുടെ ഇടങ്ങളില്‍ സൂക്ഷിക്കുന്ന ഒരു പ്രവര്‍ത്തനം നിദ്രാവേളയില്‍ നമ്മുടെ ഉള്ളില്‍ നടക്കുന്നുണ്ട്. പകലനുഭവങ്ങളെ തരം തിരിച്ച് സൂക്ഷിച്ച് വെക്കുക എന്നത് സാവധാനം നടക്കുന്ന പ്രക്രിയയാണ്. ഇതിന് ഏഴോ എട്ടോ മണിക്കൂര്‍ തുടര്‍ച്ചയായ ഉറക്കം കിട്ടണം.
‘എനിക്ക് കഴിയില്ല’, ‘ഞാന്‍ ജയിക്കില്ല’, ‘ഞാന്‍ പഠിച്ചിട്ട് കാര്യമില്ല’ എന്നിത്യാദി വിചാരങ്ങള്‍ നന്നല്ല. ഉപബോധ മനസ്സിലേക്ക് നാം എന്ത് കൊടുക്കുന്നുവോ, അതായിരിക്കും മനസ്സ് തിരിച്ചു നല്‍കുക. നെഗറ്റീവ് ചിന്തകളാണ് നല്‍കുന്നതെങ്കില്‍, അതിനെയായിരിക്കും പ്രയോഗത്തിലേക്ക് മടക്കി തരിക. ‘എനിക്ക് കഴിയും, ഇത്തവണ ഞാന്‍ കൂടുതല്‍ മാര്‍ക്കോടെ വിജയിക്കും’ എന്ന വിചാരത്തോടെ പഠിക്കുകയും പരീക്ഷയെ അഭിമുഖീകരിക്കുകയും ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്നാണ് മനഃശാസ്ത്ര തത്വം.
പരീക്ഷാ തന്ത്രങ്ങള്‍
– പഠനം തുടങ്ങുമ്പോള്‍ പ്രാര്‍ഥിക്കുക
– എളുപ്പമല്ലാത്ത വിഷയങ്ങള്‍ ആദ്യം പഠിക്കുക.
– അരമണിക്കൂര്‍ ഇടവിട്ട് ശരീരത്തിന് വിശ്രമം നല്‍കുക.
– ഇടവേളകളില്‍ മലര്‍ന്ന്കിടന്ന് എല്ലാ ചിന്തകളും മനസ്സില്‍ നിന്ന് ഒഴിവാക്കുക. കാലുകള്‍ അകറ്റിവെച്ചും കൈപ്പത്തി മലര്‍ത്തി വെച്ചും കണ്ണടച്ചുമായിരിക്കണം കിടത്തം. ഇത് മുഷിച്ചില്‍ മാറാനും ഉന്മേഷം വീണ്ടെടുക്കാനും സഹായിക്കും.
-ഓരോ വിഷയങ്ങള്‍ക്കും ഇത്ര മാര്‍ക്ക് നേടുമെന്ന് എഴുതിയ ചാര്‍ട്ട് റൂമില്‍ തൂക്കിയിടുക. ആത്മവിശ്വാസം വര്‍ധിപ്പിക്കാനിത് സഹായകമാണ്.
– എത്ര സമയം പഠിക്കുന്നുവെന്നതല്ല, ഉള്ള സമയം കാര്യക്ഷമമായി പഠിക്കാന്‍ കഴിയുന്നുണ്ടോ എന്നാണ് നോക്കേണ്ടത്.
– മനഃപാഠമാക്കുന്നത് ആലോചിച്ചും അപഗ്രഥിച്ചും അര്‍ഥമറിഞ്ഞു കൊണ്ടുമാകണം.
-വായിക്കാനൊരുങ്ങുമ്പോള്‍ പ്രധാന പോയന്റുകള്‍ കുറിച്ചു വക്കാനായി ഒരു നോട്ട്ബുക്കും പേനയും അടുത്ത് വേണം.
– മുന്‍ പരീക്ഷാ ചോദ്യങ്ങള്‍ ശേഖരിച്ച് അവ മനസ്സിലാക്കുക.
– പത്രമാസികകളില്‍ വരുന്ന പഠന സഹായികളും നിര്‍ദേശങ്ങളും ശേഖരിക്കുക.
– പാഠങ്ങള്‍ വയിക്കുമ്പോള്‍ ചോദ്യം വരാന്‍ സാധ്യതയുള്ള ഭാഗങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക.
-ദിവസവും പന്ത്രണ്ട് ഗ്ലാസ് വെള്ളം കുടിക്കുക. ശരീരത്തിന് നല്ല ഉന്മേഷം ലഭിക്കും.
– പരീക്ഷാ തലേന്ന് ഉറക്കമൊഴിഞ്ഞുള്ള പഠിത്തം ഒഴിവാക്കുക. നേരത്തെ ഉറങ്ങി നേരത്തെ ഉണര്‍ന്ന് പഠിക്കുകയാണ് കൂടുതല്‍ ഫലപ്രദം.
-പരീക്ഷാ ദിവസങ്ങളില്‍ അമിതാഹാരം ഒഴിവാക്കുക.
– പരീക്ഷക്ക് തൊട്ട് മുമ്പ് പുതിയ പാഠം പഠിക്കുന്നത് ഒഴിവാക്കക. പരീക്ഷാ ഹാളിലേക്ക് കയറുമ്പോള്‍ ഒരു അവസാന മിനിറ്റ് പഠിത്തമുണ്ട്. അതൊന്നും മനസ്സില്‍ തങ്ങി നില്‍ക്കണമെന്നില്ല. ശാന്തമനസുമായി പരീക്ഷാ ഹാളിലേക്ക് പ്രവേശിക്കണം.
-ഹാള്‍ടിക്കറ്റ് നേരത്തെ വാങ്ങി നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കുക.
– പരീക്ഷക്കാവശ്യമായ സാമഗ്രികള്‍ തലേന്ന് തയാറാക്കി വെക്കുകയും പരീക്ഷക്ക് പുറപ്പെടുമ്പോള്‍ അവയെല്ലാം കൈവശമുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യുക
– പരീക്ഷാദിവസം അയവുള്ള പരുത്തി വസ്ത്രം ധരിക്കുക.
– പരീക്ഷക്ക് പുറപ്പെടുന്നതിന് മുമ്പ് ആരുമായും തര്‍ക്കത്തിലേര്‍പ്പെടരുത്. ശാന്ത മനസ്സോടെയായിരിക്കണം പരീക്ഷാ ഹാളിലേക്ക് കടക്കേണ്ടത്.
– മാതാപിതാക്കളുടെയും ഗുരുനാഥന്മാരുടെയും അനുഗ്രഹങ്ങള്‍ തേടുക.
– രാവിലെയും വൈകുന്നേരവും കുളിക്കുക.
– പരീക്ഷ അടുത്ത വേളയില്‍ അപകട സാധ്യതയുള്ള കളികളില്‍ നിന്നും പ്രവൃത്തികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുക.
പരീക്ഷാഹാളില്‍
– ശാന്തമനസ്സോടെ അനുവദിക്കപ്പെട്ട സീറ്റില്‍ ഇരിക്കുക.
-ഒഴുക്കും നിറവുമുള്ള പേന ഉപയോഗിക്കുക.
– ആത്മവിശ്വാസത്തോടെ ചോദ്യപേപ്പറുകള്‍ സ്വീകരിക്കുക. ശ്രദ്ധാപൂര്‍വം അത് വായിച്ചു മനസ്സിലാക്കുക.
– മനസ്സിലാകാത്ത ചോദ്യങ്ങള്‍ സൂപ്പര്‍വൈസറോട് ചോദിക്കുക.
-നല്ല കൈയക്ഷരത്തില്‍ എഴുതുക.
– ഹാള്‍ടിക്കറ്റ് നമ്പര്‍ ഉത്തരക്കടലാസില്‍ തെറ്റ് കൂടാതെ എഴുതുക.
– എളുപ്പമുള്ള ചോദ്യങ്ങള്‍ക്ക് ആദ്യം ഉത്തരമെഴുതുകയും പ്രയാസമുള്ളവ അവസാനത്തേക്ക് മാറ്റി വെക്കുകയും ചെയ്യുക.
– ഉത്തരം എഴുതിക്കഴിഞ്ഞ ചോദ്യങ്ങള്‍ ചോദ്യപേപ്പറില്‍ അടയാളപ്പെടുത്തുക
– ഉപന്യാസമെഴുതാന്‍ സമയമില്ലെങ്കില്‍ പോയന്റുകള്‍ എഴുതുക.
– ഉത്തരം പൂര്‍ണമായി അറിയില്ലെങ്കില്‍ അറിയാവുന്നത് എഴുതുക.
-പരസ്പര ബന്ധമില്ലാത്ത ഉത്തരം എഴുതരുത്.
– പരീക്ഷാഹാളില്‍ ഇടക്കിടെ ശ്വസനപ്രക്രിയ നടത്തുക.
– അനുവദിച്ച സമയത്തിന് പത്ത് മനിറ്റ് മുമ്പെങ്കിലു ഉത്തരങ്ങള്‍ എഴുതിത്തീര്‍ക്കാന്‍ ശ്രദ്ധിക്കണം.
– നേരത്തെ എഴുതിത്തീര്‍ന്നാലും പരീക്ഷക്ക് അനുവദിച്ച സമയം കഴിഞ്ഞ ശേഷം മാത്രം ഹാള്‍ വിടുക.
-ഉത്തരക്കടലാസ് ഒരാവര്‍ത്തി വായിച്ച് തെറ്റുകളുണ്ടെങ്കില്‍ തിരുത്തുക.
– പരീക്ഷ എഴുതിക്കഴിഞ്ഞാല്‍ അതെക്കുറിച്ച് കൂടുതല്‍ ചിന്തിക്കുകയോ ചര്‍ച്ച ചെയുകയോ വേണ്ട. ഉള്ള സമയം അടുത്ത വിഷയം പഠിക്കാന്‍ വിനിയോഗിക്കുക.