Connect with us

Religion

ഇശ്ഖിന്‍ തീരത്തെ ഇഖ്ബാല്‍

Published

|

Last Updated

1937- ലെ ഒരു വേനല്‍ക്കാലം. തന്റെ റൈറ്റിംഗ് റൂമിലിരുന്ന് ഏതോ കവിതയെഴുതുകയാണ് ഇന്ത്യയിലെ ആ പ്രസിദ്ധ ഉര്‍ദുകവി. അതെ, “” സാരേ ജഹാംസെ അച്ഛാ”” എന്ന ദേശസ്‌നേഹം തുളുമ്പുന്ന മനോഹരകാവ്യത്തിലൂടെ ഇന്ത്യന്‍ ജനതയുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിയ, ചിന്തകനും പ്രഭാഷകനും ഗ്രന്ഥകാരനുമൊക്കെയായി “ഹകീമുല്‍ ഉമ്മ” എന്ന മഹനീയ സ്ഥാനത്തേക്കുയര്‍ന്ന ഡോ:അല്ലാമാ മുഹമ്മദ് ഇഖ്ബാല്‍. അതിനിടെ ചില സുഹൃത്തുക്കള്‍ ഇഖ്ബാലിനെ സന്ദര്‍ശിക്കാനെത്തി. വിശേഷങ്ങള്‍ കൈമാറുന്നതിനിടെ ആഗതരിലൊരാള്‍ ചോദിച്ചു. “” ഡോക്ടര്‍ സാബ്! താങ്കളെങ്ങനെയാണ് ” ഹകീമുല്‍ഉമ്മ” എന്ന സ്ഥാനത്തേക്കുയര്‍ന്നത്?”” തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഇഖ്ബാല്‍ അവരോട് പറഞ്ഞു. “” അതൊരു പ്രയാസമുള്ള കാര്യമല്ല. വേണമെങ്കില്‍ നിങ്ങള്‍ക്കും ആ പദവി കൈവരിക്കാവുന്നതേയുള്ളൂ”” “” അതെങ്ങനെ? സുഹൃത്തിന്റെ അതിശയോക്തി കലര്‍ന്ന ചോദ്യത്തിന് ഇഖ്ബാലിന്റെ മറുപടി ഇപ്രകാരമായിരുന്നു. “” ഞാന്‍ ഒരു കോടി തവണ തിരുനബി (സ)യുടെ മേല്‍ സ്വലാത്ത് ചൊല്ലിയിട്ടുണ്ട്. താങ്കളും ഇത്‌പോലെ പ്രവര്‍ത്തിച്ചാല്‍ “ഹകീമുല്‍ഉമ്മ” എന്നല്ല ആഗ്രഹിച്ച ഏത് പദവിയും കൈവരിക്കാനാവും””

ഇന്ത്യാരാജ്യത്തിന്റെയും ഒരുവേള ഉര്‍ദു ഭാഷയുടെയും യശസ്സ് വാനോളമുയര്‍ത്തിയ ഇഖ്ബാലെന്ന മഹാകവിയുടെ പ്രവാചകപ്രേമത്തിന്റെ ചെറിയാരു ഉദാഹരണമാണിത്. തന്റെ എല്ലാ പദവികള്‍ക്കും സ്ഥാനമാനങ്ങള്‍ക്കും പിന്നില്‍ തിരുനബിയുടെ പേരിലുളള സ്വലാത്താണെന്ന് ഉറച്ചു വിശ്വസിക്കുകയും കൂട്ടുകാരോടത് വെട്ടിത്തുറന്ന് പറയുക മാത്രമല്ല പരീക്ഷിച്ചറിയാന്‍ ഉപദേശിക്കുക കൂടി ചെയ്യുമ്പോള്‍ അദ്ദേഹത്തിന്റെ പ്രവാചക സനേഹത്തിന്റെ ആഴം എത്രയായിരിക്കണം!
*** *** ***

Iqbalഇശ്ഖ് അഥവാ പ്രേമം അനിര്‍വ്വചനീയമായൊരു മാനസികാവസ്ഥയാണ.് അതുകൊണ്ട് തന്നെയാകണം ഇശ്ഖില്‍ വീണുപോയവരുടെ മാനസികാവസ്ഥ സാധാരണക്കാരില്‍ നിന്നും വിഭിന്നമായിരിക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ ജീവിക്കുമ്പോള്‍ തന്നെ തങ്ങളുടേതായ സ്വതന്ത്രലോകത്ത് വിഹരിക്കുന്നവരാണവര്‍. തന്റെ പ്രേമഭാജനത്തിനു വേണ്ടി എന്തും സഹിക്കാന്‍ തയ്യാറാകുന്നവര്‍.

ഈ ഇശ്ഖ് നല്ലവരോടാകുമ്പോള്‍ ഇസ്‌ലാമിക ദൃഷ്ട്യാ അത് പുണ്യകര്‍മ്മമായിത്തീരുന്നു. നല്ലവരുടെ വഴികളും ചര്യകളും സ്വാഭാവികമായും നല്ലതായിരിക്കുമല്ലോ. ഇശ്ഖിന്റെ ഇത്തരമൊരു വഴിയാണ് ഇഖ്ബാല്‍ തിരഞ്ഞെടുത്തത് . തിരുനബിയോടുള്ള സ്‌നേഹപ്രകടനങ്ങളിലൊന്നാണല്ലൊ അവിടുത്തെ പേരില്‍ സ്വലാത്ത് വര്‍ധിപ്പിക്കല്‍.
ഒരു ഉര്‍ദുകവി എന്ന നിലയില്‍ മാത്രമേ ഏറെപേരും ഇഖ്ബാലിനെ മനസ്സിലാക്കിയിട്ടുളളു. യഥാര്‍ത്ഥത്തില്‍ ദേശസ്‌നേഹിയായൊരു കവി എന്നതിന് പുറമെ നല്ലൊരു ചിന്തകനും പണ്ഡിതനും പ്രവാചകപ്രേമിയുമായിരുന്നു ഇഖ്ബാലെന്നു അദ്ദേഹത്തിന്റെ കവിതകള്‍ മനസ്സിരുത്തി വായിക്കുന്ന ഏതൊരാള്‍ക്കും ബോധ്യമാകും. തിരുനബിയെ കുറിച്ചും അവിടുത്തെ അനുചരരെ കുറിച്ചുമുള്ള അപദാനങ്ങള്‍ കോര്‍ത്തിണക്കി നിരവധി കവിതകള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ മഹത്വം വര്‍ണ്ണിക്കുന്ന ചിലരെങ്കിലും പ്രതിഭാധനനായ ആ പ്രവാചകസ്‌നേഹിയുടെ ഇശ്ഖ് നിറഞ്ഞ വരികളും നബിയോട് ശിപാര്‍ശ തേടുന്ന ഭാഗങ്ങളും ബോധപൂര്‍വ്വമോ അല്ലാതെയോ വിട്ട് കളയാറുണ്ട്. ഇങ്ങനെയൊരു മുഖം ഇഖ്ബാലിനുണ്ടെന്ന് പറയാന്‍ അവര്‍ക്കെന്തോ വൈമനസ്യം പോലെ.
*** *** ***
1905 സെപ്തംബര്‍ ആദ്യവാരം. ഉന്നത വിദ്യാഭ്യാസത്തിനായി ഇഖ്ബാല്‍ യൂറോപ്പിലേക്ക് കടല്‍മാര്‍ഗം സഞ്ചരിക്കുകയാണ്. കപ്പല്‍ അറേബ്യന്‍ തീരത്ത് കൂടെ കടന്നുപോകവെ ഇഖ്ബാലിന് ഇരിക്കപ്പൊറുതിയില്ലാതായി. എന്തോ അസ്വസ്ഥത ബാധിച്ചത് പോലെ അദ്ദേഹം കപ്പലില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നു കൊണ്ടിരുന്നു. മദീനയില്‍ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യറസൂലിനെ കുറിച്ചുള്ള ചിന്തയായിരുന്നു അസ്വസ്ഥതക്ക് കാരണം. ചിന്താനിമഗ്നതക്കൊടുവില്‍ വികാരഭരിതമായൊരു കവിതാ ശകലം തന്റെ നാവില്‍ നിന്നും പുറത്തേക്കൊഴുകി. “”അല്ലാ റെഖാകെ പാകെ മദീനാ…””
ഇഖ്ബാല്‍ കപ്പലില്‍ വെച്ച് ആലപിക്കുകയും രേഖപ്പെടുത്തുകയും ചെയ്ത പ്രസ്തുത കവിതാശകലങ്ങളുടെ ആശയം മലയളാത്തിലേക്ക് വിവര്‍ത്തനം ചെയതാല്‍ ഇങ്ങനെ സംഗ്രഹിക്കാം! “” ഓ! അറേബ്യയിലെ വിശുദ്ധമണല്‍തരികളേ! നിങ്ങളെത്ര ഭാഗ്യവാന്മാരാണ്. ലോകത്തിനാകമാനം സംസ്‌കാരവും സന്‍മാര്‍ഗവും പഠിപ്പിച്ച, മക്കയില്‍ പിറന്ന, ആ പുണ്യപ്രവാചകന്റെ തിരുശരീരം ഏറ്റുവാങ്ങാനും അതിന്റെ പരിമളം ആവോളമാസ്വദിക്കാനും നിങ്ങള്‍ക്കാണല്ലൊ ഭാഗ്യം ലഭിച്ചത്! ഹസ്‌റത്ത് ബിലാലിന്റെ ശ്രവണ സുന്ദരമയ ആ മധുരബാങ്കൊലി കേട്ട് പുളകമണിഞ്ഞ പവിത്രമായ ഈ മണല്‍പ്പരപ്പില്‍ ഞാനൊരു ചുംബനമര്‍പ്പിച്ചാല്‍ ഈ എളിയവന്റെ ജീവിതത്തിലെ മുഴുവന്‍ പാകപ്പിഴവുകള്‍ക്കും അത് പരിഹാരമാകുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.””
ആശിഖുര്‍റസൂല്‍ ഇമാം ബൂസൂരിയുടെയും ഉമര്‍ഖാസിയുടെയും അഹ്മദ് റസാഖാന്‍ ബറേല്‍വിയുടെയമൊക്കെ വരികളിലെ അതേ ആശയങ്ങളാണ് ഇഖ്ബാലിന്റെ ഈ വരികളിലടങ്ങിയിരിക്കുന്നത്. തിരുനബി കിടക്കുന്ന മണ്ണാണെന്ന കാരണത്താല്‍ മദീനയിലൂടെ ഒട്ടകപ്പുറത്ത് സഞ്ചരിക്കാന്‍ വിമുഖത കാണിച്ച ഇമാം മാലികിന്റെയും, പ്രവാചകരേയും അവിടുത്തെ അഹ്‌ലുബൈത്തിനേയും സനേഹിച്ചതിന്റെ പേരില്‍ ആരെങ്കിലും എന്നെ ആക്ഷേപിച്ചാല്‍ അതിലെനിക്ക് സന്തോഷമേയുള്ളൂവെന്ന് കവിത ആലപിച്ച ഇമാം ശാഫിഇയുടെയും വഴിയെ സഞ്ചരിച്ച ഒരാള്‍! അതാണ് അല്ലാമാ ഇഖ്ബാല്‍!
*** *** ***
പഞ്ചാബിലെ സമ്പന്നനായൊരു നേതാവ് ഒരിക്കല്‍ നിയമപരമായ ചില കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇഖ്ബാലടക്കമുള്ള ചില പണ്ഡിതരെ തന്റെ വീട്ടിലേക്ക് ക്ഷണിച്ചു. രാജകീയ സൗകര്യങ്ങളുള്‍ക്കൊള്ളുന്ന ആ വലിയ വീട്ടില്‍ നേതാവ് തന്റെ അതിഥികള്‍ക്ക് വിഭവ സമ്യദ്ധമായ ഭക്ഷണവും അത്യാധുനിക ആഡംബര വസ്തുക്കളാല്‍ സജ്ജീകരിച്ച മുറികളില്‍ താമസസൗകര്യവും ഒരുക്കി. ഭക്ഷണം കഴിച്ചെന്ന് വരുത്തി സജ്ജീകരിക്കപ്പെട്ട റൂമില്‍ വിശ്രമിക്കാനെത്തിയ ഇഖ്ബാല്‍, അവിടെയുള്ള ആഢംബര വസ്തുക്കളും സുഖലോലപതയും പ്രത്യേകിച്ച് ബെഡില്‍ വിരിച്ച വിലകൂടിയ വിരിപ്പുകള്‍ കണ്ടതോടെ ഇങ്ങനെ ചിന്തിച്ചു: “”ഏതൊരു മഹാനുഭാവനായ പ്രവാചകരുടെ ചെരിപ്പിന്റെ ബറകത്ത് നിമിത്തമാണോ എനിക്ക് ഈ പദവിയെല്ലാം ലഭിച്ചത്, ആ പ്രവാചകപുംഗവര്‍ ഓലപ്പായയില്‍ കിടന്നാണ് ഉറങ്ങിയിരുന്നത്. വിശപ്പിന്റെ കാഠിന്യം മൂലം അവിടുന്ന് വയറ്റില്‍ കല്ല് വെച്ചുകെട്ടുകയുണ്ടായി. എന്നിട്ട് അവിടുത്തെ എളിയ ദാസനായ ഞാന്‍ മുന്തിയ ഭക്ഷണം കഴിച്ച് ഈ സുഖസൗകര്യങ്ങളെല്ലാം ആസ്വദിക്കുകയോ? അദ്ദേഹം വിങ്ങിപ്പൊട്ടി. സങ്കടം സഹിക്കവയ്യാതെ ആ റൂമിനോട് ചേര്‍ന്നുള്ള കുളിമുറിയുടെ സമീപം ചെന്ന് കരയാന്‍ തുടങ്ങി. തുടര്‍ന്ന് സേവകനെ വിളിച്ച് കിടക്കയും വിരിപ്പുമെല്ലാം നീക്കി വെറുംകട്ടില്‍ കുളിമുറിയുടെ ഒരു ഭാഗത്ത് കൊണ്ടിടാന്‍ പറയുകയും അവിടെ കിടന്ന് നേരം വെളുപ്പിക്കുകയും ചെയ്തു. പ്രവാചകര്‍ക്ക് ലഭിക്കാത്ത സൗകര്യങ്ങള്‍ സ്വീകരിക്കാന്‍ തനിക്കര്‍ഹതയില്ലെന്ന് ചിന്തിക്കാന്‍ മാത്രം ഇശ്ഖിന്റെ മാസ്മരികതയില്‍ ലയിച്ച ഇഖ്ബാല്‍ കിസ്‌റയുടെ വളകള്‍ കൈയിലണിയിച്ചപ്പോള്‍; “എന്നെക്കാളും ഉന്നതര്‍ മുമ്പ് കഴിഞ്ഞ് പോയ നബിയും സിദ്ദീഖുമായിരുന്നു, അവര്‍ക്ക് ലഭിക്കാത്തത് എനിക്കെന്തിനെ”ന്ന് ചോദിച്ച് ഖലീഫ ഉമറിനു മുമ്പില്‍ പൊട്ടിക്കരഞ്ഞ സുറാഖത്ത്ബ്‌നു മാലികിന്റെയും ഉഹ്ദ് യുദ്ധത്തില്‍ നബിയുടെ മുന്‍പല്ല് പൊട്ടിയതറിഞ്ഞ് തന്റെ മുന്‍പല്ലുകള്‍ പൊട്ടിച്ചെറിഞ്ഞ് “” എന്റെ ഹബീബായ റസൂലിനില്ലാത്ത പല്ലുകള്‍ എനിക്കിനി വേണ്ട”” എന്നു വിലപിച്ച ഉവൈസുല്‍ ഖര്‍നിയുടെയും പാതയിലൂടെ നടന്ന് നീങ്ങുന്ന ഇഖ്ബാലിനെയാണ് നമുക്കിവിടെ ദര്‍ശിക്കാനാവുക.
ഇശ്ഖിന്റെ രസമറിയാത്ത ചിലര്‍ക്കിതെല്ലാം അരോചകമായി തോന്നുക സ്വാഭാവികമാണ.് അതവരുടെ കുഴപ്പമല്ല. ഇശ്ഖിന്റെ മാസ്മരികലോകത്തെ കുറിച്ചറിയാത്തതിന്റെ കുഴപ്പമാണ്. പണ്ട് ലൈലയുടെ കാമുകന്‍ ഖൈസിനോട് “”ലൈല പോയെങ്കില്‍ പോകട്ടെ, ലൈലയല്ലാത്ത എത്ര സ്ത്രീകളുണ്ട്”” എന്നാരോ പറഞ്ഞപ്പോള്‍ ഖൈസിനത് സഹിക്കാനായില്ലെന്ന് മാത്രമല്ല പറഞ്ഞയാളെ അക്രമിക്കാന്‍ വരെ മുതിര്‍ന്ന ചരിത്രം നാം കേട്ടിട്ടുണ്ട്. അതാണ് ഇശ്ഖിന്റെ ആഴം. ഇശ്ബിന്റെ ലോകമതാണ് പ്രേമഭാജനമായിരിക്കും മറ്റെന്തിനേക്കാളും അവര്‍ക്ക് വലുത്. ഒരു വേള തന്റെ ജീവനേക്കാളും! ആ പ്രേമം പ്രവാചകരോടാവുമ്പോള്‍ അത് വിശ്വാസത്തിന്റെ ഭാഗം കൂടിയാവുന്നു. “”തന്റെ സ്വന്തം മാതാപിതാക്കളെക്കാളും ഭാര്യാ സന്താനങ്ങളെക്കാളും എന്നെ സനേഹിക്കുന്നത് വരെ നിങ്ങളിലൊരാളും പൂര്‍ണ്ണ സത്യവിശ്വാസിയാവുകയില്ലെന്ന നബിവചനത്തിന്റെ പൊരുളും അതാണ്.
*** *** ***
തിരുനബിയോടുള്ള സ്‌നേഹപ്രകടനത്തോടൊപ്പം ഉദ്ദേശ്യപൂര്‍ത്തീകരണത്തിനുള്ള ഫലപ്രദമായൊരു മാര്‍ഗം കൂടിയാണ് സ്വലാത്ത്. രോഗശമനം, ആഗ്രഹസഫലീകരണം പ്രയാസങ്ങളില്‍ നിന്നുള്ള രക്ഷ, നല്ലഅന്ത്യം തുടങ്ങിയവ സ്വലാത്തിന്റെ എണ്ണമറ്റ മഹത്വങ്ങളില്‍ ചിലതാണ്. ഇക്കാര്യം വേണ്ടത് പോലെ മനസ്സിലാക്കിയ പ്രവാചക സനേഹിയായിരുന്നു അല്ലാമാഇഖ്ബാല്‍. തന്റെ സഹോദരി കരീമാബീവിക്ക് ഇഖ്ബാലയച്ച കത്തിലെ ചില വരികള്‍ അതാണ് വ്യക്തമാക്കുന്നത്. അതിങ്ങനെ വായിക്കാം! “”നബിയുടെ പേരിലുള്ള സ്വലാത്ത് അല്ലാഹു മുസ്‌ലിംകള്‍ക്ക് നല്‍കിയ ഒരനുഗ്രഹമാണെന്നാണ് എന്റെ വിശ്വാസം. മുസ്‌ലിംകളുടെ പ്രധാന ആയുധം പ്രാര്‍ഥനയാണ്. പ്രാര്‍ഥന സ്വീകരിക്കപ്പെടുന്നത് സ്വലാത്ത് മുഖേനയുമാണ്. നീ നബിയുടെ പേരില്‍ ധാരാളം സ്വലാത്ത് ചൊല്ലിക്കൊണ്ടിരിക്കണം. സ്വലാത്ത് നിമിത്തം അല്ലാഹു ഈ സമുദായത്തിന്റെ പ്രാര്‍ഥനകള്‍ സ്വീകരിക്കുമെന്നതും അവര്‍ക്ക് മേല്‍ കാരുണ്യം വര്‍ഷിപ്പിക്കുമെന്നതും എത്ര സന്തോഷകരവും അത്ഭുതകരവുമാണ്!””
തിരുനബിയുടെ പേരിലുള്ള സ്വലാത്താണ് തന്റെ വിജയരഹസ്യമെന്ന് ഇഖ്ബാല്‍ തന്റെ നിരവധി കവിതകളില്‍ സൂചിപ്പിച്ചിട്ടുണ്ട്. അദ്ദാഹം തന്റെ സ്വന്തം കൈപ്പടയില്‍ പലര്‍ക്കുമെഴുതിയ കത്തുകളിലും അക്കാര്യം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുണ്ട.്
1938 ജനുവരി 9ന് ലാഹോറില്‍ അല്ലാമാഇഖ്ബാലിനു സ്വീകരണമെന്ന പേരില്‍ “”ഇഖ്ബാല്‍ ദിനം”” സമുചിതമായി ആഘോഷിച്ചിരുന്നു.പ്രസ്തുത പരിപാടിയില്‍ പങ്കെടുക്കുന്നതിനായി പ്രസിദ്ധരും പ്രഗത്ഭരുമായ പണ്ഡിതര്‍ ലാഹോറിലെത്തി. കൂട്ടത്തില്‍ പ്രധാനിയായിരുന്നു ഹസ്‌റത്ത് മുഹമ്മദ് അസ്‌ലം രാജ്പൂരി. ഇഖ്ബാലുമായി അടത്ത ബന്ധ മുണ്ടായിരുന്ന രാജ്പൂരി അവിടെ വെച്ച് തനിക്കുണ്ടായ ഒരനുഭവവം വിവരിക്കുന്നതിങ്ങനെ: “”പരിപാടിയുടെ പിറ്റേ ദിവസം രാവിലെ ഞങ്ങള്‍ അല്ലാമാ ഇഖ്ബാലിനെ സന്ദര്‍ശിക്കുന്നതിനായി അദ്ദേഹത്തിന്റെ വസതിയിലെത്തി. വീട്ടില്‍ ഞങ്ങളെ പ്രതീക്ഷിച്ചിരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ ഒന്‍പത് മണിക്കാരംഭിച്ച ഞങ്ങളുടെ സംസാരം ഉച്ചക്ക് ഒരുമണിവരെ നീണ്ടുനിന്നു. കാലികവും സാമൂഹികവും സദാചാര പരവുമായ നിരവധികാര്യങ്ങള്‍ ഞങ്ങളുടെ ചര്‍ച്ചക്ക് വിഷയീഭവിച്ചു. അവസാനം വളരെ സങ്കടത്തോടെ അദ്ദേഹം ഞങ്ങളോട് പറഞ്ഞു. “”ഞാന്‍ ഈ വര്‍ഷം ഹജ്ജിന് പോകാനുദ്ദേശിച്ചിരുന്നു. രോഗവും ശാരീരികാവശതയും മൂലം വീട്ടില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സ്ഥിതി വിശേഷമാണുള്ളത്. തിരുനബിയുടെ റൗളാശരീഫിലെത്താന്‍ വര്‍ഷങ്ങളായി ഞാനാഗ്രഹിക്കുന്നു. അല്ലാഹു എപ്പോഴാണ് എനിക്കതിനവസരം നല്‍കുകയെന്നറിയില്ല.”” തുടര്‍ന്ന് ഇഖ്ബാല്‍ തന്റെ ഭാവിയാത്രയെ കുറിച്ച് എഴുതിയ ഹൃദയസ്പ്യക്കായ ചില കവിതാ ശകലങ്ങള്‍ ഞങ്ങള്‍ക്ക് മുമ്പില്‍ ആലപിച്ചു. അവയിലൊരു വരിയുടെ ആശയം ഇങ്ങനെയായിരുന്നു. “”നബിയെ! ഞാന്‍ നേടിയ ഏതെല്ലാം സ്ഥാനമാനങ്ങളുണ്ടോ അതെല്ലാം അല്ലാഹുവിന്റെ ഇഷ്ടതോഴനായ അങ്ങയുടെ ലക്ഷോപലക്ഷം ഔദാര്യങ്ങളില്‍ നിന്നൊന്ന് മാത്രമാണ്. അങ്ങ് വിശ്രമിക്കുന്ന മദീനയിലെ മണല്‍ത്തരികളാണ് എന്റെ കണ്ണിനുള്ള ഏറ്റവും മുന്തിയ തരം സുറുമ!””
അസ്‌ലം രാജ്പൂരി പറയുന്നു. “”നബി(സ)യെ കുറിച്ചും അവിടുന്ന് അന്തിയുറങ്ങുന്ന മദീനയെക്കുറിച്ചുമുള്ള പ്രേമപാരവശ്യത്തിന്റെ പ്രണയഗീതങ്ങള്‍ ഇഖ്ബാലിന്റെ നാവില്‍ നിന്ന് നിര്‍ഗളിക്കവെ ഞങ്ങള്‍ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു പോയി. പ്രവാചകസ്‌നേഹവും പ്രതിപത്തിയും ഇത്ര കണ്ട് ഹൃയത്തില്‍ താലോലിക്കുന്ന മറ്റൊരാളെയും ഞാനെന്റെ ജീവിതത്തില്‍ കണ്ടിട്ടില്ല.””
റബീഉല്‍ അവ്വല്‍ മാസത്തോടനുബന്ധിച്ച് പ്രസിദ്ധീകുതമായ “”മീലാദുന്നബി”” എന്ന ലേഖനത്തില്‍ തിരുനബിയുടെ സത്‌സ്വഭാവത്തെക്കുറിച്ചും അത് പിന്തുടരേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അല്ലാമാ ഇഖ്ബാല്‍ എഴുതുന്നു. “”ലോകത്ത് പ്രവാചകത്വത്തിന്റെ പ്രധാന കര്‍ത്തവ്യം സല്‍സ്വഭാവത്തിന്റെ പൂര്‍ത്തീകരണമാണ്.”സല്‍സ്വാഭാവത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് ഞാന്‍ നിയുക്തനായതെ”ന്ന പ്രവാചക വചനം നമ്മെ ബോധ്യപ്പെടുത്തന്നത് അതാണ്. പ്രവാചകരുടെ സല്‍സ്വഭാവത്തെക്കുറിച്ച് പണ്ഡിതന്മാര്‍ ജനങ്ങള്‍ക്ക് പറഞ്ഞുകൊടുക്കണം. ആ മഹനീയ സ്വഭാവങ്ങള്‍ പിന്‍പറ്റാന്‍ ഉദ്‌ബോധിപ്പിക്കുകയും വേണം. ജീവിതത്തിലെ ചെറിയചെറിയ കാര്യങ്ങളില്‍ പോലും നബിയായിരിക്കണം നമ്മുടെ മതൃകാപുരുഷന്‍. ഹസ്‌റത്ത് അബൂയസീദില്‍ ബിസ്ത്വാമിക്ക് ഒരാള്‍ റുമ്മാന്‍ പഴം നല്‍കി. അദ്ദേഹം അത് തിന്നാന്‍ കൂട്ടാക്കിയില്ല. കാരണമന്വേഷിച്ചപ്പോള്‍ മഹാനവര്‍കള്‍ പറഞ്ഞത് “”എനിക്ക് റുമ്മാന്‍പഴം ഇഷ്ടമില്ലാത്തത് കൊണ്ടല്ല ഇത് ഭക്ഷക്കാത്തത്. മറിച്ച് നബി അതെങ്ങനെ കഴിച്ചുവെന്ന് എനിക്കറിയാത്തത് കൊണ്ടാണ്”” (അങ്ങനെ തിന്നുന്ന പക്ഷം അത് സുന്നത്തിനെതിരാവുമല്ലോ). സുന്നത്ത് കര്‍മ്മങ്ങളോടുള്ള മഹാന്മാരുടെ സമീപനവും കാഴ്ചപ്പാടും ഇതായിരുന്നുവെന്ന് നാമോര്‍ക്കണം. അവരുടെ മാര്‍ഗമാണ് നാം പിന്തുടരേണ്ടത്. പക്ഷെ ഇന്ന് നമ്മുടെ സ്ഥിതിയെന്താണ്? വളരെ എളുപ്പത്തില്‍ നിര്‍വ്വഹിക്കാവുന്ന സുന്നത്തുകള്‍ പോലും അവഗണിക്കുന്നു. അതിന്റെ ഫലമാണ് നാം അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും പ്രയാസങ്ങളുമെല്ലാം! നമുക്ക് സുന്നത്തിലേക്ക് മടങ്ങാം, സമാധാനത്തിന്റെയും വിജയത്തിന്റെയും വഴിയിലേക്ക്!”” ഇഖ്ബാല്‍ തന്റെ പ്രവാചകസ്‌നേഹമെന്ന വിചാരധാരയിലേക്ക് അനുവാചകരെ കൈപിടിച്ചാനയിക്കുന്നതാണ് ഇവിടെ കാണാവുന്നത്. ഇഖ്ബാലിന്റെ ഇശ്ഖിന്റെ വ്യാപ്തി മനസ്സിലാക്കാന്‍ എത്രയും ഉപയുക്തമാണ് മേല്‍ സംഭവങ്ങള്‍!

 

Latest