Connect with us

Editors Pick

ആലപ്പുഴയുടെ അറബ് ബന്ധം

Published

|

Last Updated

നൂറ്റാണ്ടുകളുടെ പാരമ്പര്യവും പഴമയും അവകാശപ്പെടാവുന്ന പൗരാണിക നഗരമായ ആലപ്പുഴ വ്യവസായ-വാണിജ്യ കേന്ദ്രമെന്ന നിലയില്‍ കേരളത്തിനകത്തും പുറത്തുമെന്ന പോലെ വിദേശത്തും ഏറെ പ്രശസ്തമാണ്. ദിവാന്‍ രാജാകേശവദാസ് രൂപകല്‍പന ചെയ്ത നഗരത്തിന്റെ പ്രൗഢി നന്നായി മനസ്സിലാക്കിയത് വിദേശികളാകണം. അത്‌കൊണ്ട് തന്നെ അവര്‍ ഈ നഗരത്തെ വിളിച്ചത് പൗരസ്ത്യ വെനീസെന്നാണ്. നഗര മധ്യത്തിലൂടെ സമാന്തരമായ കനാലുകളും അതിലൂടെ ഇടതടവില്ലാതെ നൗകകളും ഒഴുകുന്നത് ആരെയും ആകര്‍ഷിക്കാന്‍ പോന്നതാണ്. നഗരത്തിന്റെ പടിഞ്ഞാറ് അറബിക്കടലും കിഴക്ക് സംസ്ഥാനത്തെ ഏറ്റവും വിസ്തൃതമായ കായല്‍ ജലാശയമായ വേമ്പനാടും അതിര്‍ത്തി തീര്‍ക്കുമ്പോള്‍ ഇവയെ ബന്ധിപ്പിച്ചു കൊണ്ട് ആഴമേറിയ കനാലുകല്‍ കീറി വ്യവസായ വാണിജ്യ സൗകര്യങ്ങള്‍ ഒരുക്കുകയായിരുന്നു ദിവാന്‍ രാജാകേശവദാസ് ആദ്യം ചെയ്തത്. ഇതിനു പിന്നാലെ രാജ്യത്തിനകത്തും പുറത്തുമുള്ള വ്യവസായികളെ ഇവിടേക്ക് ക്ഷണിച്ചുവരുത്തി.
സഞ്ചാരപ്രിയരായ അറബികളുടെ വിഹാര കേന്ദ്രമായിരുന്നു ഒരുകാലത്ത് ആലപ്പുഴ. വിശാലമായ കടപ്പുറം, കപ്പലുകള്‍ തിങ്ങി രാവിനെ പകലാക്കുന്ന ജനത്തിരക്ക് എന്നിവയെല്ലാം അവരെ ആലപ്പുഴയിലേക്ക് ആകര്‍ഷിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്ന ചരക്കുകപ്പലുകള്‍ക്ക് അകമ്പടിയെന്നോണം നൂറുകണക്കിന് പായ്ക്കപ്പലുകളാണ് ഓരോ ദിവസവും ആലപ്പുഴ തീരം ലക്ഷ്യമാക്കി എത്തിയിരുന്നത്.പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള അറബി വംശജരുടേതായിരുന്നു ഇവയെല്ലാം. കേരളത്തിന്റെ പ്രത്യേക ഉത്പന്നങ്ങളായ കാപ്പി, തേയില, ചുക്ക്, കുരുമുളക്, ഏലം തുടങ്ങിയ മലഞ്ചരക്ക് സാധനങ്ങള്‍ ഇടനിലക്കാരില്ലാതെ കൈക്കലാക്കാനാണ് കച്ചവടപ്രിയരായ അറബികളേറെയും കിഴക്കിന്റെ വെനീസ് ലക്ഷ്യമാക്കി പായ്ക്കപ്പല്‍ യാത്ര നടത്തിയിരുന്നത്. നിരന്തര യാത്രക്ക് വിരാമമിട്ട് ഇവിടെ സ്ഥിരതാമസമാക്കിയവരും കൂൂട്ടത്തിലുണ്ട്.
വ്യവസായ-വാണിജ്യ കേന്ദ്രമായി രൂപകല്‍പന ചെയ്യപ്പെട്ട ആലപ്പുഴയിലെ തൊഴില്‍ശാലകള്‍ ലക്ഷ്യമാക്കി ഗുജറാത്തിലെ കഛ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് മുസ്‌ലിം വ്യവസായികളും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വിശിഷ്യാ മലബാര്‍ മേഖലയില്‍ നിന്ന് ആയിരക്കണക്കിന് തൊഴിലാളികളും എത്തിത്തുടങ്ങിയതോടെ ഇവിടെ നിരവധി പള്ളികള്‍ ഉയര്‍ന്നുവന്നു. കനാലിന്റെ ഇരുകരകളും പള്ളികള്‍ നിര്‍മ്മിക്കുന്നതിനായി ദിവാന്‍ മുസ്‌ലിംകള്‍ക്ക് പതിച്ചു നല്‍കുകയായിരുന്നു. അറബികളുടെ നിരന്തര സാന്നിധ്യം ആലപ്പുഴയെ ആത്മീയമായി ഏറെ മുന്നിലാക്കി. വിജ്ഞാനത്തിന്റെ പ്രഭവകേന്ദ്രമമെന്ന് വിശേഷിപ്പിക്കാവുന്ന ഈജിപ്തിലെ അല്‍ അസ്ഹര്‍ ഉള്‍പ്പെടെയുള്ള അത്യുന്നത കലാലയങ്ങളിലെ പ്രമുഖരടക്കം അധ്യാപനം നടത്തിയിട്ടുള്ള മതസ്ഥാപനങ്ങള്‍ ഈ പൗരാണിക നഗരത്തില്‍ പ്രവര്‍ത്തിച്ചിരുന്നുവെന്നത് തന്നെ ആലപ്പുഴയുടെ ഇസ്‌ലാമിക പാരമ്പര്യത്തിന്റെ പ്രകടമായ ഉദാഹരണമാണ്.

snakeboat

നഗരത്തിലെ മുഴുവന്‍ പള്ളികളുടെയും സിരാകേന്ദ്രമായ ശാഫി മുസ്‌ലിം ജമാഅത്തിന്റെ ഭരണച്ചുമതല പതിറ്റാണ്ടുകളോളം തിരുവിതാംകൂര്‍ മഹാരാജാവ് ഏല്‍പിച്ചു നല്‍കിയ മുതവല്ലിക്കായിരുന്നു. ഇദ്ദേഹത്തിന് മജിസ്‌ട്രേറ്റിന്റെ പദവിയും രാജാവ് വകവെച്ച് നല്‍കി. ദീര്‍ഘകാലം ഇതിന്റെ ചുമതല വഹിച്ചിരുന്നത് യമനില്‍ നിന്നെത്തിയ അബൂയാഫിഈ ആയിരുന്നു. ഇസ്‌ലാമിക വിജ്ഞാന ശാഖകളിലഖിലവും അവഗാഹം നേടി പരശ്ശതം പണ്ഡിതരെ വാര്‍ത്തെടുക്കുകയും ദക്ഷിണ കേരളത്തിലാകമാനം അറിയപ്പെടുകയും ചെയ്ത മര്‍ഹൂം അമ്പലപ്പുഴ മുഹമ്മദ് കുഞ്ഞ് മുസ്‌ലിയാരുടേതടക്കം(പല്ലന ഉസ്താദ്)നിരവധി മഹത്തുക്കള്‍ ഈ പള്ളി ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്നു. ജില്ലയിലെ പ്രമുഖ സിയാറത്ത് കേന്ദ്രവുമാണിത്.
ശാഫി മസ്ജിദിന് കീഴിലെ മദ്‌റസത്തുല്‍ മുഹമ്മദിയ്യ, ഹാശിമിയ്യ മദ്‌റസ എന്നിവിടങ്ങളിലാണ് ഈജിപ്തില്‍ നിന്നുള്ള പ്രമുഖ പണ്ഡിതര്‍ അധ്യാപനത്തിനായി എത്തിയത്. ഈജിപ്തില്‍ പ്രസിദ്ധീകരിക്കുന്ന ഏറ്റവും പുതിയ ഇസ്‌ലാമിക വൈജ്ഞാനിക ഗ്രന്ഥം പോലും മദ്‌റസത്തുല്‍ മുഹമ്മദിയ്യയിലെത്തിയിരുന്നു. എല്ലാ രംഗത്തുമെന്ന പോലെയുണ്ടായ അപചയം ഈ മേഖലയെയും ബാധിക്കുകയും മുത്തവല്ലി സ്ഥാനത്തേക്ക് മതബോധം കുറഞ്ഞവര്‍ കടന്നു വരികയും ചെയ്തതോടെ മദ്‌റസത്തുല്‍മുഹമ്മദിയ്യയും ഹാശിമിയ്യ മദ്‌റസയും എന്നെന്നേക്കുമായി അടച്ചുപൂട്ടുകയും ഈജിപ്തില്‍ നിന്നെത്തിയ പണ്ഡിതര്‍ നാടുവിടുകയും ചെയ്തു. ഇതോടെ വിലപ്പെട്ട പല ഇസ്‌ലാമിക ഗ്രന്ഥങ്ങളും സുന്നീ വിരോധികള്‍ വിലക്കുവാങ്ങി കടത്തിക്കൊണ്ട് പോകുകയുമുണ്ടായി.
ആലപ്പുഴയുടെ ചരിത്രത്തില്‍ എടുത്തു പറയത്തക്കതാണ് ലജ്‌നത്തുല്‍ മുഹമ്മദിയ്യയുടെ പ്രവര്‍ത്തനം. നൂറ്റാണ്ടോടടുക്കുന്ന ഇതിന്റെ പ്രവര്‍ത്തന മേഖല നഗരത്തിലൊതുങ്ങുന്നതാണെങ്കിലും മുസ്‌ലിം കേരളം പ്രത്യേകിച്ച് സുന്നീസമൂഹം ഏറെ പ്രതീക്ഷയോടെയാണിതിനെ നോക്കിക്കാണുന്നത്. പ്രവാചക പ്രേമത്തില്‍ ബന്ധിതമായ ഇതിന്റെ പേര് അന്വര്‍ഥമാക്കുന്ന നിലയില്‍ തന്നെയാണ് ലജ്‌നത്തിന്റെ പ്രവര്‍ത്തനങ്ങള്‍. കേരളത്തില്‍ ,പ്രവാചക പ്രേമികളെ അണിനിരത്തി നബിദിന റാലിക്ക് തുടക്കം കുറിച്ചത് ലജ്‌നത്തുല്‍ മുഹമ്മദിയ്യയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പുണ്ടായ ദൗര്‍ഭാഗ്യകരമായ നബിദിനവെടിവെപ്പ് സംഭവമാണ് ലജ്‌നത്തിന്റെ പ്രവര്‍ത്തനം ലോകതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടാനിടയാക്കിയത്. ഇന്ത്യയിലെ അറിയപ്പെട്ട മുസ്‌ലിം നേതാക്കളെല്ലാം തന്നെ ലജ്‌നത്തിന്റെ അതിഥികളായെത്തി നബിദിനപ്രഭാഷണം നടത്തിയിട്ടുണ്ട്. സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ തെക്കന്‍ കേരളത്തിലെ ആദ്യ പ്രഭാഷണത്തിന് വേദിയൊരുക്കിയതും ലജ്‌നത്തുല്‍ മുഹമ്മദിയ്യയായിരുന്നു.
പ്രവാചക കുടുംബത്തിന്റെ സാന്നിധ്യവും അവരോടുള്ള നാട്ടുകാരുടെ അതിരറ്റ സ്‌നേഹവും ആധ്യാത്മിക രംഗത്ത് ആലപ്പുഴക്ക് എന്നും മുതല്‍ക്കൂട്ടാണ്. ഇസ്‌ലാമിക പാരമ്പര്യം കണക്കിലെടുത്ത് മലബാറിലെ പൊന്നാനി രണ്ടാം മക്കയായി അറിയപ്പെടുമ്പോള്‍ ആലപ്പുഴ ജില്ലയുടെ വടക്കേ അറ്റത്തെ മൂന്ന് ഭാഗവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്ന വടുതല ഇതിന് തൊട്ടുപിന്നാലെയുണ്ട്. രണ്ടാം പൊന്നാനിയെന്നാണ് വടുതല ഇപ്പോഴും അറിയപ്പെടുന്നത്.ഇസ്‌ലാമിന്റെ മഹിതമായ പാരമ്പര്യത്തിന്റെ വിളനിലമായിരുന്നു ഈ പ്രദേശം. നിരവധി സയ്യിദ് കുടുംബക്കാര്‍ ഇവിടെ താമസമാക്കിയിരുന്നു. ജില്ലയിലെ ഏറ്റവും വലിയ സാദാത്തുക്കളുടെ മഖാം നിലകൊള്ളുന്ന വടുതല കാട്ടുപുറം പള്ളി മഖാമില്‍, ജീവിതകാലത്ത് തന്നെ നിരവവധി അമാനുഷികതകള്‍ പ്രകടമാക്കിയ ഒട്ടേറെ പുണ്യാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്നു. ജില്ലയുടെ വടുതല പുതിയമാളിയക്കല്‍, പറമ്പില്‍ തുടങ്ങിയ സാദാത്ത് കുടുംബങ്ങള്‍ ഇന്നും ജില്ലക്ക് ആത്മീയ നേതൃത്വം നല്‍കി വരുന്നു. വടുതല, ചന്തിരൂര്‍, പാണാവളളി തുടങ്ങിയ പ്രദേശങ്ങളിലെ ഖാസി സ്ഥാനം ഇന്നും ഈ സാദാത്ത് കുടുംബത്തിലെ കാരണവരായ സയ്യിദ് മുത്തുക്കോയ തങ്ങളാണ് വഹിച്ചു വരുന്നത്.
ഇസ്‌ലാമിക ആധ്യാത്മിക മേഖലക്ക് ഒട്ടേറെ സംഭാവന നല്‍കിയ പ്രദേശമാണ് വടുതല. മുസ്‌ലിംകള്‍ ഭക്ത്യാദരപൂര്‍വ്വം പാരായണം നടത്തുന്ന ബദര്‍ മൗലിദിന്റെ രചയിതാവ് ശൈഖ് അബ്ദുല്‍അസീസ് വടുതല കാട്ടുപുറം പള്ളിയിലെ മുദര്‍രിസായിരുന്നു. ഇവിടെ തന്നെ മുദര്‍രിസായിരുന്ന വടുതല മൂസ മുസ്‌ലിയാരുടെ ബദര്‍ കാവ്യം ഏറെ ശ്രദ്ധേയമാണ്. പ്രമുഖ പണ്ഡിതനായിരുന്ന വടുതല കുഞ്ഞുബാവ മുസ്‌ലിയാര്‍ ഇദ്ദേഹത്തിന്റെ സഹോദരനാണ്. വടുതലയിലെ പ്രമുഖ പണ്ഡിത കുടുംബമായിരുന്നു മൂസ മുസ്‌ലിയാരുടേത്. ആമിനാ ബുക്ക് സ്റ്റാള്‍ പ്രസിദ്ധീകരിച്ച പ്രമുഖ ഇസ്‌ലാമിക വൈജ്ഞാനിക ഗ്രന്ഥമായ ഇമാം ഗസ്സാലിയുടെ “ഇഹ്‌യാഉലൂമിദ്ദീന്റെ” പരിഭാഷകന്‍ പാടൂര്‍ കുഞ്ഞുബാവ മുസ്‌ലിയാര്‍ ഓതിത്താമസിച്ചത് വടുതലയിലായിരുന്നു..ദക്ഷിണകേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് വി എം മൂസ മൗലവി വടുതലയുടെ സന്തതിയും മര്‍ഹൂം കുഞ്ഞുബാവ മുസ്‌ലിയാരുടെ ശിഷ്യനുമാണ്. അറിയപ്പെട്ട പണ്ഡിതനും നിമിഷകവിയുമായിരുന്ന എം കെ അഹ്മദ് മുസ്‌ലിയാര്‍ വടുതലയുടെ ആധ്യാത്മിക രംഗത്ത് അടുത്തിടെ വരെ തിളങ്ങി നിന്നിരുന്നു. ഒരു വര്‍ഷം മുമ്പാണ് അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞത്.വടുതലയുടെ സമീപ പ്രദേശമായ പാണാവള്ളിയെ ആത്മീയ ധന്യമാക്കിയ പ്രമുഖ സൂഫിവര്യന്‍ പാണാവള്ളി യൂസുഫ് ഹാജി ഖാദിരിയ്യ ത്വരീഖത്തിന്റെ ശൈഖ് കൂടിയായിരുന്നു.
ഇദ്ദേഹത്തിന്റെ മകന്‍ എം വൈ അബ്ദുല്ല ദാരിമി നേതൃത്വം നല്‍കുന്ന ദാറുല്‍ഹികം ജില്ലയിലെ ആദ്യത്തെ ദഅ്‌വ കോളജാണ്.ചന്തിരൂരിലെ ഇസ്‌ലാമിക ചൈതന്യം പകര്‍ന്ന മര്‍ഹൂം അബ്ദുല്‍കരീം മുസ്‌ലിയാര്‍ വടുതലയിലെ പ്രമുഖ പണ്ഡിത തറവാട്ടിലെ അംഗമായിരുന്നു. ജില്ലയിലെ ആദ്യ സുന്നീ സ്ഥാപനമായ കായംകുളം മജ്‌ലിസുസ്സഖാഫത്തിസ്സുന്നിയ്യഃ സ്ഥാപകന്‍ മര്‍ഹൂം പി എം അബൂബക്കര്‍ മുസ്‌ലിയാര്‍ വടുതല കുഞ്ഞുബാവ മുസ്‌ലിയാരുടെ പ്രമുഖ ശിഷ്യനും പണ്ഡിത തറവാടായ പൂക്കാട്ട് കുടുംബാംഗവുമാണ്. തെക്കന്‍ കേരളത്തില്‍ അഹ്‌ലുസ്സുന്നയുടെയും സമസ്തയുടെയും സന്ദേശം എത്തിക്കുന്നതില്‍ മുഖ്യപങ്കു വഹിച്ച ആലപ്പുഴ എം എം ഹനീഫ് മൗലവി ഇന്നും ജില്ലയിലെ ഇസ്‌ലാമിക രംഗത്ത് നിറഞ്ഞു നില്‍ക്കുന്നു. സമസ്തയുടെയും സുന്നി സംഘടനകളുടെയും സന്ദേശം തെക്കന്‍കേരളത്തില്‍ ആദ്യമെത്തിയത് ഹനീഫ് മൗലവി മുഖേനയാണ്. സുന്നീ സംഘടനകളുടെ ആദ്യകാല ഓര്‍ഗനൈസറും പിന്നീട് ദീര്‍ഘകാലം സംസ്ഥാന സെക്രട്ടറിയുമായിരുന്ന അദ്ദേഹം ഇപ്പോള്‍ എസ് വൈ എസ് സുപ്രീംകൗണ്‍സില്‍ അംഗമാണ്. എസ് വൈ എസ് ജില്ലാ കമ്മിറ്റിയുടെ പ്രഥമ സംരംഭമായ മണ്ണഞ്ചേരിയിലെ ദാറുല്‍ഹൂദാ ഇസ്‌ലാമിക് കോംപഌക്‌സ് നിലകൊള്ളുന്നത് ഇദ്ദേഹം ദാനം നല്‍കിയ സ്ഥലത്താണ്. സുന്നീ വിദ്യാര്‍ഥി പ്രസ്ഥാനമായ എസ് എസ് എഫിന്റെ ആദ്യത്തെ സംസ്ഥാന ജനറല്‍ സെക്രട്ടറി വടുതല സ്വദേശിയായിരുന്നുവെന്നത് സുന്നീ സംഘടനകളുമായി ഈ ജില്ലക്കുള്ള ബന്ധം വ്യക്തമാക്കുന്നു.
സമസ്തയുടെയും സുന്നീ പ്രസ്ഥാനങ്ങളുടെയും ആദ്യകാല നേതാവും പ്രചാരകനുമായ പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ ആലപ്പുഴ ജില്ലയിലെ തെക്കേ അറ്റത്തെ ഗ്രാമമായ വള്ളിക്കുന്നത്ത് പതിയാരകത്തെ പണ്ഡിത തറവാട്ടിലെ അംഗമായിരുന്നു. ദീര്‍ഘകാലം ഓച്ചിറ പഴയ പള്ളിയിലെ മുദര്‍രിസായിരുന്ന വാഴക്കാടന്‍ മുഹമ്മദ് മുസ്‌ലിയാരുടെ ശിഷ്യനായിരുന്ന പതി അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ മലബാറിലെ സുന്നീ ആശയ പ്രചാരണ കേന്ദ്രങ്ങളിലെ നിറ സാന്നിധ്യവും പുത്തനാശയക്കാരുടെ പേടിസ്വപ്‌നവുമായിരുന്നു. മലബാറായിരുന്നു പതിയുടെ പ്രവര്‍ത്തന കേന്ദ്രം. ഓച്ചിറ പഴയ പള്ളി ഖബര്‍സ്ഥാനില്‍ വന്ദ്യഗുരു വാഴക്കാടന്‍ മുഹമ്മദ് മുസ്‌ലിയാരുടെ ഖബറിനു സമീപമാണ് പതിയുടെ ഖബറിടം.
മദ്‌റസാ വിദ്യാഭ്യാസ പ്രസ്ഥാനത്തിന് ഊടും പാവും നല്‍കുന്നതില്‍ മുഖ്യപങ്കുവഹിച്ച മാന്നാര്‍ ഹാജിയുടെ കുടുംബത്തിന്റെ സേവനം സുന്നികള്‍ക്ക് മറക്കാനാവില്ല.വിദ്യാഭ്യാസ ബോര്‍ഡിന്റെ പ്രവര്‍ത്തനത്തിന് മലബാറില്‍ ആവശ്യമായ സ്ഥലം നല്‍കിയതിനൊപ്പം ചിട്ടയായ സിലബസ് തയ്യാറാക്കിക്കുന്നതിലും ഹാജി വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്. മാന്നാറിലെ അറിയപ്പെട്ട പണ്ഡിതനും മുതവല്ലിയുമായിരുന്ന അബൂബക്കര്‍ ലബ്ബയായിരുന്നു സുന്നികളുടെ ആദ്യ മദ്‌റസാ പാഠപുസ്തകത്തിന് രൂപം നല്‍കിയതെന്നാണ് ലഭ്യമായ രേഖ. നിസ്വാര്‍ഥവും നിഷ്‌ക്കളങ്കവുമായ ഇവരുടെ സേവനങ്ങളെ ഇന്നും സുന്നികള്‍ വിലമതിക്കുന്നു.
ജില്ലയിലെ കായംകുളത്തിന്റെ ഇസ്‌ലാമിക പാരമ്പര്യം ഇന്നും മങ്ങലേല്‍ക്കാതെ കാത്തുസൂക്ഷിക്കാനാവുന്നത് എസ് വൈ എസ് ഉള്‍പ്പെടെയുള്ള സുന്നീ സംഘടനകളുടെ സജീവസാന്നിധ്യം കൊണ്ടാണ്.മുന്‍ മന്ത്രി പി കെ കുഞ്ഞിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ കായംകുളത്തെ, മതരംഗത്തെന്ന പോലെ ഭൗതികരംഗത്തും ഏറെ മുന്നിലെത്തിക്കാന്‍ സഹായകമായിട്ടുണ്ട്. തെക്കന്‍ കേരളത്തിലെ തലയെടുപ്പുള്ള, ഉന്നത നിലവാരം പുലര്‍ത്തുന്ന മീലാദ് ശരീഫ് മെമ്മോറിയല്‍ (എം എസ് എം)ആര്‍ട്‌സ് കോളജ് സ്ഥിതി ചെയ്യുന്നത് കായംകുളത്താണ്. പ്രദേശവാസികളായ മുസ്‌ലിം സമുദായാംഗങ്ങളുടെ ആത്മീയ-ഭൗതിക വിദ്യാഭ്യാസ പുരോഗതിക്ക് പി കെ കുഞ്ഞിന്റെ പിന്‍ഗാമികളും ദീര്‍ഘവീക്ഷണത്തോടെ തന്നെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്.
ആത്മീയ പ്രബോധനം ലക്ഷ്യമാക്കി എത്തിയ നിരവധി മഹാത്മാക്കള്‍ ആലപ്പുഴയില്‍ മറവ് ചെയ്യപ്പെട്ടിട്ടുണ്ട്. രണ്ടര നൂറ്റാണ്ട് മുമ്പ് ആലപ്പുഴയിലെത്തി മതപ്രബോധനരംഗത്ത് സജീവമായ സയ്യിദ് അഹ്മദ് മഹ്ദലി തങ്ങളും(മക്ക),സയ്യിദ് മുത്വലിബ് തങ്ങളും(മക്ക) ഈ ഗണത്തില്‍ പ്രമുഖരാണ്. പുറക്കാട് അറബി സയ്യിദ്(റ) അടക്കം സമീപപ്രദേശങ്ങളിലും നിരവധി അറബികളായ പുണ്യാത്മക്കളുടെ മഖാമുകള്‍ നിലകൊള്ളുന്നുണ്ട്. പശ്ചിമേഷ്യന്‍ രാജ്യങ്ങളുമായുള്ള പൗരസ്ത്യവെനീസിന്റെ അഗാധമായ ബന്ധത്തിന്റെ തിരുശേഷിപ്പുകള്‍ ഒട്ടേറെയുണ്ടെങ്കിലും എല്ലാവരെയും ആകര്‍ഷിക്കുന്നതും നിരന്തരം സ്മരിക്കപ്പെടുന്നതും പുണ്യാത്മാക്കളുടെ മഖാമുകള്‍ തന്നെയാണ്. പൗരാണിക നഗരത്തിന്റെ ഗരിമയും പ്രൗഡിയും എന്നോ മറഞ്ഞെങ്കിലും ഇന്നും ഈ പുണ്യാത്മാക്കളുടെ സവിധങ്ങളില്‍ വിശ്വാസികള്‍ ഒഴുകിയെത്തി ആവലാതികള്‍ ബോധിപ്പിച്ച് പരിഹാരം തേടുന്നു.
വടുതലയിലെ സയ്യിദ് അബ്ദുല്ലാഹിശ്ശാത്വിരി(റ), പറമ്പില്‍ ആറ്റക്കോയാ തങ്ങള്‍ തുടങ്ങിയ സാദാത്തുക്കളുടെ മഖാം, ചേര്‍ത്തലയിലെ ശുഹദാക്കളുടെ മഖാം, പൊന്നാംവെളി പുത്തന്‍കാവ് പള്ളി മഖാം,ചേര്‍ത്തല തൈക്കല്‍ മഖാം, ആര്യാട് ജുമുഅത്ത്പള്ളിയിലെ മഖാം,ആലപ്പുഴ സക്കരിയ്യ ബസാറിലെ സയ്യിദ് മഹ്ദലി തങ്ങള്‍(റ) മഖാം,സയ്യിദ് പൂക്കോയ തങ്ങള്‍ മഖാം, ശാഫി ജമാഅത്തിലെ മുത്ത്വലിബ് തങ്ങള്‍ മഖാം, മണ്ണടി തങ്ങള്‍ മഖാം, പോക്കര്‍ മസ്താന്‍ മഖാം, പല്ലന ഉസ്താദ് മഖാം, പുളിമൂട് ജുമാ മസ്ജിദ് മഖാം, കുന്നുംപുറം ഔലിയാ മഖാം, കുറുക്കന്‍തങ്ങള്‍ മഖാം, മക്കിടുഷാ മസ്ജിദ് മഖാം, ഖാദര്‍ഒലിബാവ മഖാം, പാണ്ടിത്തക്യാവ് മഖാം, മസ്താന്‍ഔലിയ മഖാം,തെക്കേ മഹല്ല് ത്വരീഖ് മസ്താന്‍ മഖാം, പുറക്കാട് അറബിസയ്യിദ് മഖാം,നീര്‍ക്കുന്നം മാവുങ്കല്‍ ഔലിയാ മഖാം, പഴവങ്ങാടി ശുഹദാക്കളുടെ മഖാം, കരുവാറ്റ സാദാത്തുക്കളുടെ മഖാം, കായംകുളം ശഹീദാര്‍ മഖാം, ആദിക്കാട്ടുകുളങ്ങര മഖാം തുടങ്ങി ഒട്ടേറെ സിയാറത്ത് കേന്ദ്രങ്ങള്‍ ജില്ലയിലുണ്ട്. ഇവിടെയെല്ലാം ആയിരക്കണക്കിന് വിശ്വാസികളാണ് ദിനംപ്രതി എത്തുന്നത്. നിരവധി പൗരാണിക മസ്ജിദുകള്‍ ജില്ലയിലുണ്ട്. കഛ്‌മേമന്‍ നൂറാനി ഹനഫി മസ്ജിദ്, ആദിക്കാട്ടു കുളങ്ങര മസ്ജിദ്, ആലപ്പുഴ മക്കിടുഷാ മസ്ജിദ്, വടക്കനാര്യാട് മസ്ജിദ്, വടുതല കോട്ടൂര്‍ ജുമാ മസ്ജിദ് തുടങ്ങിയ പള്ളികള്‍ക്ക് നൂറ്റാണ്ടുകളുടെ ചരിത്രം പറയാനുണ്ട്.