റോഡ് പ്രവൃത്തി ഇഴഞ്ഞു നീങ്ങുന്നു; നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്

Posted on: March 4, 2013 3:48 pm | Last updated: March 4, 2013 at 3:48 pm
SHARE

നിലമ്പൂര്‍: ചുങ്കത്തറ പഞ്ചായത്തിലെ മുട്ടിക്കടവ്-കൊന്നമണ്ണ-വടക്കേകൈറോഡ് പ്രവൃത്തി ഇഴഞ്ഞുനീങ്ങുന്നതിനെതിരെ നാട്ടുകാര്‍ പ്രക്ഷോഭത്തിലേക്ക്. നബാര്‍ഡ് ഫണ്ട് ഉപയോഗിച്ച് ഒരു വര്‍ഷം മുമ്പ് തുടങ്ങിയ പ്രവൃത്തി നാമമാത്രമായാണ് നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ നൂറ് മീറ്റര്‍ നീളം പോലും പൂര്‍ത്തീകരിച്ചിട്ടില്ല. കരിങ്കല്ലും മെറ്റലുകളും റോഡില്‍ ഇറക്കിയെങ്കിലും തുടര്‍ പ്രവര്‍ത്തികളൊന്നും നടന്നിട്ടില്ല.
ഒരു വര്‍ഷം മുമ്പ് പണി തുടങ്ങിയെങ്കിലും കരാറുകാരനെ ഇതുവരെയും കണ്ടിട്ടില്ലെന്നും ചില ദിവസങ്ങളില്‍ ഒന്നോ രണ്ടോ തൊഴിലാളികള്‍ മാത്രമാണ് പ്രവൃത്തി നടത്തുന്നതെന്നും നാട്ടുകാര്‍ പറയുന്നു. ഈ റോഡ് പത്ത് വര്‍ഷമായി തകര്‍ന്നു കിടക്കുകയാണ്. രണ്ട് വര്‍ഷം മുമ്പ് റോഡ് പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. ചുങ്കത്തറയില്‍ നിന്ന് മുട്ടിക്കടവ്-കൊന്നമണ്ണ വഴിയും ചീരക്കുഴിയിലൂടെയും കരുളായിയിലേക്ക് നേരത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയിരുന്നു. മുട്ടിക്കടവ്-കൊന്നമണ്ണ റോഡ് തകര്‍ന്നടിഞ്ഞതോടെ ബസുകള്‍ നിര്‍ത്തിവെക്കുകയായിരുന്നു. ഓട്ടോറിക്ഷയും മറ്റു ടാക്‌സി വാഹനങ്ങളും ഈ റോഡിലൂടെ സഞ്ചരിക്കാന്‍ തയ്യാറാകുന്നില്ല.മറ്റു മാര്‍ഗങ്ങളില്ലാത്തതിനാല്‍ സ്വകാര്യ വാഹനങ്ങള്‍ വളരെ ദുഷ്‌കരമായാണ് സഞ്ചരിക്കുന്നത്. മുട്ടികടവില്‍ നിന്ന് രണ്ട് കിലോമീറ്റര്‍ മാത്രമുള്ള കൊന്നമണ്ണയിലെത്താന്‍ 15 മിനുട്ട് സമയമെടുക്കുന്നതായും ടാക്‌സിവാഹനങ്ങള്‍ക്ക് അമിത വാടക നല്‍കേണ്ടി വരുന്നതായും നാട്ടുകാര്‍ പറയുന്നു. എന്നാല്‍ ഇതുവഴിയുള്ള സര്‍വീസ് ഏറെ നഷ്ടം സംഭവിക്കുന്നതായി ടാക്‌സി ഡ്രൈവര്‍മാരും പറയുന്നു. കഴിഞ്ഞ വര്‍ഷക്കാലത്ത് തകര്‍ന്നടിഞ്ഞ മുട്ടിക്കടവ് കോസ്‌വെയുടെ കൈവരികള്‍ പുനസ്ഥാപിച്ചെങ്കിലും ഒരു ഭാഗത്തും റോഡ് തകര്‍ന്നുകിടക്കുന്നതിനാല്‍ പാലം ഉപയോഗശൂന്യമായി മാറുകയാണ്. സമീപത്തെ കൂട്ടപ്പാടി കടവില്‍ പുതിയ പാലത്തിന് അനുമതി ലഭിച്ചതായി അധികൃതര്‍ അവകാശപ്പെടുന്നുണ്ടെങ്കിലും തുടര്‍ നടപടികളൊന്നും ആയിട്ടില്ല.
പാലം നിര്‍മാണം തുടങ്ങാനും റോഡ് പ്രവര്‍ത്തി പൂര്‍ത്തീകരിക്കാനും അധികൃതര്‍ തയ്യാറായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനൊരുങ്ങുകയാണ് നാട്ടുകാര്‍. ചുങ്കത്തറ പഞ്ചായത്തിലെ നിരവധി പ്രവൃത്തികളും പൂര്‍ത്തീകരിക്കുന്നില്ലെന്നും അധികൃതര്‍ അഭാവം തുടര്‍ന്നാല്‍ വോട്ടെടുപ്പ് ബഹിഷ്‌കരണമടക്കമുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പ് നല്‍കുന്നു.