ആത്മഹത്യാ ശ്രമത്തിനിടെ മരക്കൊമ്പില്‍ കുരുങ്ങിയ യുവാവിനെ രക്ഷപ്പെടുത്തി

Posted on: March 4, 2013 3:44 pm | Last updated: March 4, 2013 at 3:44 pm
SHARE

നരിക്കുനി: കഴുത്തില്‍ തുണി കെട്ടി ആത്മഹത്യക്ക്് ശ്രമിക്കുന്നതിനിടെ പുളിമരത്തിന്റെ കൊമ്പില്‍ തട്ടി അബോധാവസ്ഥയിലായ യുവാവിന് ഫയര്‍ഫോഴ്‌സ് രക്ഷകരായി. കുരുവട്ടൂര്‍ പുല്‍പറമ്പില്‍ ഹരീഷ് (24) നെയാണ് ഫയര്‍ ഫോഴ്‌സ് സംഘം രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച അര്‍ധരാത്രിയോടെയാണ് സംഭവം. വീട്ടുപരിസരത്തെ പുളിമരത്തില്‍ 45 അടി ഉയരത്തില്‍ കയറി താഴേക്ക് ചാടുന്നതിനിടെ കൈയും കാലും മരത്തിന്റെ ശിഖരങ്ങളില്‍ കുടുങ്ങുകയായിരുന്നു.
ശബ്ദം കേട്ട് ഓടിയെത്തിയ വീട്ടുകാര്‍ ഹരീഷ് കഴുത്തില്‍ കുരുക്കുമായി അബോധാവസ്ഥയില്‍ മരക്കൊമ്പില്‍ കുടുങ്ങി നില്‍ക്കുന്നതാണ് കണ്ടത്. ഉടനെ നരിക്കുനി ഫയര്‍‌സ്റ്റേഷനില്‍ വിവരമറിയിച്ചു.
തുടര്‍ന്ന് സ്റ്റേഷന്‍ ഓഫീസര്‍ ടി ജഅ്ഫര്‍ സ്വാദിഖ്, ലീഡിംഗ് ഫയര്‍മാന്‍ എം പി മനോജ്, ഫയര്‍മാന്‍ ഉണ്ണികൃഷ്ണന്‍, ഡ്രൈവര്‍ ഷിജു എന്നിവരും നാട്ടുകാരനായ വേവുകാട്ടില്‍ ബാബുവും ചേര്‍ന്ന് സാഹസികമായി മരത്തില്‍ നിന്ന് ചെയര്‍നോട്ട് വഴി താഴെയിറക്കുകയായിരുന്നു.
രണ്ട് മണിക്കൂറോളം പരിശ്രമിച്ചാണ് യുവാവിനെ രക്ഷപ്പെടുത്തിയത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.