Connect with us

Kozhikode

പരീക്ഷാപേടിക്ക് ഇനി ഗുഡ്‌ബൈ പറയാം

Published

|

Last Updated

കോഴിക്കോട്: പരീക്ഷാപേടിയെയും ഒപ്പം ആശങ്കകളെയും മാനസിക സമ്മര്‍ദത്തെയും തുരത്തിയോടിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെ സമീപിക്കാന്‍ സഹായിക്കുന്ന സര്‍ക്കാറിന്റെ വി ഹെല്‍പ്പ് പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. .ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഉദ്ദേശിച്ചുള്ള പദ്ധതിയാണ് വി ഹെല്‍പ്പെങ്കിലും എസ് എസ് എല്‍ സി വിദ്യാര്‍ഥികള്‍ക്കും വി ഹെല്‍പ്പിന്റെ സഹായം തേടാം.
പദ്ധതിയുടെ ജില്ലാതല സഹായ കേന്ദ്രം ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 21 വരെ സംസ്ഥാനത്തെ 14 ജില്ലകളിലും വി ഹെല്‍പ്പ് സെന്ററുകള്‍ പ്രവര്‍ത്തിക്കും. ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റിന്റെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് അഡോളസന്റ് കൗണ്‍സില്‍ സെല്ലിനു കീഴില്‍ 2011ല്‍ നടപ്പിലാക്കിയ പദ്ധതിയില്‍ എം എസ് ഡബ്ല്യു, സൈക്യാട്രി, സോഷ്യോളജി വിഭാഗങ്ങളിലെ തിരഞ്ഞെടുക്കപ്പെട്ട അധ്യാപകരാണ് കൗണ്‍സലര്‍മാര്‍. രണ്ട് കൗണ്‍സലര്‍മാരാണ് സെന്ററിലുണ്ടാകുക.
തിരുവനന്തപുരത്ത് പരിശീലനം നേടിയ കൗണ്‍സലര്‍മാരായ അധ്യാപകരെ പരീക്ഷാ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജില്ലയില്‍ 78 സൗഹൃദ ക്ലബ്ബുകളും 78 കരിയര്‍ സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. കരിയര്‍ ഗൈഡന്‍സ് സെല്ലിന് കീഴിലും നിരവധി പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. സൗഹൃദ ക്ലബ്ബുകള്‍ വഴി ഓരോ വര്‍ഷവും വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നതിനായി ഓരോ സ്‌കൂളിനും 5500 രൂപ വീതം സംസ്ഥാന സര്‍ക്കാര്‍ ഫണ്ട് നല്‍കുന്നുണ്ട്. പദ്ധതിയുടെ ഭാഗമായി ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ ഡോക്ടര്‍മാരുടെ സേവനം കുട്ടികള്‍ക്ക് ലഭ്യമാണ്. വിവിധ വിഷയങ്ങളില്‍ വിദഗ്ധ ക്ലാസും ലഭിക്കും. മഹിളാ സൗഖ്യം, ഹെല്‍ത്ത് കെയര്‍ സൊസൈറ്റി എന്നിവയുമായി സഹകരിച്ചുള്ള പരിപാടികളും പദ്ധതിയുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കാറുണ്ട്.
പുതിയ പാഠ്യപദ്ധതി കൊണ്ട് വിദ്യാര്‍ഥികളുടെ മാനസിക സമ്മര്‍ദം കുറഞ്ഞിട്ടുണ്ടെങ്കിലും മത്സര പരീക്ഷകളായ മെഡിക്കല്‍, എന്‍ജിനീയറിംഗ് എന്‍ട്രന്‍സുകളുടെ പേരില്‍ കുട്ടികള്‍ ഇപ്പോഴും കടുത്ത സമ്മര്‍ദമനുഭവിക്കുന്നതായി പഠനങ്ങള്‍ പറയുന്നു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും 24 മണിക്കൂറും ഫോണിലൂടെയും 10 മുതല്‍ നാല് വരെ നേരിട്ടും കൗണ്‍സലര്‍മാരുടെ സേവനം തേടാം. സങ്കീര്‍ണമായ പ്രശ്‌നമാണെങ്കില്‍ ഇന്ത്യന്‍ സൈക്ക്യാട്രിക് സൊസൈറ്റിയുടെ കേരള ശാഖയിലെ രണ്ട് ഡോക്ടര്‍മാരുടെ സൗജന്യ സേവനം ലഭിക്കും. ആശങ്കകളെയും മാനസിക സമ്മര്‍ദത്തെയും അകറ്റിനിര്‍ത്തി നല്ലൊരു പരീക്ഷാകാലം സമ്മാനിക്കാന്‍ സഹായിക്കാമെന്ന് വി ഹെല്‍പ്പ് കൗണ്‍സലര്‍മാര്‍ ഉറപ്പുനല്‍കുന്നു.

Latest