Connect with us

International

ഉറക്കത്തിനിടെ യുവാവ് ഭൂമിക്കടിയിലേക്ക്

Published

|

Last Updated

ഫ്‌ളോറിഡ: ഉറങ്ങി ക്കിടന്ന യുവാവ് ഭൂമിക്കടിയിലേക്ക് താഴ്ന്നു. യു എസ് സംസ്ഥാനമായ ഫ്‌ളോറിഡയിലെ സെഫ്‌നറിലാണ് സംഭവം. യുവാവിനെ രക്ഷപ്പെടുത്താന്‍ നടത്തിയ ദിവസങ്ങളോളം നീണ്ട രക്ഷാ പ്രവര്‍ത്തനം അഗ്നിശമന പ്രവര്‍ത്തകര്‍ അവസാനിപ്പിച്ചു. ജെഫ് ബുഷ് എന്ന മുപ്പത്താറുകാരനാണ് നൂറ് അടി താഴ്ചയിലേക്ക് താഴ്ന്ന് പോയത്. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. ജെഫ് കിടന്ന മുറി വന്‍ ശബ്ദത്തോടെ ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോകുകയായിരുന്നുവെന്ന് സംഭവ സമയം വീട്ടിലുണ്ടായിരുന്ന ജെഫിന്റെ സഹോദരന്‍ ജെര്‍മി ബുഷ് വ്യക്തമാക്കി.
ഗര്‍ത്തത്തിലേക്ക് താഴ്ന്ന് പോകുന്നതിനിടെ ജെഫിനെ രക്ഷിക്കാന്‍ ഒരു പാട് ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ജെര്‍മി പറഞ്ഞു. ഉടനെ തന്നെ അഗ്നിശമന ഉദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തു. ആധുനിക സജ്ജീകരണങ്ങളോടെയായിരുന്നു രക്ഷാപ്രവര്‍ത്തനം നടന്നതെങ്കിലും എല്ലാം പരാജയമാകുകയായിരുന്നുവെന്ന് പോലീസ് വക്താവ് അറിയിച്ചു. ഗര്‍ത്തത്തിലേക്ക് റോബോര്‍ട്ടുകളെയും ക്യാമറകളെയും അയച്ചെങ്കിലും ജെഫിനെ കണ്ടെത്താനായില്ലെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാത്രിയും പകലുമായി മൂന്ന് ദിവസത്തെ രക്ഷാപ്രവര്‍ത്തനങ്ങളാണ് ഫലം കാണാതായത്.
അപകടം നടന്ന സ്ഥലം പ്രമുഖര്‍ സന്ദര്‍ശിച്ചു. ഇവിടെ താമസിക്കുന്നത് അപകടകരമാണെന്നും പ്രദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. യുവാവിനെ രക്ഷപ്പെടുത്താന്‍ സാധിക്കാത്തതില്‍ വിഷമമുണ്ടെന്നും ക്യാമറകളില്‍ നിന്നും മറ്റും ഗര്‍ത്തത്തില്‍ ജീവന്റെ ഒരു തുടിപ്പ് പോലും കണ്ടെത്തിയിട്ടില്ലെന്നും യുവാവ് മരിച്ചിട്ടുണ്ടാകുമെന്നാണ് മനസ്സിലാകുന്നതെന്നും രാക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ ബില്‍ ബ്രാക്കെന്‍ അറിയിച്ചു. അപകട കാരണങ്ങളെ കുറിച്ചും മറ്റും കൂടുതല്‍ ഗവേഷണം നടത്താന്‍ വീടും സ്ഥലവും ഉദ്യോഗസ്ഥര്‍ സീല്‍ ചെയ്തു.

---- facebook comment plugin here -----

Latest