പരിശോധന കര്‍ക്കശമാക്കണം

Posted on: March 4, 2013 9:56 am | Last updated: March 5, 2013 at 9:50 am
SHARE

SIRAJ.......അനാസ്ഥയുടെയും സുരക്ഷാ വീഴ്ചയുടെയും പരിണത ഫലമായി കേരളത്തില്‍ പടക്ക നിര്‍മാണശാലകളിലെ പൊട്ടിത്തെറി തുടര്‍ക്കഥയാകുകയാണ്. ഈ പരമ്പരയില്‍ ഏറ്റവും അവസാനത്തെതാണ് പാലക്കാട് ചെര്‍പ്പുളശ്ശേരി പന്നിയംകുറിശ്ശിയിലെത്. അവിടെ സ്‌ഫോടക വസ്തുക്കള്‍ക്ക് തീപ്പിടിച്ചുണ്ടായ പൊട്ടിത്തെറിയില്‍ ഏഴ് ജീവനാണ് കരിഞ്ഞുകത്തിയത്. നാനൂറ് അടി ഉയരത്തിലുള്ള കുന്നിന്‍മുകളില്‍ താത്കാലിക ഷെഡ്ഡില്‍ പ്രവര്‍ത്തിച്ചുവന്ന പടക്കനിര്‍മാണശാലയിലാണ് ദുരന്തമുണ്ടായത്. ഫയര്‍ എന്‍ജിന് പോലും നേരാംവണ്ണം കടന്നു ചെല്ലാനാകാത്ത പ്രദേശം. കണ്‍ട്രോളര്‍ ഓഫ് എക്‌സ്‌പ്ലോസീവ്‌സ് നടത്തിയ പരിശോധനയില്‍ തന്നെ നിയമം ലംഘിച്ചാണ് ഇവിടെ പടക്ക നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഉത്സവ സീസണിലെ ഡിമാന്‍ഡ് കണക്കിലെടുത്ത് വന്‍തോതില്‍ പടക്കങ്ങള്‍ നിര്‍മിക്കുന്നതിന് സൂക്ഷിച്ചിരുന്ന സ്‌ഫോടക വസ്തുക്കള്‍ക്കാണ് തീപ്പിടിച്ചത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഉത്സവ സീസണുകളില്‍ പടക്കശാലാ ദുരന്തം ആവര്‍ത്തിക്കുകയാണ്. 2012 സെപ്തംബര്‍ അഞ്ചിന് കേരളത്തിന്റെ അയല്‍ പ്രദേശവും പടക്കങ്ങളുടെ ഉത്സവ പറമ്പുമായ ശിവകാശിയില്‍ പടക്കങ്ങളുടെ നിര്‍മാണത്തിനിടയിലുണ്ടായ വന്‍ പൊട്ടിത്തെറിയില്‍ 38 പേര്‍ക്ക് ജീവഹാനി നേരിട്ടിരുന്നു. 2011ല്‍ ഫെബ്രുവരി ഒന്നിന് പാലക്കാട് ജില്ലയിലെ തന്നെ ഷൊര്‍ണൂരിനടുത്ത് ത്രാങ്ങാലിയില്‍ പടക്ക നിര്‍മാണത്തിന് സൂക്ഷിച്ചു വെച്ച സ്‌ഫോടക വസ്തു ശേഖരം പൊട്ടിത്തെറിച്ച് 11 പേര്‍ മരിച്ചു. 2013 ജനുവരി 19ന് കൊല്ലം ജില്ലയിലെ മാളൂരില്‍ പടക്കങ്ങള്‍ പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. കഴിഞ്ഞ നാല് കൊല്ലത്തിനിടയില്‍ മൂന്ന് പ്രധാന പടക്ക നിര്‍മാണ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 26 ആണ്. ദുരന്തത്തില്‍ അംഗവൈകല്യവും മറ്റും സംഭവിച്ചവര്‍ ഇതിന്റെ എത്രയോ ഇരട്ടി വരും. എന്നാല്‍ അന്വേഷണ പ്രക്രിയയിലൂടെ വെളിച്ചത്ത് വരാനിരിക്കുന്നതും മുമ്പൊക്കെ സമാന ദുരന്തങ്ങള്‍ ആവര്‍ത്തിച്ചപ്പോള്‍ കണ്ടെത്തിയതുമായ വസ്തുതകള്‍ തന്നെയാണ് അന്വേഷകര്‍ക്ക് മുമ്പില്‍ ഇപ്പോഴും പകല്‍വെളിച്ചമെന്നോണം വ്യക്തമായി കിടക്കുന്നത്.

വെടിക്കെട്ടുകളും പടക്കനിര്‍മാണശാലകളും നടത്താന്‍ സുവ്യക്ത ചട്ടങ്ങളും വ്യവസ്ഥകളുമുണ്ടെങ്കിലും എല്ലാം കാറ്റില്‍ പറത്തുകയാണ്. പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തില്‍ ഉത്തരവാദപ്പെട്ടവര്‍ കണ്ണടക്കുന്നതും വഴിവിട്ടു പ്രവര്‍ത്തിക്കുന്നതുമാണ് കാരണം. ലൈസന്‍സിക്ക് പടക്കവും വെടിമരുന്നും രാസവസ്തുക്കളുമുള്‍പ്പെടെ 15 കി. ഗ്രാം മാത്രം സൂക്ഷിക്കാനാണ് അനുമതിയുള്ളത്. എന്നാല്‍ ഉത്സവ സീസണില്‍ പലപ്പോഴും ടണ്‍കണക്കിന് അത്യന്തം പ്രഹര ശേഷിയുള്ള സ്‌ഫോടക വസ്തുക്കളാണ് പടക്കശാലകളില്‍ സൂക്ഷിച്ചു പോരുന്നത്. ഇവിടങ്ങളില്‍ ആപത്കരമായ സ്ഥിതി ഇന്നും തുടരവെ, പരിശോധനയോ നിരീക്ഷണമോ പേരിന് പോലും നടക്കാറില്ലെന്നതാണ് വസ്തുത.

ത്രാങ്ങാലി ദുരന്തത്തെകുറിച്ച് അന്വേഷിച്ച അഡീഷനല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയകുമാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ഒരാവര്‍ത്തി വായിക്കുകയും ശിപാര്‍ശകള്‍ നടപ്പാക്കാന്‍ തയ്യാറാകുകയും ചെയ്താല്‍ ഒരു പരിധി വരെ ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനാകും.

ഉത്സവ സീസണ് മുന്നോടിയായി പടക്കശാലകളില്‍ കൃത്യമായ പരിശോധന നടത്തുക, സ്‌ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക വിഭാഗത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തുക എന്നീ നിര്‍ദേശങ്ങള്‍ക്കൊപ്പം പോലീസില്‍ പ്രത്യേക വിഭാഗത്തെ ഇതിനായി നിയോഗിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത വെടിക്കോപ്പ് നിര്‍മാണ കേന്ദ്രങ്ങള്‍ അടച്ചുപൂട്ടുകയോ ഇവയുടെ ലൈസന്‍സ് റദ്ദാക്കുകയോ ചെയ്യുക, വന്‍ പ്രഹര ശേഷിയുള്ള പൊട്ടാസ്യം ക്ലോറൈഡ് പോലുള്ള വസ്തുക്കള്‍ സൂക്ഷിക്കാനുള്ള അളവ് പരിമിതപ്പെടുത്തുക, ജില്ലാ കലക്ടര്‍മാരും പോലീസ് സൂപ്രണ്ടുമാരും ആവശ്യമെങ്കില്‍ എക്‌സപ്ലോസീവ്‌സ് കണ്‍ട്രോാളര്‍മാരും പരിശോധനക്ക് നേതൃത്വം നല്‍കുക പടക്കശാലയില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് ആവശ്യമായ പരിശീലനം ലഭ്യമാക്കുക തുടങ്ങിയ ശിപാര്‍ശകളാണ് ജയകുമാര്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചത്.
പച്ചമനുഷ്യര്‍ നിരന്തരം പൊട്ടിത്തെറിക്കുന്ന ദുരവസ്ഥക്ക് പരിഹാരം കാണാന്‍ നിയമപാലകര്‍ കാര്യക്ഷമത പുലര്‍ത്തുകയും വഴിവിട്ട് പ്രവര്‍ത്തിക്കുന്ന പടക്കശാലകള്‍ക്ക് തടയിടുകയും ചെയ്താല്‍ ഇത്തരം ദുരന്തങ്ങള്‍ക്ക് അറുതി വരുത്താനാകും. ഒപ്പം നിയമം ലംഘിക്കുന്നവരെ കണ്ടെത്തി പരമാവധി ശിക്ഷ നല്‍കുകയും ചെയ്യുക. എന്നാല്‍ മാത്രമേ അത്യാഹിതങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കുകയുള്ളൂ.