Connect with us

Malappuram

സംരക്ഷണ ഭിത്തി തകര്‍ത്തു: ചോക്കാട് നാല്‍പ്പത് സെന്റില്‍ വീണ്ടും കാട്ടാനക്കൂട്ടമിറങ്ങി

Published

|

Last Updated

കാളികാവ്: ചോക്കാട് നാല്‍പത് സെന്റില്‍ വീണ്ടും കാട്ടാനക്കൂട്ടം ഇറങ്ങി. ഗിരിജന്‍ കോളനിക്ക് സമീപം ആദിവാസികളുടെ റബ്ബര്‍ തോട്ടത്തിലാണ് കാട്ടാനകള്‍ വീണ്ടും ഇറങ്ങിയത്. വനാതിര്‍ത്തിയില്‍ നിര്‍മ്മിച്ച സംരക്ഷണ ഭിത്തി പൊളിച്ചാണ് കാട്ടാനക്കൂട്ടം തിരിച്ച് കാട്ടിലേക്ക് തന്നെ പോയത്. കൊട്ടന്‍ ചോക്കാടന്‍ മലവാരത്തില്‍ നിന്ന് ഇന്നലെ രാവിലെ ആറരയോടെയാണ് സംഭവം.
അക്രമ കാരിയായ ഒരു ചുള്ളിക്കൊമ്പനും, ഒരു കുട്ടിയാനയുമുള്‍പ്പടെ അഞ്ച് ആനകളാണ് ഉണ്ടായിരുന്നത്. ആദിവാസികളുടെ റബ്ബര്‍ തോട്ടത്തില്‍ ജോലിക്ക് പോയ ടാപ്പിംഗ് തൊഴിലാളികളെ ഓടിച്ച് കോളനിക്കാരുടെ താമസ സ്ഥലത്ത് വരേ കാട്ടാനക്കൂട്ടം എത്തി. ഓടിക്കൂടിയ തൊഴിലാളികളും വനപാലകരും നാട്ടുകാരും ശബ്ദമുണ്ടാക്കിയാണ് കാട്ടാനകളെ തുരത്തിയത്. മതിലിന് ഉയരം കുറവായതാണ് കാട്ടാനകള്‍ വീണ്ടും കോളനിക്ക് സമീപം എത്താന്‍ കാരണമെന്ന് ആദിവാസികള്‍ പറഞ്ഞു.
നാല് മീറ്ററോളം ദൂരത്തില്‍ മതില്‍ തകര്‍ത്തിട്ടുണ്ട്. കാളികാവ് റേഞ്ച് ഓഫീസര്‍ സജികുമാര്‍ രായിരോത്ത് കാട്ടാനകള്‍ സംരക്ഷണ ഭിത്തി പൊളിച്ച ചോക്കാട് നാല്‍പത് സെന്റില്‍ സന്ദര്‍ശിച്ചു. കോളനിക്കാരുടേയും നാട്ടുകാരുടേയും ആവശ്യം ഉയര്‍ന്ന ഉദ്യോഗസ്ഥരെ അറിയിക്കുമെന്നും ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു

 

Latest