ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ജലത്തിനായി രോഗികളുടെ നെട്ടോട്ടം

Posted on: March 3, 2013 1:08 pm | Last updated: March 3, 2013 at 1:08 pm
SHARE

കല്‍പകഞ്ചേരി : കടുങ്ങാത്തുകുണ്ടില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ആയൂര്‍വ്വേദ ആശുപത്രിയിലെ മോട്ടോര്‍ തകരാറിലായതോടെ രോഗികള്‍ ദുരിതത്തില്‍.
കിണറില്‍ ആവശ്യത്തിന് വെള്ളമുണ്ടെങ്കിലും ഒരാഴ്ചയോളമായി കേടുവന്ന മോട്ടോര്‍ നന്നാക്കാന്‍ വേണ്ട നടപടി സ്വീകരിക്കാത്ത അധിക്യതരുടെ നിലപാട് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. വെള്ളം ലഭിക്കാത്തതിനാല്‍ ടോയ്‌ലറ്റുകള്‍ വൃത്തിഹീനമായി കിടക്കുകയാണ്. രോഗിയുടെ കൂടെ നില്‍ക്കുന്നവര്‍ സമീപത്തെ വീടുകളില്‍ ചെന്ന് വെള്ളം കൊണ്ടുവന്നാണ് ആവശ്യത്തിനായി ഉപയോഗിക്കുന്നത്. കൂടെ ആളില്ലാതെ നില്‍ക്കുന്ന രോഗികള്‍ കൂടുതലുള്ള ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുന്ന ഇത്തരത്തില്‍പ്പെട്ടവരായ രോഗികള്‍ക്ക് വെള്ളം ലഭിക്കാത്തത് കാരണമുണ്ടാകുന്ന പ്രയാസം ഇരട്ടിയോളമാണ്.
വെള്ളം ലഭിക്കാത്തത് കാരണം ചികിത്സ പൂര്‍ത്തിയാക്കാതെ ആശുപത്രി വിടുന്ന രോഗികളും ഏറി വരികയാണ്. 50 ബെഡുകളുള്ള ആശുപതിയില്‍ 38 രോഗികളാണ് ഇപ്പോള്‍ കിടത്തി ചികില്‍സയിലുള്ളത്. ദിനംപ്രതി 250 ഓളം പേര്‍ ഇവിടെ ചികിത്സ തേടിയെത്തുന്നുണ്ട്. കിടത്തി ചികിത്സക്ക് ആവശ്യമായ 50 ബെഡുകള്‍ ഇവിടെ ഉണ്ടെങ്കിലും മതിയായ സ്റ്റാഫ് പാറ്റേണ്‍ ഈ ആശുപത്രിയിലില്ല .പഞ്ചകര്‍മ്മ തെറാപിസ്റ്റുമില്ല. ലക്ഷങ്ങള്‍ മുടക്കി വാങ്ങിയ എക്‌സറേ യൂണിറ്റ് റേഡിയോ ഗ്രാഫര്‍ തസ്തിക അനുവദിക്കാത്തതിനാല്‍ രോഗികള്‍ക്ക് ഉപകാര പ്രദമാകാതെ കിടക്കുകയാണ് .ആശുപത്രിയിലെ കുടിവെള്ള പ്രശ്‌നം പരിഹരിക്കാനും മറ്റു സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും അടിയന്തിര നടപടി സ്വീകരിക്കണമെന്ന് സി പി എം വളവന്നൂര്‍ ലോക്കല്‍ കമ്മറ്റി യോഗം ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം പൊതു ജനങ്ങളെ രംഗത്തിറക്കി പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും യോഗം മൂന്നാറിയിപ്പ് നല്‍കി ടി കെ മൊയ്തീന്‍ ഹാജി അധ്യക്ഷത വഹിച്ചു.